സിംല: ബി.ജെ.പിയും കോണ്‍ഗ്രസും അഭിമാനപ്പോരാട്ടം നേരിടുന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. പ്രാഥമിക കണക്കനുസരിച്ച് 74 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പോളിംഗ് സമയം അവസാനിച്ചതിന് ശേഷം കനത്ത മഞ്ഞുവീഴ്ച ഹിമാചലില്‍ റിപ്പോര്‍ട്ട് ചെയ്തു.
68 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന് മികച്ച പ്രതികരണമാണ് വോട്ടര്‍മാരില്‍ നിന്ന് ലഭിച്ചത്. 337 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ചിലയിടങ്ങളില്‍ വോട്ടിംഗ് യന്ത്രം തകരാറായത് ഒഴിച്ചാല്‍ തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. 58 വോട്ടിംഗ് യന്ത്രങ്ങളും 102 വി.വി.പാറ്റ് സംവിധാനങ്ങളും തെരഞ്ഞെടുപ്പിനിടെ മാറ്റേണ്ടതായി വന്നു.
മുഖ്യമന്ത്രി വിരഭദ്ര സിംഗ് റാംപുരിലും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയും ഹിമാചലിലെ മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധുമാൽ സമിർപുരിലും വോട്ടു ചെയ്തു. ഇന്ത്യയുടെ ആദ്യ വോട്ടറായ ശ്യാം സരണ്‍ നേഗി കിനൗര്‍ മണ്ഡലത്തില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. സിംലയിലാണ് ഏറ്റവുമധികം വോട്ടിംഗ് രേഖപ്പെടുത്തിയത്.
മുഖ്യമന്ത്രി വീരഭദ്ര സിംഗിന്‍റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ നയിച്ച വമ്പന്‍ റാലികളായിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ആകര്‍ഷണങ്ങള്‍. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒപ്പം 42 സീറ്റുകളില്‍ ബി.എസ്.പിയും മത്സരരംഗത്തുണ്ട്.