ഹൈദരാബാദ് ഏറ്റുമുട്ടല്‍: വീണ്ടും ചര്‍ച്ചയായി വി.സി സജ്ജനാര്‍!!

ഹൈദരാബാദ് കൂട്ട ബലാത്സംഗ കേസില്‍ പ്രതികളായ 4 പേരെയും വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ 

Last Updated : Dec 6, 2019, 01:03 PM IST
  • പോലീസ് വാഹനങ്ങള്‍ക്ക് നേരെ പുഷ്പവൃഷ്ടിയും കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് പാലഭിഷേകവും സംസ്ഥാനത്ത് നടക്കുന്നുണ്ട്!!
  • ഇന്ന് പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടല്‍ കൊലയില്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ് വി.സി സജ്ജനാര്‍ എന്ന പോലീസ് കമ്മീഷണറുടെ സാന്നിധ്യം!!
ഹൈദരാബാദ് ഏറ്റുമുട്ടല്‍: വീണ്ടും ചര്‍ച്ചയായി വി.സി സജ്ജനാര്‍!!

ഹൈദരാബാദ്: ഹൈദരാബാദ് കൂട്ട ബലാത്സംഗ കേസില്‍ പ്രതികളായ 4 പേരെയും വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ 

പോലീസിനെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പോലീസിന്‍റെ ഒഫീഷ്യല്‍ സൈറ്റുകളില്‍ ഉള്‍പ്പെടെ അഭിനന്ദന പ്രവാഹമാണ്. 

പോലീസ് വാഹനങ്ങള്‍ക്ക് നേരെ പുഷ്പവൃഷ്ടിയും കേസന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് പാലഭിഷേകവും സംസ്ഥാനത്ത് നടക്കുന്നുണ്ട്!!

ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ലൈംഗികമായി ആക്രമിച്ച കേസിലെ എല്ലാ പ്രതികളെയും വെടിവെച്ചു കൊന്ന സംഭവം രാജ്യത്ത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പ്രതികള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുവെങ്കിലും വിചാരണയ്ക്ക് പോലും കാത്ത് നില്‍ക്കാതെ പോലീസ് സ്വീകരിച്ച നടപടി വിമര്‍ശനവും നേരിടുന്നുണ്ട്.

കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ തെളിവെടുപ്പിനെത്തിച്ച പ്രതികള്‍ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മുഹമ്മദ് ആരിഫ്, ശിവ, നവീന്‍, ചെല്ല കേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.

പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും നീതി വൈകരുതെന്നും ആവശ്യപ്പെട്ട് വൻ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെയാണ് ഏറ്റുമുട്ടൽ കൊല നടക്കുന്നത്. നാലു പ്രതികളെയും പരസ്യമായി വെടിവെച്ചു കൊല്ലണമെന്നായിരുന്നു പാര്‍ലമെന്‍റിൽ ജയ ബച്ചൻ എം പി ഉയര്‍ത്തിയ ആവശ്യം. ഇതിനു പിന്നാലെയാണ് പ്രതികളെ പോലീസ് കൊലപ്പെടുത്തിയത്.

എന്നാല്‍, ഇന്ന് പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടല്‍ കൊലയില്‍ വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ് വി.സി സജ്ജനാര്‍ എന്ന പോലീസ് കമ്മീഷണറുടെ സാന്നിധ്യം!! 

വാറങ്കൽ ആസിഡാക്രമണക്കേസ് പ്രതികളെ കൊലപ്പെടുത്തിയ പോലീസ് സംഘത്തെ നയിച്ച എസ്പി വി.സി സജ്ജനാര്‍ ആണ് ഹൈദരാബാദ് പീഡനക്കൊലപാതകവും അന്വേഷിച്ചത്. മുന്‍പും ഏറ്റുമുട്ടല്‍ കൊലകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള ഉദ്യോഗസ്ഥനാണ് വി.സി സജ്ജനാര്‍. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ പേരില്‍ അദ്ദേഹം നടത്തിയ രണ്ടാമത്തെ ഏറ്റുമുട്ടല്‍ കൊലയാണ് ഇത്. 

2008ല്‍ ആസിഡ് ആക്രമണകേസിലെ പ്രതികളായ മൂന്നുപേരെ പോലീസ് വെടിവെച്ചു കൊല്ലുമ്പോള്‍ ഇദ്ദേഹം വാറങ്കല്‍ പോലീസ് കമ്മീഷണറായിരുന്നു. കേസില്‍ പ്രതികളായ ശ്രീനിവാസ്, ഹരികൃഷ്ണ, സഞ്ജയ് എന്നിവരെയാണ് പോലീസ് വെടിവെച്ചു കൊന്നത്.

മൂവരും കക്കാടിയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു. പെണ്‍കുട്ടി ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. ഇതിന് പിന്നാലെയാണ് യുവാക്കള്‍ പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡൊഴിച്ചത്. 
സംഭവത്തില്‍ അറസ്റ്റിലായ യുവാക്കളെ പോലീസ് വെടിവച്ചുകൊല്ലുകയായിരുന്നു. 

2008ലെ വാറങ്കലിലെ ഏറ്റമുട്ടൽ കൊലപാതകവും വെള്ളിയാഴ്ച പുലര്‍ച്ചെ ഹൈദരാബാദിൽ ദേശീയപാത 44ന് സമീപം ദിശ കൊലപാതകക്കേസിലെ പ്രതികളുടെ കൊലപാതകവും തമ്മിൽ ഏറെ സമാനതകളുണ്ട്. 2008ലെ സംഭവത്തിലും പ്രതികളെ വാറങ്കൽ ടൗണിനു സമീപം സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു കൊലപാതകം. 

Also read: യുപി, ഡല്‍ഹി പോലീസ് ഹൈദരാബാദ് പോലീസിനെ കണ്ട് പഠിക്കണം: മായാവതി

1996 ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് വി.സി സജ്ജനാര്‍. നിലവില്‍ സൈബരാബാദ് പോലീസ് കമ്മീഷറായ സജ്ജനാറിന് ഐ.ജിയുടെ റാങ്കാണുള്ളത്. 

ആന്ധ്രപ്രദേശ് വിഭജനത്തിന് മുന്‍പ് സംസ്ഥാന പോലീസ് സേനയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ സജ്ജനാര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിഭജനത്തിന് ശേഷം തെലങ്കാന കേഡറിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. തെലങ്കാനയിലെ മാവോയിസ്റ്റ്-നക്‌സല്‍ ബാധിത മേഖലകളില്‍ സജ്ജനാറിനാണ് ചുമതല.

തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികള്‍ സ്വയരക്ഷയ്ക്കായി പോലീസ് നടത്തിയ പ്രത്യാക്രമണത്തിനെ കൊല്ലപ്പെട്ടെന്ന് മാത്രമാണ് സംഭവത്തില്‍ പോലീസ് നല്‍കുന്ന വിശദീകരണം. തെലങ്കാന സര്‍ക്കാരോ പോലീസോ ഇതിനപ്പുറം കൂടുതൽ വിശദീകരണങ്ങള്‍ നല്‍കിയിട്ടില്ല. എന്നാൽ ഇരുകേസുകളിലും അന്വേഷണം നയിച്ച എസ് പി വി.സി സജ്ജനാരുടെ പേരാണ് ചര്‍ച്ചയാകുന്നത്.

വെറ്ററിനറി ഡോക്ടറായ യുവതിയെ 27ന് ബുധനാഴ്ച രാത്രിയാണ് നാലംഗ സംഘം കൂട്ട ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഹൈദരാബാദ്-ബംഗളൂരു ദേശീയ പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

 

Trending News