ജീവിച്ചിരുന്നെങ്കില്‍ ഗാന്ധി ആര്‍എസ്എസ് സേവകന്‍ ആകുമായിരുന്നു!

ഗാന്ധിജിയുടെ ആശയങ്ങള്‍ രാജ്യത്ത് നടപ്പാക്കുന്നത് തങ്ങളാണെന്ന് നേരത്തെ ആര്‍എസ്എസ് അവകാശപ്പെട്ടിരുന്നു.  

Last Updated : Oct 6, 2019, 12:42 PM IST
ജീവിച്ചിരുന്നെങ്കില്‍ ഗാന്ധി ആര്‍എസ്എസ് സേവകന്‍ ആകുമായിരുന്നു!

ജയ്പൂര്‍: ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ ആര്‍എസ്എസ് സേവകന്‍ ആകുമായിരുന്നുവെന്ന് ബിജെപി നേതാവും രാജസ്ഥാനിലെ മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന വാസുദേവ് ദേവനാനി.

മഹാത്മ ഗാന്ധിയുടെ സ്വപ്നങ്ങള്‍ ബിജെപി സര്‍ക്കാര്‍ നടപ്പാക്കി കൊണ്ടിരിക്കുകയാണെന്നും എല്ലാവര്‍ക്കും ഗ്യാസ് കണക്ഷനുകള്‍ നല്‍കിയും ശുചിമുറികള്‍ നിര്‍മിച്ചും ഇത് മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിജിയുടെ ആശയങ്ങള്‍ രാജ്യത്ത് നടപ്പാക്കുന്നത് തങ്ങളാണെന്ന് നേരത്തെ ആര്‍എസ്എസ് അവകാശപ്പെട്ടിരുന്നു. പശുസംരക്ഷണം, ഭാഷാ പ്രോത്സാഹനം തുടങ്ങിയ ഗാന്ധിജിയുടെ ആശയങ്ങളാണ് സംഘടന പിന്തുടരുന്നതെന്ന് മുഖപത്രമായ ഓര്‍ഗനൈസറിലൂടെ ആര്‍എസ്എസ് വ്യക്തമാക്കിയിരുന്നു.

ഓര്‍ഗനൈസറില്‍ ജോയിന്‍റ് ജനറല്‍സെക്രട്ടറി മന്‍മോഹന്‍ വൈദ്യ എഴുതിയ ലേഖനത്തിലാണ് ഗാന്ധി അനുകൂല നിലപാട് ആര്‍എസ്എസ് വ്യക്തമാക്കിയത്. 

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചിലര്‍ ഗാന്ധിജിയുടെ പേര് ദുരുപയോഗം ചെയ്യുന്നുവെന്നും എന്നാല്‍ ഗാന്ധിയുടെ ആദര്‍ശങ്ങള്‍ യഥാര്‍ത്ഥത്തില്‍ പിന്തുടരുന്നത് ആഎസ്എസാണെന്നും അദ്ദേഹം തന്‍റെ ലേഖനത്തില്‍ കുറിച്ചിട്ടുണ്ട്.

മാത്രമല്ല ഹൈന്ദവതയോടുള്ള ഗാന്ധിജിയുടെ അടുപ്പവും, താല്‍പര്യവും നിഷേധിക്കാനാവില്ലയെന്നും താന്‍ തീവ്രഹിന്ദുവാണെന്ന് ഗാന്ധിജി പറയുമായിരുന്നുവെന്നും മന്‍മോഹന്‍ വൈദ്യ തന്‍റെ ലേഖനത്തിലൂടെ അവകാശപ്പെടുന്നുണ്ട്.

എന്നാല്‍ ഗാന്ധിജിയുടെ കാല്‍പ്പാടുകളെ പിന്തുടരാന്‍ ആര്‍എസ്എസിന് ആകില്ലെന്ന് സോണിയ ഗാന്ധി പറഞ്ഞു.

Trending News