ഡല്‍ഹി: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആഹ്വാനം ചെയ്ത മെഡിക്കല്‍ ബന്ദ് പിന്‍വലിച്ചു. വിവാദ മെഡിക്കൽ കമ്മീഷൻ ബില്ല് സ്റ്റാന്റിംഗ് കമ്മിറ്റിയ്ക്ക് വിടാൻ തയ്യാറാണെന്ന് കേന്ദ്രം പ്രതികരിച്ചതിന് പിന്നാലെയാണ് ഐ എം എ നിലവിലെ സമര പരിപാടികൾ നിർത്തിയത്. രാജ് ഭവനിലെ അനിശ്ചിതകാല നിരാഹാരം ഐഎംഎ അംഗങ്ങള്‍ അവസാനിപ്പിച്ചു.
വിഷയത്തില്‍ തീരുമാനം സെലക്ട് കമ്മിറ്റിയ്ക്ക് വിട്ട കേന്ദ്രസര്‍ക്കാര്‍ ബജറ്റ് സമ്മേളനത്തിന് മുമ്പ് റിപ്പോർട്ട് നൽകണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആയുര്‍വേദം സിദ്ധ ഹോമിയോ എന്നിവയില്‍ ബിരുദം നേടിയവര്‍ക്ക് ബ്രിഡ്ജ് കോഴ്‌സ് പാസായാല്‍ അലോപ്പത്തി ചികിത്സയ്‌ക്കും അനുമതി നല്‍കുന്ന മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലാണ് ഇന്ന് ലോക്ഭയില്‍ വിശദമായ ചര്‍ച്ച നടന്നത്. രാവിലെ ആരംഭിച്ച സമരം രോഗികളെ ദുരിതത്തിലാക്കിയിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്കരിച്ചാണ് സമരത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇത് കാരണം പല രോഗികള്‍ക്കും ചികിത്സ വൈകി. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ രാവിലെ എട്ടിനും പത്തിനുമിടയില്‍ സമരത്തില്‍ പങ്കെടുത്തു. പിഎച്ച്‌എസി മുതല്‍ ജില്ലാ ജനറല്‍ ആശുപത്രി വരെയുള്ള ഡോക്ടര്‍മാര്‍ രാവിലെ ഒമ്പത് മുതല്‍ പത്ത് വരെ ഒപിയും വാര്‍ഡും ബഹിഷ്കരിച്ചു. അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു.