ന്യൂഡല്‍ഹി: ദോക് ലായിലെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചൈനയുടെ ശ്രമത്തെത്തുടര്‍ന്ന് ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ക്ക് ശമനമായെന്ന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം.
ഇരുരാജ്യങ്ങളും ഇവിടെ നിന്നും സൈനികരെ പിന്‍വലിക്കുന്നതു സംബന്ധിച്ച് ധാരണയിലെത്തി. കഴിഞ്ഞ രണ്ട് മാസക്കാലമായി ഇരുരാജ്യങ്ങളുടെയും സൈനികര്‍ യുദ്ധസമാനമായ രീതിയില്‍ നിലകൊള്ളുകയായിരുന്നു.
ഇന്ത്യയും ചൈനയും ദിവസങ്ങളായി നടന്നു വന്ന നയതന്ത്രതല ചര്‍ച്ചകളാണ് സേനാ പിന്മാറ്റത്തിന് വഴിവച്ചത്. സൈനികരുടെ പിന്മാറ്റം ഇതിനോടകം തന്നെ ആരംഭിച്ചുവെന്നും തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ സൈനിക പിന്മാറ്റം പൂര്‍ത്താകുമെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ജൂണ്‍ 16നാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഡോക് ലാ മേഖലയില്‍ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ചൈന റോഡ് നിര്‍മാണം നടത്താന്‍ ശ്രമിച്ച മേഖല ഇന്ത്യ, ഭൂട്ടാന്, ടിബറ്റ് മേഖലയില്‍ വരുന്നതാണ്. ഇപ്പോള്‍ ചൈനയുടെ നിയന്ത്രണത്തിലുള്ള ഇവിടെ നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതില്‍ ഭൂട്ടാന് സര്‍ക്കാരും ചൈനയെ പ്രതിഷേധം അറിയിച്ചിരുന്നു.