ന്യൂഡല്‍ഹി: രാവിലെ 7.30ന് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തി തലസ്ഥാനത്തെ സ്വാതന്ത്ര്യദിന പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമിട്ട പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു.
രാജ്യം പ്രതീക്ഷയോടെ കാത്തിരുന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ എല്ലാ മേഘലകളെയും പ്രതിപാദിക്കാന്‍ അദ്ദേഹം ശ്രദ്ധ കാട്ടി. ജമ്മു-കശ്മീര്‍ പുനസംഘടനയെത്തുടര്‍ന്ന് പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണങ്ങള്‍ക്ക് പ്രധാനമന്ത്രി എന്ത് മറുപടി നല്‍കുമെന്നായിരുന്നു രാജ്യം ഉറ്റുനോക്കിയത്.
എന്നാല്‍, പ്രധാനമന്ത്രിയുടെ ഇന്നത്തെ പ്രസംഗത്തില്‍നിന്നും എടുത്തുപറയേണ്ട മുഖ്യ പ്രതിപാദ്യ വിഷയം സേനകളുടെ ഏകോപനമാണ്. സേനകളുടെ ഏകോപനത്തിനായി പ്രതിരോധ മേധാവിയുടെ പുതിയ തസ്തിക അദ്ദേഹം ഇന്നത്തെ പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.
സേനകള്‍ തമ്മിലുള്ള ഏകോപനം കൂടുതല്‍ മെച്ചപ്പെടുത്താന്‍വേണ്ടിയാണ് പ്രതിരോധ മേധാവി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്-സിഡിഎസ്) നിയമിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
"സുരക്ഷാസേനകള്‍ നമ്മുടെ അഭിമാനമാണ്. സേനകള്‍ തമ്മിലുള്ള ഏകോപനം കൂടുതല്‍ മെച്ചപ്പെടുത്താന്‍, ഞാന്‍ ഇന്നൊരു പ്രധാന തീരുമാനം പ്രഖ്യാപിക്കുകയാണ്. ഇന്ത്യക്ക് ഇനിമുതല്‍ "ചീഫ് ഓഫ് ഡിഫന്‍സ്" ഉണ്ടാകും. ഇത് സേനകളെ കൂടുതല്‍ ശക്തമാക്കും" പ്രധാനമന്ത്രി പറഞ്ഞു.
കര, നാവിക, വ്യോമ സേനാ മേധാവികള്‍ക്ക് മുകളിലായിരിക്കും പുതിയ പ്രതിരോധ മേധാവിയുടെ പദവി. ഇത് പ്രാബല്യത്തിലാകുന്നതോടെ ഫലത്തില്‍ മൂന്നു സേനാ വിഭാഗങ്ങള്‍ക്കും കൂടി ഒരു പൊതുതലവന്‍കൂടി രാജ്യത്ത് ഉണ്ടാകും.
തന്‍റെ പ്രസംഗത്തില്‍, സർക്കാർ നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കുമെന്ന് ഉറപ്പു നല്‍കിയ പ്രധാനമന്ത്രി പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ് തന്‍റെ സർക്കാർ ലക്ഷ്യമിടുന്നത് എന്നും അഭിപ്രായപ്പെട്ടു.