സ്വദേശി നിര്‍മിതമായ പുനരുപയോഗിക്കാവുന്ന ആദ്യ സ്പേസ് ഷട്ടിൽ പരീക്ഷണ വിക്ഷേപണം വിജയകരം: ഐഎസ്ആര്‍ഒ

Last Updated : May 23, 2016, 07:04 PM IST
 സ്വദേശി നിര്‍മിതമായ പുനരുപയോഗിക്കാവുന്ന ആദ്യ സ്പേസ് ഷട്ടിൽ പരീക്ഷണ വിക്ഷേപണം വിജയകരം: ഐഎസ്ആര്‍ഒ

ഇന്ത്യന്‍ ബഹിരാകാശ മേഖലയില്‍ വന്‍കുതിച്ചുചാട്ടം. സ്വന്തമായി നിര്‍മ്മിച്ച്‌ പുനരുപയോഗിക്കാവുന്ന ആദ്യ സ്പേസ് ഷട്ടിൽ പരീക്ഷണ വിക്ഷേപണം വിജയകരമെന്ന്  ഐഎസ്ആര്‍ഒ.ഇന്ന് രാവിലെ ഏഴുമണിക്കായിരുന്നു വിക്ഷേപണം. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നാണ് റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ (ആര്‍എല്‍വി ടിഡി) വിക്ഷേപിച്ചത്. ഭൂമിയുടെ ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിച്ച ശേഷം തിരിച്ച് അന്തരീക്ഷത്തില്‍ പ്രവേശിച്ച് വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലാണ് ആര്‍എല്‍വി ടിഡി നിര്‍മിച്ചിരിക്കുന്നത്.

ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ ബൂസ്റ്റര്‍ റോക്കറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന വിമാന മാതൃകയിലുള്ള വാഹനത്തിന്‍റെ (ആര്‍.എല്‍.വി ടി.ഡി) വിക്ഷേപണത്തിന് ഇന്ത്യ ഇന്നലെ തയാറെടുത്തിരുന്നു.  12 വര്‍ഷം മുമ്പാരംഭിച്ച പദ്ധതിയാണ് ഇപ്പോള്‍ പരീക്ഷണവിജയം നേടിയിരിക്കുന്നത്.  ഇത് പരീക്ഷണാര്‍ത്ഥമുള്ള വിക്ഷേപണമാണ്. പൂര്‍ണതോതിലുള്ള പുനരുപയോഗ വിക്ഷേപണ വാഹനം 2030ഓടെ  സാധ്യമാകുമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍.

അതിന്‍റെ ആദ്യ ഘട്ടം എന്ന രീതിയിലാണ്‌ പരീക്ഷണം നടത്തിയത്. ഖര ഇന്ധനം ഉപയോഗിക്കുന്ന ഒന്‍പത് ടണ്‍ ഭാരമുള്ള ബൂസ്റ്റര്‍ റോക്കറ്റിന് മുകളിലിരുന്ന് 70 കിലോമീറ്റര്‍ മുകളിലേക്കും പിന്നീട് അതില്‍നിന്ന് വിഘടിച്ച് ശബ്ദത്തെക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ മുന്‍ നിശ്ചയിച്ച പാതയിലൂടെ ബംഗാള്‍ ഉള്‍ക്കടലിലെ സാങ്കല്‍പ്പിക റണ്‍വേയിലേക്ക് തിരികെ പതിക്കുകയും ചെയ്യമ്പോള്‍ പരീക്ഷണത്തിന്‍റെ ആദ്യ ഘട്ടം പൂര്‍ത്തിയാകും.

പരീക്ഷണ വാഹനത്തിന് 6.5 മീറ്റര്‍ നീളവും 1.75 ടണ്‍ ഭാരവുമാണ് ഉള്ളതെങ്കില്‍ പൂര്‍ണതോതിലുള്ള പുനരുപയോഗ വിക്ഷേപണ വാഹനത്തിന് 32 മീറ്റര്‍ നീളവും 72 ടണ്‍ ഭാരവുമാണുണ്ടാവുക. ഇപ്പോള്‍ വിക്ഷേപിച്ച പരീക്ഷണ വാഹനം 70 കിലോമീറ്റര്‍ മുകളില്‍ നിന്നാണ് ഭൗമാന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിച്ചതെങ്കില്‍ യഥാര്‍ഥ വിമാനാകൃതിയിലുള്ള വാഹനത്തിന്‍റെ പുനഃപ്രവേശം 100 കിലോമീറ്റര്‍ മുകളില്‍ നിന്നായിരിക്കും. ശബ്ദത്തെക്കാള്‍ 25 മടങ്ങ് വേഗതയാണ്പൂര്‍ണതോതിലുള്ള പുനരുപയോഗ വിക്ഷേപണ വാഹനത്തിന് പ്രതീക്ഷിക്കുന്നത്.

മുന്‍നിര ബഹിരാകാശ ഏജന്‍സികള്‍ പോലും കോടികള്‍ മുടക്കി പരീക്ഷിച്ച് ഏറെ പരാജയപ്പെട്ട പദ്ധതിയാണ് ഐഎസ്ആര്‍ഒ വളരെ കുറഞ്ഞ ചെലവില്‍ പരീക്ഷിക്കാന്‍ പോകുന്നത്. പരീക്ഷണങ്ങള്‍ വിജയകരമായാല്‍ ബഹിരാകാശ വിക്ഷേപണവുമായി ബന്ധപ്പെട്ട ചെലവുകളില്‍ 10 മടങ്ങോളം കുറവുവരും. യു.എസിലെ പേരുകേട്ട ബഹിരാകാശ ഏജന്‍സിയായ നാസ 2011ലാണ്  അവസാനമായി സ്‌പേസ് ഷട്ടില്‍ വിക്ഷേപിച്ചത്. ആ വിക്ഷേപണത്തോടെ അവര്‍ ആ പദ്ധതി തന്നെ നിര്‍ത്തലാക്കിയിരുന്നു.

നെയ്യാറ്റിന്‍കര സ്വദേശിയായ ശ്യാം മോഹനാണ് ആര്‍.എല്‍.വിടി.ഡി.യുടെ പ്രോജക്ട് ഡയറക്ടര്‍.2011ലാണ് ശ്യാം മോഹനാണ് ആര്‍.എല്‍.വിടി.ഡി.യുടെ പ്രോജക്ട് ഡയറക്ടറായത്. 2004 ല്‍ ദൗത്യത്തിന് അംഗീകാരവും ലഭിച്ചു.

 

 

Trending News