ന്യൂഡല്‍ഹി: ഗോതമ്പുപൊടിയില്‍ പ്ലാസ്റ്റിക് അടങ്ങിയതായുള്ള വ്യാജപ്രചരണങ്ങള്‍ക്കെതിരെ പ്രമുഖ ആട്ടാ നിര്‍മ്മാതാക്കളായ ആശീര്‍വാദ് നിയമനടപടിക്ക് ഒരുങ്ങുന്നു. ആശീര്‍വാദ് ആട്ടയില്‍ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്ന് അവകാശവാദം ഉന്നയിച്ച് വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെയാണ് ഐടിസിയുടെ നടപടി.
ഐടിസിയുടെ പരാതിയില്‍ കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവടങ്ങളില്‍ ഇതിനോടകം എഫ്.ഐ.ആര്‍ ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലും പരാതി നല്‍കാനാണ് കമ്പനിയുടെ തീരുമാനം.
സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തില്‍ പശ്ചിമ ബംഗാളിലെ ഒരു സ്വകാര്യ ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു. പിന്നീട്, നിരവധി ചാനലുകള്‍ വീഡിയോ സംപ്രേഷണം ചെയ്തു. ഇതിനെത്തുടര്‍ന്നാണ് ഐടിസി പരാതി നല്‍കിയത്.
ആശീര്‍വാദ് ആട്ട ഭക്ഷ്യയോഗ്യമാണെന്ന് ഐടിസി ഡിവിഷണല്‍ ചീഫ് എക്സിക്യൂട്ടീവ് ഹേമന്ത് മാലിക് വ്യക്തമാക്കി. പ്ലാസ്റ്റിക് എന്ന രീതിയില്‍ വീഡിയോയില്‍ കാണിക്കുന്നത് ഗോതമ്പ് പ്രോട്ടീന്‍ ആണെന്നും ഇക്കാര്യം ഭക്ഷ്യവകുപ്പ് വിശദമാക്കിയതാണെന്നും ഹേമന്ത് മാലിക് അറിയിച്ചു.