മധ്യസ്ഥ ചര്‍ച്ച വിജയം, ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

ജൂണ്‍ 11 മുതല്‍ നടന്നു വരുന്ന ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള മധ്യസ്ഥ ചര്‍ച്ച വിജയം കണ്ടു.

Last Updated : Jun 17, 2019, 06:42 PM IST
മധ്യസ്ഥ ചര്‍ച്ച വിജയം, ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

ന്യൂഡല്‍ഹി: ജൂണ്‍ 11 മുതല്‍ നടന്നു വരുന്ന ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള മധ്യസ്ഥ ചര്‍ച്ച വിജയം കണ്ടു.

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഞങ്ങള്‍ തൃപ്തരാണ്, എന്‍ആര്‍എസില്‍ എത്തിയ ശേഷം സമരം പിന്‍വലിക്കുന്നതായി പ്രഖ്യാപിക്കും, ഡോക്ടര്‍മാര്‍ അറിയിച്ചു. 

മധ്യസ്ഥ ചര്‍ച്ചയില്‍ ഡോക്ടര്‍മാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് പരിഹാരം ലഭിച്ചതായാണ് സൂചന. മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ് ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡോക്ടര്‍ പരിഭോഹോ മുഖര്‍ജിയെ മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്ന ഡോക്ടര്‍മാറുടെ ആവശ്യത്തിന് 'എപ്പോൾ പോകണമെന്ന തീരുമാനം എനിക്ക് വിടുക' എന്നതായിരുന്നു മുഖ്യമന്ത്രി നല്‍കിയ മറുപടി.

ചര്‍ച്ചയില്‍ തീരുമാനമായതനുസരിച്ച് എല്ലാ ആശുപത്രികളിലും പരാതി നൽകാൻ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഓഫീസ് (ഗ്രീവൻസ് സെല്‍) രൂപീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി എന്നീ മൂന്നു ഭാഷകളിലായി വേണം ഇത് പ്രവര്‍ത്തിക്കാന്‍ എന്നും നിര്‍ദ്ദേശമുണ്ട്. രോഗികള്‍ക്കോ, ബന്ധുക്കള്‍ക്കോ പരാതിയുണ്ടെങ്കില്‍ അക്രമം അഴിച്ചുവിടുന്നതിന് പകരം ഗ്രീവൻസ് സെല്ലിനെ സമീപിക്കാനാണ് നിര്‍ദ്ദേശം. 

രാത്രി സുരക്ഷ ഉറപ്പാക്കുമെന്നും, ഒരു പോലീസ് ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി നിയമിച്ച് സുരക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

3 മണിക്കാണ് മധ്യസ്ഥ ചര്‍ച്ച ആരംഭിച്ചത്. സംസ്ഥാനത്തെ 14 മെഡിക്കല്‍ കോളേജില്‍നിന്നും 2 പ്രതിനിധികള്‍ വീതമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. 28 അംഗങ്ങളെകൂടാതെ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് അഡിഷണല്‍ ആന്‍ഡ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ, എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍നിന്നും 31 പേരടങ്ങുന്ന സംഘമാണ് ചര്‍ച്ചയില്‍ പങ്കെടുക്കാനായി സംസ്ഥാന സെക്രട്ടേറിയേറ്റ് നബ്ബാനയില്‍ എത്തിച്ചേര്‍ന്നത്. 

കഴിഞ്ഞ 10ന് കൊല്‍ക്കത്ത എന്‍ആര്‍എസ് ആശുപത്രിയില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദ്ദിച്ചതാണ് സമരത്തിലേയ്ക്ക് വഴിതെളിച്ചത്. 75കാരനായ രോഗി മരിച്ചത് ആശുപത്രിയുടെ അനാസ്ഥ കാരണമാണെന്ന് കുടുംബം ആരോപിക്കുകയും 200ഓളം പേരടങ്ങിയ ആള്‍ക്കൂട്ടം ആശുപത്രിയില്‍ ഇരച്ചെത്തി ഡോക്ടര്‍മാരെ മര്‍ദ്ദിക്കുകയുമായിരുന്നു. അക്രമത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ ഡോക്ടര്‍ പരിഭോഹോ മുഖര്‍ജി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്. തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. 

തുടക്കം മുതലേ സമരക്കാര്‍ക്ക് അനുകൂല നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിനിടെ രാജ്യാന്തരതലത്തില്‍ സമരം വ്യാപിക്കുകയും ചെയ്തു. കൂടാതെ, തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക്‌ ഉണ്ടാവുമെന്ന് ഡോക്ടര്‍മാര്‍ താക്കീത് നല്‍കുകയും ചെയ്തിരുന്നു. 

അതേസമയം, പശ്ചിമ ബംഗാളിലെ എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച ഡോക്ടര്‍മാരുടെ സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖാപിച്ച് ജൂണ്‍ 17, തിങ്കളാഴ്​ച രാജ്യ വ്യാപക പണിമുടക്കിനും ഇന്ത്യന്‍ മെഡിക്കല്‍ ആസോസിയേഷന്‍ (ഐ.എം.എ) ആഹ്വാനം ചെയ്തിരുന്നു.

സമരത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് മമത ആരോപിക്കുമ്പോള്‍, തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് ഡോക്​ടര്‍മാരുടെ തീരുമാനം. 

 

Trending News