ഗുവാഹത്തി: അസമിൽ എകെ 47 തോക്കുകളും ഗ്രനേഡുകളും ഉൾപ്പെടെ വൻ ആയുധ ശേഖരം കണ്ടെത്തി. ചിരാംഗ് (Chirang) ജില്ലയിൽ നിന്നുമാണ് വൻ ആയുധ ശേഖരം കണ്ടെത്തിയത്.
ഇന്ത്യൻ സൈന്യം, അസം പൊലീസ്, 210 കോബ്ര ബറ്റാലിയൻ എന്നിവരടങ്ങിയ സംയുക്ത സംഘം വനപ്രദേശമായ ലാൽ പത്തറിൽ നടത്തിയ തിരച്ചിലിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. അനധികൃതമായി പ്രദേശത്ത് ആയുധങ്ങൾ സൂക്ഷിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചിൽ നടത്തിയത്. ഇവിടെ 12 ദിവസമായി പരിശോധന നടത്തി വരികയായിരുന്നു.
Also read: ഇന്ത്യ കടുപ്പിച്ചു; പാക്കിസ്ഥാൻ കസ്റ്റഡിയിൽ എടുത്ത രണ്ട് ഇന്ത്യൻ ഹൈക്കമ്മീഷൻ ജീവനക്കാരെ വിട്ടയച്ചു
3 റൈഫിളുകൾ, 7 പിസ്റ്റലുകൾ, 192 ഗ്രനേഡുകൾ, 28 പിസ്റ്റൾ മാഗസീനുകൾ, 14 ആർപിജി ഷെല്ലുകൾ, ഒരു എകെ47 മാഗസീൻ, 85 എസ്എൽആർ ആയുധങ്ങൾ, 200 വെടിയുണ്ടകൾ എന്നിവയാണ് അവിടെനിന്നും കണ്ടെത്തിയത്. ആയുധങ്ങളെല്ലാം കുഴിച്ചിട്ട നിലയിലായിരുന്നു. ആയുധങ്ങൾ വിദഗ്ദ്ധർ പരിശോധിച്ചു വരികയാണ്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ അസമിൽ നടന്ന രണ്ടാമത്തെ വൻ ആയുധവേട്ടയാണ് ഇത്.