അടുത്ത 12 മണിക്കൂറുകളിൽ ടൗട്ടെ ചുഴലിക്കാറ്റ് (Cyclone Tauktae) കൂടുതൽ ശക്തമായി അതിത്രീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യത. ചൊവ്വാഴ്ച്ചയോടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരങ്ങളിൽ എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. ഗുജറാത്ത്, ഡിയു തീരങ്ങൾ ചുഴലിക്കാറ്റ് ഭീഷണിയിലാണ്.
ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. രണ്ടു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയ്ക്കൊപ്പം ഇന്ന് കാറ്റിന് ശക്തിയേറുമെന്നാണ് റിപ്പോർട്ട്. ചുഴലിക്കാറ്റായി രൂപം കൊണ്ടിരിക്കുന്ന ന്യൂനമര്‍ദ്ദം 200 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. കേരളത്തിനൊപ്പം ഗോവ, മഹാരാഷ്ട്ര, ലക്ഷദ്വീപ് പ്രദേശങ്ങളിലും കനത്ത ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 5 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് റെഡ് അലർട്ട് (Red Alert) പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരിൽ ഇന്നലെ രാത്രി മുതൽ അനുഭവപ്പെടുന്ന കനത്ത മഴയെ തുടർന്ന് തീരദേശത്തും മലയോര [പ്രദേശത്തും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം അറിയിച്ചിട്ടുണ്ട്.