ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പാന്‍ക്രിയാസിലെ അര്‍ബുദ ബാധയ്ക്കുള്ള ചികിത്സയിലാണ് പരീക്കറിപ്പോള്‍. അതിനിടെയാണ് പനി പിടിപെട്ടത്. 

Updated: Sep 14, 2018, 12:16 PM IST
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പനാജി: പനി ബാധിച്ചതിനെ തുടര്‍ന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയാണ് ഇദ്ദേഹത്തെ കാന്‍ഡോളിം ബീച്ച് വില്ലേജിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

പാന്‍ക്രിയാസിലെ അര്‍ബുദ ബാധയ്ക്കുള്ള ചികിത്സയിലാണ് പരീക്കറിപ്പോള്‍. അതിനിടെയാണ് പനി പിടിപെട്ടത്. വിദഗ്ധ ചികിത്സക്കായി അമേരിക്കയിലായിരുന്ന പരീക്കര്‍ സെപ്റ്റംബര്‍ ആറിന് മടങ്ങിയെത്തിയ ശേഷം പനാജിയിലുള്ള സ്വകാര്യവസതിയില്‍ വിശ്രമത്തിലായിരുന്നു. ഒരാഴ്ച മുമ്പും അദ്ദേഹം കാന്‍ഡോളിം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. 

നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോയാണ് മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ പരീക്കറിന്‍റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ലോബോ വിസമ്മതിച്ചു. 

പൈറ ഗ്രാമത്തിലെ തറവാട്ടില്‍ പതിറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന ഗണേശ ചതുര്‍ഥി പൂജയിലും അനാരോഗ്യം കാരണം പരീക്കര്‍ പങ്കെടുത്തിരുന്നില്ല. ആറുമാസത്തിനിടയില്‍ മൂന്നു തവണ പരീക്കര്‍ വിദഗ്ധചികിത്സക്കായി അമേരിക്കയിലേക്ക് പോയിരുന്നു.