Viral Video: കുട്ടി സര്‍ദാറിന്‍റെ ഭാംഗ്ര ആസ്വദിച്ച് മെലാനിയ ട്ര൦പ്!!

2020 ഫെബ്രുവരി 25നാണ് ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളിലെ ഹാപ്പിനെസ്സ് ക്ലാസ് കാണാനായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ ഭാര്യയും സാമൂഹിക പ്രവര്‍ത്തകയുമായ മെലാനിയ ട്രംപെത്തിയത്. 

Last Updated : Feb 27, 2020, 05:31 PM IST
Viral Video: കുട്ടി സര്‍ദാറിന്‍റെ ഭാംഗ്ര ആസ്വദിച്ച് മെലാനിയ ട്ര൦പ്!!

2020 ഫെബ്രുവരി 25നാണ് ഡല്‍ഹി സര്‍ക്കാര്‍ സ്‌കൂളിലെ ഹാപ്പിനെസ്സ് ക്ലാസ് കാണാനായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ ഭാര്യയും സാമൂഹിക പ്രവര്‍ത്തകയുമായ മെലാനിയ ട്രംപെത്തിയത്. 

ഡല്‍ഹിയിലെ സർവോദയ കോ-എഡ്യൂക്കേഷണൽ സീനിയർ സെക്കൻഡറി സ്കൂളിലായിരുന്നു ചടങ്ങ്. ചടങ്ങിനിടെ നൃത്തം ചെയ്യുന്ന ഒരു കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

കാണികളായ കുട്ടികള്‍ക്കിടെയില്‍ നിന്ന് അവിശ്വസനീയമായ രീതിയിലാണ് കുട്ടി പഞ്ചാബി നൃത്ത രൂപമായ ഭാംഗ്ര അവതരിപ്പിക്കുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് കുട്ടിയുടെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. 

പ്രോഗ്രാം ചാര്‍ട്ട് പ്രകാരം ഒരു പറ്റം വിദ്യാര്‍ത്ഥിനികള്‍ സ്റ്റേജില്‍ ഭാംഗ്ര അവതരിപ്പിക്കുകയാണ്. ഇതിനിടെയാണ് കുട്ടി സര്‍ദാറിന്‍റെ പ്രകടനം. വേദിയില്‍ അവതരിപ്പിക്കുന്ന ഭാംഗ്ര ആസ്വദിച്ചിരുന്ന മെലാനിയയുടെ ശ്രദ്ധ തിരിക്കാന്‍ വളരെ പെട്ടന്നുതന്നെ ഗഗന്‍ജിത്ത് എന്ന കൊച്ചു വിരുതന് സാധിച്ചുവെന്നതാണ് ഏറെ ശ്രദ്ധേയം.

നൃത്തം ചെയ്യാന്‍ ആരംഭിച്ചതോടെ മെലാനിയയുടെ സുരക്ഷാച്ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഓടിയെത്തി ഗഗന്‍ജിത്തിന്‍റെ പിന്നില്‍ നിലയുറപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ദ്വിദിന ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമാണ് ദക്ഷിണ ഡല്‍ഹിയിലുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ വിശിഷ്ടാതിഥിയായി മെലാനിയ എത്തിയത്. ഫെബ്രുവരി 24ന് അഹമ്മദാബാദിൽ വിമാനമിറങ്ങിയ ട്രംപും മെലാനിയയും ആഗ്രയും ഡല്‍ഹിയും സന്ദര്‍ശിച്ചിരുന്നു. 

ഡൽഹിയിലെ ആം ആദ്മി സര്‍ക്കാര്‍ ആവിഷ്കരിച്ച ഹാപ്പിനസ് കരിക്കുലം പദ്ധതിയുടെ ഭാഗമായുള്ള ക്ലാസില്‍ പങ്കെടുക്കാനാണ് മെലാനിയ ഡല്‍ഹി സ്കൂളിലെത്തിയത്. 40 മിനിട്ട് നീണ്ടുനിന്ന മെഡിറ്റേഷനും ക്ലാസിന് പുറത്തുള്ള ആക്ടിവിറ്റികളിലും അവര്‍ പങ്കെടുത്തു. 

എന്താണ് ഹാപ്പിനസ് കരിക്കുലം...

കുട്ടികള്‍ക്ക് ധ്യാനത്തിനും കഥകള്‍ പറയുന്നതിനും അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനുമായി 45 മിനിട്ടോളം മാറ്റി വെക്കുന്ന പദ്ധതിയാണ് ഹാപ്പിനസ് കരിക്കുലം.

ഒരു ടീച്ചറുടെ മേൽനോട്ടത്തിലാണ് സെഷൻ നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഈ പരിപാടി ന്യൂയോര്‍ക്കിലെ ഒരു സ്കൂള്‍ ടീച്ചറുടെ ശ്രദ്ധയിൽപ്പെടുകയും തുടര്‍ന്ന് അവര്‍ ഡൽഹിയിലെ ഒരു സ്കൂള്‍ ടീച്ചറുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്കിലെ ചില സ്കൂളുകളിൽ സമാനമായ പദ്ധതി ആവിഷ്കരിക്കുകയും ചെയ്തിരുന്നു.

ഡൽഹി സ്കൂളുകളിലെ ഹാപ്പിനസ് ക്ലാസുകള്‍ ലോകമെമ്പാടും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ടെന്നും ഡൽഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിദ്യാഭ്യാസസംബന്ധമായ കോൺഫറൻസുകള്‍ക്കായി ലോകത്ത് എവിടെ ചെന്നാലും ഈ പദ്ധതിയെക്കുറിച്ച് അന്വേഷണം ലഭിക്കാറുണ്ടെന്നുമാണ് ഡൽഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.

പരിപാടി ലോകശ്രദ്ധയാകര്‍ഷിച്ചതിനെത്തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലുെയും യുഎഇയിലെയും വിദ്യാഭ്യാസമന്ത്രിമാരും ഉദ്യോഗസ്ഥരും ഡൽഹിയിലെത്തി ഹാപ്പിനസ് ക്ലാസിൽ പങ്കെടുത്തിരുന്നു.

Trending News