25 ദിവസം ചന്ദ്രനെ ചുറ്റി, ഒറൈയോൺ പേടകം ഇന്ന് തിരിച്ചിറങ്ങും; അമ്പരപ്പോടെ ശാസ്ത്രലോകം

സുരക്ഷിതമായി തിരിച്ചിറങ്ങിയാൽ മാത്രമേ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്ന അടുത്ത ഘട്ടത്തിലേക്ക് നാസയ്ക്ക് കടക്കാനാവൂ

Written by - Zee Malayalam News Desk | Last Updated : Dec 11, 2022, 10:07 AM IST
  • ഒറൈയോൺ പേടകം ഇന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങും
  • ചാന്ദ്ര പര്യവേഷണ ദൗത്യം ആർട്ടിമിസ് ഒന്നിന്റെ ഭാഗമാണ് ഒറൈയോൺ
  • 25 ദിവസം ചന്ദ്രനെ ചുറ്റിയ ശേഷമാണ് ആളില്ലാ പേടകം തിരിച്ചെത്തുന്നത്
25 ദിവസം ചന്ദ്രനെ ചുറ്റി, ഒറൈയോൺ പേടകം ഇന്ന് തിരിച്ചിറങ്ങും; അമ്പരപ്പോടെ  ശാസ്ത്രലോകം

ചാന്ദ്ര ദൗത്യം പൂർത്തിയാക്കി ഒറൈയോൺ പേടകം ഇന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങും. നാസയുടെ ചാന്ദ്ര പര്യവേഷണ ദൗത്യം ആർട്ടിമിസ് ഒന്നിന്റെ ഭാഗമാണ് ഒറൈയോൺ. 25 ദിവസം ചന്ദ്രനെ ചുറ്റിയ ശേഷമാണ് ആളില്ലാ പേടകം  തിരിച്ചെത്തുന്നത്.  സുരക്ഷിതമായി തിരിച്ചിറങ്ങിയാൽ മാത്രമേ മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്ന അടുത്ത ഘട്ടത്തിലേക്ക് നാസയ്ക്ക് കടക്കാനാവൂ. ഇതിനായി  നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് ശാസ്ത്രലോകം. 

25 ദിവസം നീണ്ട യാത്രയിൽ ചന്ദ്രോപരിതലത്തിന് 130 കിലോമീറ്റ‍ർ അകലെ വരെ ഒറൈയോൺ എത്തിയിരുന്നു. മണിക്കൂറിൽ നാൽപ്പതിനായിരം കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പേടകത്തെ മണിക്കൂറിൽ 32 കിലോമീറ്റർ വേഗതയിലേക്ക് കൊണ്ട് വരണം. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗം തിരികെ പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന ഘർഷണത്തെയും ഉയർന്ന താപത്തേയും അതിജീവിക്കണം തുടങ്ങിയവയൊക്കെയാണ് പ്രധാന വെല്ലുവിളികൾ. രണ്ടായിരത്തി എണ്ണൂറ് ഡിഗ്രി സെൽഷ്യസ് വരെ ചൂടാണ് ഒറൈയോണിന്റെ പുറംപാളി തടുക്കേണ്ടത്. പാരച്യൂട്ടുകളും മറ്റ് സംവിധാനങ്ങളും ഉദ്ദേശിച്ചത് പോലെ പ്രവർത്തിക്കുകയും കൃത്യമായ സ്ഥലത്ത് ലാൻഡ് ചെയ്യുകയും ചെയ്താൽ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സാധിക്കുകയുള്ളൂ.  

നീണ്ട ബഹിരാകാശ യാത്രയ്ക്ക് ശേഷം ഒരു പേടകത്തെ തിരികെ ഭൂമിയിലിറക്കുന്നതിൽ പുതുമയൊന്നുമില്ലെങ്കിലും ഒറൈയോണിന്റെ പുനപ്രവേശം ഇത് വരെ പരീക്ഷിക്കാത്ത ഒരു വിധത്തിലാണ്. സ്കിപ് എൻട്രി എന്നാണ് ഈ രീതിയുടെ പേര്. ഒരു വട്ടം അന്തരീക്ഷത്തിൽ പ്രവേശിച്ച ശേഷം ഒന്ന് തെറിച്ച് പുറത്തേക്ക് പോയി വീണ്ടും പ്രവേശിക്കുന്നതാണ് രീതി. ഒരു കല്ലെടുത്ത് വെള്ളത്തിന് മുകളിലൂടെ എറിഞ്ഞ് ചാടിക്കുന്നത് പോലെ. ഭൂമയിലേക്കുള്ള തിരിച്ചിറക്കം കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കാനാണ് ഈ പുതിയ രീതി. സാൻഡിയാഗോയിൽ നിന്ന് എൺപത് കിലോമീറ്റർ അകലെ പസഫിക് സമുദ്രത്തിൽ ഗ്വാഡലൂപ്പെ ദ്വീപിന് അടുത്താണ് പേടകം ഇറങ്ങുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News