ന്യൂഡല്‍ഹി: കേരളത്തിൽ ഉണ്ടായ മഹാപ്രളയത്തിന് കാരണം മുല്ലപ്പെരിയാർ അണക്കെട്ടെന്ന് സുപ്രീം കോടതിയിൽ കേരളത്തിന്‍റെ സത്യവാങ്മൂലം.
മുല്ലപ്പെരിയാർ അണക്കെട്ടിലെ 13 ഷട്ടറുകളും അടിയന്തരമായി ഒരുമിച്ചു തുറക്കേണ്ടി വന്നതാണ് കേരളത്തില്‍ മഹപ്രളയമുണ്ടാകാനുള്ള ഒരു കാരണമെന്നും ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142ൽ എത്തുന്നതിന് മുൻപ് തന്നെ വെള്ളം തുറന്നു വിടണമെന്ന ആവശ്യം തമിഴ്നാട് അംഗീകരിച്ചില്ലെന്നും കേരളം സുപ്രീം കോടതിയെ ബോധിപ്പിച്ചു.
സംസ്ഥാന സർക്കാരും സുപ്രീം കോടതി നിയമിച്ച സമിതിയും ആവശ്യപ്പെട്ടിട്ടും തമിഴ്‌നാട് അനുകൂലമായി പ്രതികരിച്ചില്ല. ഇതിനാലാണ് അടിയന്തരമായി ഷട്ടറുകൾ തുറക്കേണ്ടി വന്നത്.
ഭാവിയിൽ ഇതാവർത്തിക്കപ്പെടാതിരിക്കാൻ പ്രത്യേക കമ്മിറ്റികൾക്ക് രൂപം നൽകണമെന്നും സംസ്ഥാന സർക്കാർ പരമോന്നത നീതിപീഠത്തെ ബോധിപ്പിച്ചു.
കേന്ദ്ര ജലകമ്മീഷൻ അദ്ധ്യക്ഷനും സംസ്ഥാന പ്രതിനിധികളും അംഗങ്ങളായ സൂപ്പർ വൈസറി കമ്മിറ്റിക് രൂപം നൽകണമെന്നും അണക്കെട്ടിന്‍റെ മാനേജ്‌മെന്റിനായി കേന്ദ്ര സംസ്ഥാന പ്രതിനിധികൾ അടങ്ങുന്ന കമ്മിറ്റിക്കും രൂപം നൽകണമെന്നും സത്യവാങ്മൂലത്തില്‍ സൂചിപ്പിക്കുന്നു.