ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്നാട് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലുള്ള ജയലളിതയുടെ ആരോഗ്യസ്ഥിതി പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചെന്നൈ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ ട്രാഫിക് രാമസ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ആരോഗ്യനില വെളിപ്പെടുത്തി മെഡിക്കല്‍ ബുള്ളറ്റിനുകള്‍ ഇറങ്ങുന്നുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചെങ്കിലും കോടതി തള്ളി. ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ആരോഗ്യ നില അറിയിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഒരു ദിവസത്തെ സമയം ആവശ്യപ്പെട്ടത് കോടതി അംഗീകരിച്ചു.
പനിയും നിര്‍ജലീകരണവും മൂലം കഴിഞ്ഞ മാസം 22നാണ് ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പുകളിറക്കിയിരുന്നു. എന്നാല്‍ എന്ത് രോഗമാണെന്നോ ഏത് തരത്തിലുള്ള ചികിത്സയാണോ മുഖ്യമന്ത്രിക്ക് നല്‍കുന്നതെന്ന് അതില്‍ വ്യക്തമാക്കിയിരുന്നില്ല.
ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ സത്യാവസ്ഥ അറിയാനായി കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം തമിഴ്നാടിന്റെകൂടി ചുമതല വഹിക്കുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍റാവു ശനിയാഴ്ച രാത്രി ജയലളിതയെ ആസ്പത്രിയിലെത്തി കണ്ടിരുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ചെന്നൈയില്‍ മാധ്യമരംഗത്തെ ചില പ്രമുഖരുമായി ഗവര്‍ണര്‍ രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികളുടെ കൃത്യമായ ചിത്രം ലഭിക്കുന്നതിനുള്ള കൂടിക്കാഴ്ചകളാണ് ഇവയെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറിയുമായും ഡി.ജി.പി.യുമായും ഗവര്‍ണര്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുണ്ട്.മുഖ്യമന്ത്രിയുടെ ചിത്രങ്ങളോടൊപ്പം മെഡിക്കല്‍ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കാന്‍ ആശുപത്രി അധികൃതരോട് നിര്‍ദേശിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജയലളിത ശ്വസിക്കുന്നതെന്നും അണുബാധ കുറയ്ക്കാനുള്ള മരുന്നുകള്‍ തുടരുന്നതായും അപ്പോളോ ആശുപത്രി വെളിപ്പെടുത്തി. ലണ്ടനില്‍ നിന്നെത്തിയ വിദഗ്ധ ഡോക്ടര്‍ റിച്ചാര്‍ഡ് ബീലിന്‍റെ നേതൃത്വത്തിലാണ് ചികിത്സ തുടരുന്നത്. രാഷ്ട്രീയസഖ്യമില്ലെങ്കിലും ബി.ജെ.പി.യുമായും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ജയലളിതയ്ക്ക് നല്ല ബന്ധമാണുള്ളത്. 37 സീറ്റുകളുമായി ലോക്സഭയില്‍ മൂന്നാമത്തെ വലിയ പാര്‍ട്ടിയാണ് എ.ഐ.എ.ഡി.എം.കെ. രാജ്യസഭയില്‍ 13 എംപിമാരും പാര്‍ട്ടിക്കുണ്ട്.