ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാജ്യമെമ്പാടുമുള്ള ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും. 24 മണിക്കൂറാണ് പണിമുടക്ക്.
രാവിലെ ആറു മുതല്‍ ചൊവ്വാഴ്ച രാവിലെ ആറുമണിവരെയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ആഹ്വാനം ചെയ്ത പണിമുടക്ക്. ആത്യാഹിത വിഭാഗം ഒഴികെയുള്ള സേവനങ്ങളൊന്നും ലഭിക്കില്ല.
ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ആശുപത്രികള്‍ക്കും നേരെയുണ്ടാകുന്ന അക്രമം നേരിടാന്‍ സമഗ്രമായ കേന്ദ്രനിയമം വേണമെന്നാണ് ഐ.എം.എ.യുടെ ആവശ്യം. സമരത്തില്‍ കേരളത്തിലെ ഡോക്ടര്‍മാരും പങ്കാളികളാവും.
കെ.ജി.എം.ഒ.എ.യുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രാവിലെ പത്തുവരെ ഒ.പി. ബഹിഷ്കരിക്കും. കെ.ജി.എസ്.ഡി.എ.യുടെ നേതൃത്വത്തില്‍ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ ഒ.പി.യില്‍ നിന്ന് വിട്ടുനില്‍ക്കും. സമരത്തിന്റെ ഭാഗമായി രാവിലെ 10 മുതല്‍ 11 വരെ ഡോക്ടര്‍മാര്‍ രാജ്ഭവനുമുന്നില്‍ ധര്‍ണ നടത്തും.
മെഡിക്കല്‍ വിദ്യാര്‍ഥികളും ജൂനിയര്‍ഡോക്ടര്‍മാരും സമരത്തില്‍ പങ്കെടുക്കും. കറുത്ത ബാഡ്ജ് ധരിച്ചാകും ജോലിക്കെത്തുക. സ്വകാര്യ പ്രാക്ടീസ് പൂര്‍ണമായും ഒഴിവാക്കും. ഡെന്റല്‍ ക്ലിനിക്കുകള്‍ അടച്ചിടും. സ്വകാര്യ ആശുപത്രികളും പ്രവര്‍ത്തിക്കില്ല.
മമതാ ബാനര്‍ജിയുടെ ചര്‍ച്ചയ്ക്കുള്ള ക്ഷണം ഇന്നലെ ബംഗാളിലെ ഡോക്ടര്‍മാര്‍ സ്വീകരിച്ചിരുന്നു. ചര്‍ച്ചയ്ക്കുള്ള സ്ഥലവും സമയവും മമതയ്ക്ക് തീരുമാനിക്കാമെങ്കിലും മാധ്യമങ്ങളുടെ സാന്നിധ്യം വേണമെന്ന ഉപാധി സമരക്കാര്‍ മുന്നോട്ടു വച്ചിരുന്നു. അത് അംഗീകരിച്ചാല്‍ ഇന്ന് ചര്‍ച്ചയുണ്ടാകും.
അതേസമയം ബംഗാളിലെ ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള ഡല്‍ഹി എയിംസിലെ റസിഡന്റ് ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു. മമതയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ബംഗാളിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് തീരുമാനം.
എന്‍.ആര്.എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തില്‍ രോഗിയുടെ ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറായ പരിഭോഹോ മുഖര്‍ജിയെ കയ്യേറ്റം ചെയ്തതിനെ തുടര്‍ന്നാണ് പശ്ചിമ ബംഗാളില്‍ സംസ്ഥാന വ്യാപകമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്.
ഡോക്ടര്‍മാരുടെ അനാസ്ഥകാരണമാണ് രോഗി മരിച്ചതെന്ന് ആരോപിച്ചാണ് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദ്ദിച്ചത്. തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്.