NEET Exam: 'നീറ്റ് റദ്ദാക്കും, നിയമനടപടിയുമായി മുന്നോട്ട് തന്നെ'; 19കാരന്റെ ആത്മഹത്യക്ക് പിന്നാലെ വിദ്യാർഥികളോട് സ്റ്റാലിൻ

തമിഴ്‌നാട്ടില്‍ വീണ്ടും നീറ്റ് വിവാദം സജീവമായിരിക്കുകയാണ്. 2017ന് ശേഷം ഏകദേശം 25ഓളം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ട് ജീവനൊടുക്കിയിട്ടുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Aug 15, 2023, 11:40 AM IST
  • ഒരു കാരണവശാലും സ്വന്തം ജീവനെടുക്കാൻ ഒരു വിദ്യാർത്ഥിയും ഒരിക്കലും തീരുമാനമെടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.
  • നിങ്ങളുടെ വളർച്ചയ്ക്ക് തടസ്സമായ നീറ്റ് റദ്ദാക്കും.
  • ഇതിനായുള്ള നിയമനടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു.
NEET Exam: 'നീറ്റ് റദ്ദാക്കും, നിയമനടപടിയുമായി മുന്നോട്ട് തന്നെ'; 19കാരന്റെ ആത്മഹത്യക്ക് പിന്നാലെ വിദ്യാർഥികളോട് സ്റ്റാലിൻ

ചെന്നൈ: നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്ന് 19കാരൻ ജീവനൊടുക്കിയതിന് പിന്നാലെ നീറ്റ് പരീക്ഷ റദ്ദാക്കുമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ശനിയാഴ്ചയാണ് ചെന്നൈയിലെ ക്രോംപേട്ടയ്ക്ക് തൊട്ടടുത്തുള്ള കുറിഞ്ഞി സ്വദേശി എസ്.ജഗദീശ്വരന്‍ ആത്മഹത്യ ചെയ്തത്. മകന്റെ വിയോ​ഗത്തിൽ മാനസിക വിഷമത്തിലായ പിതാവ് പി. ശെല്‍വകുമാറും പിന്നാലെ ആത്മഹത്യ ചെയ്തിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം ഉണ്ടാകുന്നത്. 

"ഒരു കാരണവശാലും സ്വന്തം ജീവനെടുക്കാൻ ഒരു വിദ്യാർത്ഥിയും ഒരിക്കലും തീരുമാനമെടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. നിങ്ങളുടെ വളർച്ചയ്ക്ക് തടസ്സമായ നീറ്റ് റദ്ദാക്കും. ഇതിനായുള്ള നിയമനടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു. അച്ഛന്റെയും മകന്റെയും വിയോ​ഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. നീറ്റ് മൂലമുള്ള അവസാനത്തെ മരണമാകട്ടെ അവരുടേതെന്നും അദ്ദേഹം പറഞ്ഞു. നീറ്റ് പരീക്ഷ ചിലവേറിയതും പണക്കാർക്ക് മാത്രം താങ്ങാവുന്നതുമായിരിക്കുകയാണ്. വലിയ തുക ചെലവഴിച്ച് പഠിക്കാൻ കഴിയാത്തവരാണ് പരീക്ഷയിൽ പരാജയപ്പെടുന്നത്. നീറ്റ് യോഗ്യത നേടുന്നവർക്ക് മാത്രം പണമുണ്ടെങ്കിൽ മെഡിക്കൽ കോളേജിൽ ചേരാമെന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും പണമുള്ളവർക്ക് മാത്രമാണ് മെഡിക്കൽ വിദ്യാഭ്യാസമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Also Read: Himachal Pradesh Landslide: ദുരിതമൊഴിയാതെ ഹിമാചൽ; മരണസംഖ്യ 51, നിരവധി പേരെ കാണാനില്ല, രക്ഷാപ്രവർത്തനം തുടരുന്നു

 

നീറ്റ് പരീക്ഷയിൽ രണ്ടാം വട്ടവും പരാജയപ്പെട്ടതിന്റെ വിഷമത്തിലാണ് 19കാരൻ ആത്മഹത്യ ചെയ്തത്. മകന്റെ സംസ്‌കാരം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ പിതാവും തൂങ്ങി മരിക്കുകയായിരുന്നു. പ്ലസ് 2ൽ 85 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥിയാണ് ജ​ഗദീശ്വരൻ. രണ്ട് വട്ടം എഴുതിയിട്ടും പാസാകാൻ കഴിയാതെ വന്നതോടെ തനിക്ക് ഡോക്ടര്‍ ആകാന്‍ കഴിയില്ലെന്ന മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന ജഗദീശ്വരന്‍ ശനിയാഴ്ച വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് ജീവനൊടുക്കുകയായിരുന്നു. മകന്റെ മരണത്തിൽ തകർന്ന് പോയ പിതാവ് തൊട്ടടുത്ത ദിവസം തൂങ്ങിമരിക്കുകയായിരുന്നു.

ഇതോടെ തമിഴ്‌നാട്ടില്‍ വീണ്ടും നീറ്റ് വിവാദം സജീവമായിരിക്കുകയാണ്. 2017ന് ശേഷം ഏകദേശം 25ഓളം വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ട് ജീവനൊടുക്കിയിട്ടുള്ളത്. നീറ്റ് ഒഴിവാക്കാനായി 2021ല്‍ ഡിഎംകെ സര്‍ക്കാര്‍ ബില്‍ പാസാക്കിയെങ്കിലും ഗവര്‍ണര്‍ ആര്‍.എന്‍.രവി ഒപ്പിടാന്‍ തയാറായില്ല. നീറ്റ് വിരുദ്ധ ബില്‍ ഒപ്പിടുന്ന പ്രശ്‌നമില്ലെന്നാണ് ​ഗവർണറുടെ നിലപാട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News