ന്യൂഡല്‍ഹി; കൈകൂലി കേസില്‍ കുടുങ്ങിയ സി.ബി.ഐ മുഖ്യന്‍ രകേഷ് അസ്താനക്ക് ആശ്വസിക്കാം. അസ്താനയെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു.
അസ്താന സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജിയില്‍ നവംബര്‍ 29ന് ഡല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കും.
സിബിഐയിലെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് ഇത്. ഒരു കുറ്റാരോപിതന്‍റെ വാക്ക് കേട്ട് തനിക്കെതിരേ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി തീരുമാനം. കൂടാതെ, കേസില്‍ ഏകപക്ഷീയമായ തീരുമാനം എടുക്കരുതെന്നും അസ്താന കോടതിയില്‍ അഭ്യര്‍ത്ഥിച്ചു.
കള്ളപ്പണക്കേസില്‍നിന്നും രക്ഷപെടുത്താമെന്നു വാഗ്ദാനം ചെയ്തു മാംസവ്യാപാരിയായ മോയിന്‍ ഖുറേഷിയില്‍നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് അസ്താനയ്ക്കെതിരെ കേസെടുത്തത്. എന്നാല്‍ തനിക്കെതിരെയുള്ള എഫ്.ഐ.ആര്‍ വ്യാജമാണെന്നാണ് അസ്താനയുടെ നിലപാട്. മാംസവ്യാപാരിയായ മോയിന്‍ ഖുറേഷി നിരവധു കേസുകളില്‍ പ്രതിയാണ്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹൈദരാബാദിലെ വ്യവസായി സതീഷ് സന അറസ്റ്റിലായതോടെയാണ് അസ്താനയ്ക്കെതിരെ ആരോപണമുയരുന്നത്. ഖുറേഷിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ പ്രതിയാകാതിരിക്കാന്‍ രാകേഷ് അസ്താനയ്ക്ക് രണ്ട് കോടി രൂപ കൈക്കൂലി നല്‍കിയെന്ന് സന മൊഴി നല്‍കുകയായിരുന്നു. 2017 ഡിസംബര്‍ മുതല്‍ 10 മാസമായാണ് തുക നല്‍കിയത്. ദുബായ് കേന്ദ്രീകരിച്ചുള്ള ഇടനിലക്കാരനായ മനോജ് പ്രസാദ് വഴിയാണ് ഇടപാട് നടന്നത്. സനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മനോജ് പ്രസാദിനെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.