പ്രശസ്ത ബംഗാളി സാഹിത്യകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ മഹാശ്വേതാ ദേവി(90) അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് മഹാശ്വേതാ ദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഞായറാഴ്ച വെന്റിലേറ്ററിലേക്ക് മാറ്റിയിരിരുന്നു. സാഹിത്യത്തിലൂടെയും സാമൂഹ്യ ഇടപെടലുകളിലൂടെയും താഴെത്തട്ടിലുള്ളവര്‍ക്ക് വേണ്ടി പൊരുതിയ മഹാശ്വേതാദേവി ഇന്ന് വിടവാങ്ങി.
1926ല്‍ ധാക്കയില്‍ സാഹിത്യ പശ്ചാത്തലമുള്ള, ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച മഹാശ്വേതാ ദേവി ബംഗാള്‍ വിഭജനത്തിനെ തുടര്‍ന്ന് പശ്ചിമബംഗളിലേക്ക് കുടിയേറുകയായിരുന്നു. ശാന്തിനികേതനിലെ വിശ്വഭാരതി സർവ്വകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. കൽക്കട്ട സർവകലാശാലയിൽ നിന്ന് അതെ വിഷയത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1969ൽ ബിജോയ്ഖർ കലാലയത്തിൽ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. ഈ സമയത്ത് തന്നെ എഴുത്തുകാരി എന്ന നിലയില്‍ പ്രശസ്തയായി.
ദലിതര്‍ നേരിടുന്ന അനീതികള്‍ പ്രമേയമാക്കി നിരവധി കഥകളെഴുതി. ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ വ്യവസായിക നയങ്ങളെ മഹാശ്വേത എതിര്‍ത്തു. കര്‍ശക സമരങ്ങള്‍ക്ക് നേതൃത്വം നല്കി. ഇടത് സര്‍ക്കാരിന്റെ സിംഗൂരിലെയും നന്ദിഗ്രാമിലെയും വിവാദനയങ്ങളെ എതിർക്കുന്നത്തിൽ മഹാശ്വേത ശ്രദ്ധേയമായ പങ്കുവഹിച്ചു.
ഇന്ത്യന്‍ സാഹിത്യ ലോകത്തെ ഝാന്‍സിറാണി എന്നാണ് മഹാശ്വേത ദേവി അറിയപ്പെട്ടിരുന്നത്. പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം, പത്മ വിഭൂഷണ്‍ പുരസ്കാരങ്ങളും മഗ്സസെ പുരസ്കാരവും നിരവധി തവണ സാഹിത്യ അക്കാദമി പുരസ്കാരങ്ങളും മഹാശ്വേത ദേവി നേടിയിട്ടുണ്ട്.
കേരളവുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്നു മഹാശ്വേതാ ദേവി. പ്രകൃതിസംരക്ഷണത്തിനായുള്ള പോരാട്ടങ്ങളിൽ സാറാ ജോസഫ് അടക്കമുള്ളവർക്കൊപ്പം കേരളത്തിൽ പ്രവർത്തിച്ചു. ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടപ്പോൾ ഭാര്യ കെ.കെ. രമയ്ക്ക് ആശ്വാസം പകരാനും അവരെത്തിയിരുന്നു.
മുലമ്പിള്ളി കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ കടമക്കുടി ഗ്രാമസംരക്ഷണമുന്നണിക്കും കാതിക്കുടം നിറ്റ ജലാറ്റിൻ കമ്പനിക്കെതിരെയുള്ള സമരത്തിനും മാള പൈതൃക സംരക്ഷണസമരത്തിനുമൊക്കെ പിന്തുണയുമായി മഹാശ്വേതാ ദേവി കേരളത്തിലെത്തി.