ന്യൂഡല്‍ഹി/കാഠ്മണ്ഡു:ഇന്ത്യക്കെതിരെ നീങ്ങാന്‍ തുടങ്ങിയ നേപ്പാളിന് തുടക്കത്തിലേ പിഴച്ചു.
ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ ഭൂപടം പുറത്തിറക്കിക്കൊണ്ട് ഇന്ത്യയെ വെല്ലുവിളിക്കാന്‍ തുനിഞ്ഞിറങ്ങിയ നേപ്പാള്‍
പുതിയ ഭൂപടത്തിനായി ഭരണഘടനാ ഭേദഗതി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്.
അധികാരത്തില്‍ ഇരിക്കുന്ന നേപ്പാള്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ ചില പടലപ്പിണക്കങ്ങള്‍ ഉടലെടുത്ത സാഹചര്യത്തിലാണ്.
ദേശീയ വികാരം ഉയര്‍ത്തി രാഷ്ട്രീയ സാഹചര്യത്തെ മറികടക്കാം എന്ന കണക്ക്കൂട്ടലോടെ നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി
ഇന്ത്യന്‍ ഭൂ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം പുറത്തിറക്കുക എന്ന സാഹസത്തിന് മുതിര്‍ന്നത്.
Also Read:ചൈന,പാകിസ്ഥാന്‍,നേപ്പാള്‍ അതിര്‍ത്തികള്‍ അശാന്തം;രണ്ടും കല്‍പ്പിച്ച് നരേന്ദ്രമോദി!
നേപ്പാളിന്‍റെ നീക്കത്തിന് പിന്നില്‍ ചൈനയുടെ ഇടപെടലാണെന്ന് ഇന്ത്യ തിരിച്ചറിയുകയും ചെയ്തു.
നേപ്പാളിന്‍റെ പുതിയ ഭൂപടം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യ നേപ്പാളിന് ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങള്‍ കൈയടക്കി പുതിയ രാഷ്ട്രീയ ഭൂപടം പുറത്തിറക്കുകയാണ് നേപ്പാള്‍ ചെയ്തത്.
ലിപുലേഖ്, കലാപാനി, ലിംപിയാധുര എന്നീ ഇന്ത്യന്‍ പ്രദേശങ്ങളാണ് സ്വന്തം പ്രദേശങ്ങളാക്കി നേപ്പാള്‍ പുതിയ ഭൂപടം പുറത്തിറക്കിയത്.
പുതിയ ഭൂപടത്തിനായി ഭരണഘടനാ ഭേദഗതി എന്നതിന് സഹകരിക്കുന്നതില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം തീരുമാനം എടുക്കും എന്ന്
പ്രധാന പ്രതിപക്ഷ പാര്‍ട്ടിആയ നേപ്പാളി കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചത് അവര്‍ക്ക് പ്രധാനമന്ത്രിയുടെ ഈ നീക്കത്തോട് താല്‍പ്പര്യം ഇല്ല എന്ന് വ്യക്തമാക്കുന്നതാണ്.
നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ എത്തിയപ്പോള്‍ മുതല്‍ നേപ്പാള്‍ കൂടുതല്‍ അടുപ്പം പുലര്‍ത്തുന്നത് ചൈനയോടാണ്.
നേരത്തെ നേപ്പാള്‍ ഇന്ത്യയോടാണ് അടുപ്പം കാട്ടിയിരുന്നത്.
Also Read:ഇന്ത്യയ്ക്കെതിരായ നീക്കം; നേപ്പാള്‍ പ്രധാനമന്ത്രിയ്ക്ക് സ്വന്തം രാജ്യത്തു നിന്നു൦ തിരിച്ചടി!!
നേപ്പാളിലെ ഭരണകക്ഷിയായ നേപ്പാള്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയില്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിക്കെതിരെ എതിര്‍പ്പ് രൂക്ഷമാണ്.
എല്ലാ അധികാരങ്ങളും പ്രധാനമന്ത്രിയില്‍ മാത്രം കേന്ദ്രീകരിക്കുന്നതിനെ പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ എതിര്‍ക്കുകയാണ്.
ഈ എതിര്‍പ്പ് വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന ഘട്ടമായപ്പോഴാണ് ചൈന ഒലിയുടെ സഹായത്തിനായി എത്തിയതും
ഇന്ത്യയ്ക്കെതിരെ നേപ്പാള്‍ നീങ്ങിയതും.
എന്നാല്‍ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം ഉന്നതതലയോഗം വിളിക്കുകയും
നേപ്പാള്‍,ചൈന അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യുകയുമായിരുന്നു.
ഇതിന് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഈ വിഷയത്തില്‍ ഇടപെടുകയും ചെയ്തു.അതിര്‍ത്തി പ്രശ്നത്തില്‍
യാതൊരു വിട്ട് വീഴ്ച്ചയും വേണ്ടെന്ന് പ്രധാനമന്ത്രി കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു.
നേപ്പാളിലെ പ്രതിപക്ഷ നിരയിലെ പാര്‍ട്ടികള്‍ ഒക്കെ പ്രധാനമന്ത്രി കെപി ശര്‍മ ഒലിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.
അത് കൊണ്ട് തന്നെ ഭരണഘടനാ ഭേദഗതിയിലൂടെ പുതിയ ഭൂപടത്തിന് അംഗീകാരം നല്‍കുക ഒലിക്ക് വലിയ ബുദ്ധിമുട്ടായി മാറിയിട്ടുണ്ട്.
എന്നാല്‍ താല്‍ക്കാലികമായി ഭരണഘടനാ ഭേദഗതി എന്ന തീരുമാനം നീട്ടിവെച്ചിരിക്കുകയാണ് എന്ന നിലപാടാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെത്.
അതേസമയം നേപ്പാള്‍ ഭരണകക്ഷിക്കെതിരെ പല ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിഷേധം ഉയര്‍ത്തുന്നതിന് പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ പ്രധാനമന്ത്രിക്കെതിരെയുള്ള നീക്കങ്ങളും ശക്തി പ്രാപിക്കുന്നതായാണ് വിവരം.എന്തായാലും ഇന്ത്യാ വിരുദ്ധ നീക്കവുമായി
ചൈനയുടെ താളത്തിന് തുള്ളിയ നേപ്പാള്‍ പ്രധാനമന്ത്രി ഇപ്പോള്‍ തനിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ മറികടന്ന് എങ്ങനെ അധികാരം നിലനിര്‍ത്താം എന്ന
ചിന്തയിലാണ്.