'ഓംപുരി'യെന്ന മഹാനടന്‍

2017ന്‍റെ തുടക്കം തന്നെ ബോളിവുഡിന് ഓംപുരിയെന്ന മഹാനടന്‍റെ നഷ്ടമാണ് ഉണ്ടായത്.  കേവലം ബോളിവുഡ് സിനിമകളില്‍ മാത്രം ഒതുങ്ങാത്ത നടനവൈഭവത്തിന് ഇന്ന് തിരശീല വീണിരിക്കുന്നു.   

Last Updated : Jan 6, 2017, 01:53 PM IST
'ഓംപുരി'യെന്ന മഹാനടന്‍

മുംബൈ: 2017ന്‍റെ തുടക്കം തന്നെ ബോളിവുഡിന് ഓംപുരിയെന്ന മഹാനടന്‍റെ നഷ്ടമാണ് ഉണ്ടായത്.  കേവലം ബോളിവുഡ് സിനിമകളില്‍ മാത്രം ഒതുങ്ങാത്ത നടനവൈഭവത്തിന് ഇന്ന് തിരശീല വീണിരിക്കുന്നു.   

അഭിനയത്തിന്‍റെ സര്‍വ്വ മേഖലകളിലും തന്റെതായ ശൈലിയിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്‍റെ സിനിമകളെല്ലാം തന്നെ ക്ലാസ് സിനിമകളെന്ന ശ്രേണിയില്‍പ്പെടുത്താവുന്നതാണ്.

1950 ഒക്ടോബര്‍ 18ന് ഹരിയാനയിലുള്ള അംബാലയിലാണ് ഓം പുരിയുടെ ജനനം. പൂനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിട്ടിൽ നിന്നും ബിരുദം നേടിയതിനു ശേഷമാണ് നാടക രംഗത്തേക്ക് ചുവട് വെയ്ക്കുന്നത്. 

1973 ല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വിദ്യാര്‍ത്ഥിയായിരുന്ന അദ്ദേഹത്തിന്‍റെ സഹപാഠിയായിരുന്നു ബോളിവുഡിലെ മറ്റൊരു പ്രമുഖനായ നസറുദ്ദീന്‍ ഷാ. 1976 ല്‍ മറാത്തി സിനിമയായ ഗാഷിറാം കോട്‌വാളിലൂടെ സിനിമയില്‍ എത്തിയ അദ്ദേഹം ഇതിനകം വിവിധ ഭാഷകളിലായി ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു. 

വാണിജ്യ സിനിമയ്ക്കപ്പുറത്ത് കലാപരമായ സിനിമകളില്‍ കൂടുതല്‍ സാന്നിദ്ധ്യം അര്‍പ്പിച്ച ഓംപുരി 1988 ല്‍ പുറത്തിറങ്ങിയ പുരാവൃത്തം എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.  ഹോളിവുഡ് പ്രമുഖരായ ടോം ഹാങ്ക്‌സിനും ജൂലിയാ റോബര്‍ട്‌സിനും ഒപ്പം അഭിനയിച്ച ചാര്‍ളീസ് വാറില്‍ സിയാ ഉള്‍ ഹക്കായുള്ള അദ്ദേഹത്തിന്‍റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. 

1982, 1984 എന്നി വര്‍ഷങ്ങളില്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് അദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1990ല്‍ ഇന്ത്യയിലെ പരമോന്നത ബഹുമതിയായ പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. 1993ല്‍ നന്ദിതാപുരിയെ വിവാഹം ചെയ്ത അദ്ദേഹം 2013ല്‍ വേര്‍പിരിയുകയും ചെയ്തു. ഈ ബന്ധത്തില്‍ ഇവര്‍ക്കുള്ള മകനാണ് ഇഷാന്‍.

നൂറിലധികം സിനിമകള്‍ ചെയ്തിട്ടുള്ള ഓംപുരി അടുത്ത കാലത്ത് കലാരംഗത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍, മലയാളത്തില്‍ അടുത്ത കാലത്ത ഇറങ്ങിയ ആടു പുലിയാട്ടത്തില്‍ അഭിനയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ  പാകിസ്താനി സിനിമ 'ആക്ടര്‍ ഇന്‍ ലോ'യിലാണ് അവസാനമായി ഓം അഭിനയിച്ചത്. 

Trending News