New Delhi: കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപനം ഇന്ത്യയിലും തീവ്രമാവുകയാണ്. ഒമിക്രോണ്‍ ഇപ്പോള്‍ രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ സ്ഥിരീകരിച്ചു.
മുന്‍പ് 12 സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ (Omicron) സ്ഥിരീകരിച്ചിരുന്നു. ചൊവ്വാഴ്ചയാണ് 3 സംസ്ഥാനങ്ങളില്‍ ക്കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ 15 സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ എത്തി.
ചൊവ്വാഴ്ച ജമ്മു കശ്മീർ, ഒഡീഷ, ലഡാക്ക് എന്നിവിടങ്ങളിൽ ഒമിക്രോണ്‍ കേസുകൾ റിപ്പോർട്ട് ചെയ്തതായി മന്ത്രാലയം അറിയിച്ചു. ജമ്മു കശ്മീര്‍ - 3, ഒഡീഷ - 2, ലഡാക്ക് - 1 എന്നിങ്ങനെയാണ് പുതിയ കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്
ഒമിക്രോണ്‍ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. രാജ്യത്ത് ഇതുവരെ 213 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഏറ്റവും ഒടുവില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഇപ്പോൾ മഹാരാഷ്ട്രയേക്കാൾ കൂടുതൽ രോഗികൾ ഡൽഹിയിലാണ്. ഡല്‍ഹിയില്‍ 57 പേര്‍ക്കും മഹാരാഷ്ട്രയില്‍ 54 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 24 രോഗികളെ കണ്ടെത്തിയ തെലങ്കാനയാണ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
ഒമിക്രോണ്‍ വ്യാപനം ശക്തമായതോടെ മഹാരാഷ്‌ട്ര നിയമസഭയുടെ ശീതകാല സമ്മേളനവും പ്രതിസന്ധിയിലായി. നിയമസഭ സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് നടത്തിയ RTPCR പരിശോധനയിൽ 8 പോലീസുകാരടക്കം 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൊറോണ
പോസിറ്റീവ് ആയവരിൽ 2 പേർ നിയമസഭയിലെ ജീവനക്കാരാണെന്നാണ് റിപ്പോര്‍ട്ട്.
സെഷൻ ആരംഭിക്കുന്നതിന് മുമ്പ് ഏകദേശം 3500 പേരെ പരിശോധിച്ചിരുന്നു.
അതേസമയം, മഹാരാഷ്ട്രയിൽ ചൊവ്വാഴ്ച 825 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഇതിൽ 11 ഒമിക്രോണ്‍ കേസുകൾ ഉൾപ്പെടുന്നു. ഇത് കൂടാതെ 14 പേർ കൊറോണ ബാധയെ തുടർന്ന് മരിച്ചു
അതേസമയം, ഒമിക്രോണ്‍ വ്യാപനം തീവ്രമാവുന്ന സാഹചര്യത്തില്‍ രാജ്യം കൊറോണ മൂന്നാം തരംഗത്തിന്‍റെ ഭീതിയിലേയ്ക്ക് നീങ്ങുകയാണ്. രാജ്യത്ത് വർദ്ധിച്ചുവരുന്ന ഒമിക്രോണ്‍ കേസുകള്‍ കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഒമിക്രോണിന്‍റെ വർദ്ധിച്ചുവരുന്ന വ്യാപനം തടയാൻ കർശനമായ നടപടികൾ സ്വീകരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ ഇതിനോടകം നല്‍കിയിട്ടുണ്ട്. രാത്രി കർഫ്യൂ ഏർപ്പെടുത്താനും കൂടുതൽ ആളുകൾ ഒരിടത്ത് ഒത്തുകൂടുന്നത് തടയാനും വിവാഹങ്ങളിലും ശവസംസ്കാര ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്താനും കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...