പത്മാവതിക്ക് മധ്യപ്രദേശിലും വിലക്ക്

   

Last Updated : Nov 20, 2017, 04:20 PM IST
പത്മാവതിക്ക് മധ്യപ്രദേശിലും വിലക്ക്

ഭോപ്പാല്‍:  സഞ്ജയ് ലീലാ ബന്‍സാലിയുടെ പത്മാവതിക്കെതിരെ പ്രതിഷേധം കത്തികയറുന്ന സാഹചര്യത്തില്‍ റിലീസിന് മുന്‍പേ മധ്യപ്രദേശിലും ചിത്രത്തിന്  നിരോധനം . ചിത്രം നിരോധിക്കണമെന്നാവിശ്യപ്പെട്ട് രാജ്പൂത് വിഭാഗക്കാര്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് അപേക്ഷ നല്‍കിയിരുന്നു. ചരിത്രം പ്രമേയമാക്കുന്ന ചിത്രത്തില്‍ രജപുത്ര ചരിത്രത്തെ അവഹേളിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധക്കാര്‍ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് റിലീസിന് മുന്‍പേ നിരോധനം ഏര്‍പ്പെടുത്തിയത്. 

ഡിസംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യാന്‍ തിരൂമാനിച്ചിരുന്നത്. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യാനാവില്ലെന്ന് നിര്‍മാതാക്കളായ വയാകോം മോഷന്‍ പിക്‌ചേഴ്‌സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ തങ്ങള്‍ സ്വമേധയാ റിലീസ് മാറ്റിവയ്ക്കുകയാണെന്നായിരുന്നു നിര്‍മാതാക്കളുടെ വിശദീകരണം. ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് സര്‍ക്കാരുകളും കേന്ദ്രത്തിന് കത്തയച്ചിരുന്നു. റിലീസ് നീട്ടിവച്ചാലും വിവാദങ്ങള്‍ നീക്കം ചെയ്യാതെ റിലീസ് അനുവദിക്കില്ലെന്ന യു പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ വ്യക്തമാക്കിയിരുന്നു. അതേസമയം പത്മാവതിയുടെ വേഷം ചെയ്ത ദീപിക പദുക്കോണിന്‍റെ തലകൊയ്യുന്നവര്‍ക്ക് 10 കോടി രൂപ നല്‍കുമെന്ന് ബിജെപി നേതാവ് സൂരജ് പാലും പ്രഖ്യാപിച്ചിരുന്നു. 

Trending News