Pongal 2023 : പൊങ്കൽ ആഘോഷ നിറവിൽ തമിഴ്നാട്; അറിയാം ദക്ഷിണേന്ത്യയുടെ കൊയ്ത്തുത്സവത്തെ കുറിച്ച്

Pongal 2023 Celebrations നാല് ദിവസമായിട്ടാണ് പൊങ്കൽ പ്രധാനമായി ആഘോഷിക്കുന്നത്

Written by - Ajay Sudha Biju | Edited by - Jenish Thomas | Last Updated : Jan 14, 2023, 07:52 PM IST
  • തമിഴ് മാസമായ മാർഗഴിയുടെ അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തീയതി അവസാനിക്കുന്ന രീതിയിലാണ് പൊങ്കലിന്‍റെ ചടങ്ങുകൾ നടക്കുക.
  • നല്ല വിളവ് ലഭിക്കാൻ വേണ്ടി ഗ്രഹങ്ങളുടെ അധിപനായ സൂര്യ ഭഗവാനെ പ്രീതിപ്പെടുത്താനാണ് പൊങ്കൽ ആഘോഷിക്കുന്നതെന്നാണ് വിശ്വാസം.
  • വടക്കെ ഇന്ത്യയിൽ മകര സക്രാന്തി എന്നാണ് പൊങ്കൽ അറിയപ്പെടുന്നത്.
Pongal 2023 : പൊങ്കൽ ആഘോഷ നിറവിൽ തമിഴ്നാട്; അറിയാം ദക്ഷിണേന്ത്യയുടെ കൊയ്ത്തുത്സവത്തെ കുറിച്ച്

ദക്ഷിണേന്ത്യയിൽ എല്ലാ വർഷവും ആഘോഷപൂർവം കൊണ്ടാടുന്ന കൊയ്ത്തുത്സവമാണ് പൊങ്കൽ. മലയാളികൾക്ക് ഓണം എങ്ങനെയാണോ അതുപോലെയാണ് തമിഴ്നാട്ടുകാർക്ക് പൊങ്കൽ. തമിഴ്നാടിന് പുറമേ ആന്ധ്ര പ്രദേശിലും തെലങ്കാനയിലും പൊങ്കൽ ആഘോഷിക്കാറുണ്ട്. തെലുങ്ക് സംസ്ഥാനങ്ങളിലെ ചില ഇടങ്ങളിലും കർണാടകയിലും സംക്രാന്തിയെന്ന പേരിലാണ് പൊങ്കൽ ആഘോഷിക്കപ്പെടുന്നത്. തമിഴ് മാസമായ മാർഗഴിയുടെ അവസാന ദിവസം തുടങ്ങി തൈമാസം മൂന്നാം തീയതി അവസാനിക്കുന്ന രീതിയിലാണ് പൊങ്കലിന്‍റെ ചടങ്ങുകൾ നടക്കുക. നല്ല വിളവ് ലഭിക്കാൻ വേണ്ടി ഗ്രഹങ്ങളുടെ അധിപനായ സൂര്യ ഭഗവാനെ പ്രീതിപ്പെടുത്താനാണ് പൊങ്കൽ ആഘോഷിക്കുന്നതെന്നാണ് വിശ്വാസം. വടക്കെ ഇന്ത്യയിൽ മകര സക്രാന്തി എന്നാണ് പൊങ്കൽ അറിയപ്പെടുന്നത്. 

നാല് ദിവസം നീണ്ട് നിൽക്കുന്ന പൊങ്കൽ ഈ വർഷം ജനുവരി 15 മുതൽ 18 വരെയാണ് ആഘോഷിക്കുക. ഓരോ ദിവസവും വ്യത്യസ്തങ്ങളായ ചടങ്ങുകളാകും ഉണ്ടാകുക. സൂര്യ ദേവന് പാൽ സമർപ്പിക്കുന്നത് മുതൽ പ്രസിദ്ധമായ ജെല്ലിക്കെട്ട് വരെ ഇതിൽ ഉൾപ്പെടുന്നു. നാല് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ ബോഗി പൊങ്കൽ, തൈപ്പോങ്കൽ, മാട്ടുപ്പൊങ്കൽ, കാണും പൊങ്കൽ എന്ന് അറിയപ്പെടുന്നു. ഇതിൽ ഓരോ ദിവസവും നടക്കുന്ന ചടങ്ങുകൾ ഇവയൊക്കെയാണ്.

ALSO READ : പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ഭക്തി സാന്ദ്രമായി ശബരിമല

1. ബോഗി പൊങ്കൽ

പൊങ്കൽ ആഘോഷങ്ങളുടെ ആരംഭ ദിവസമാണ് ബോഗി പൊങ്കൽ. മാർഗഴി മാസത്തിന്‍റെ അവസാന ദിവസമാകും ഇത് ആചരിക്കുക. കർഷകർ തങ്ങളുടെ കൃഷി ഭൂമിയിൽ നല്ല വിളവ് ഉണ്ടാകാൻ സഹായിച്ച, മഴയുടെ ദേവനായ ഇന്ദ്രനെയും, സൂര്യനെയും നന്ദി സൂചകമായി ഈ ദിവസം ആദരിക്കുന്നു. ഒപ്പം അടുത്ത വർഷത്തെ വിളവ് നന്നാവണമെന്ന് പ്രാർഥിക്കുകയും ചെയ്യുന്നു. ഉപയോഗ ശൂന്യമായ പഴയ വസ്തുക്കൾ ഈ ദിവസം തീയിലിട്ട് കത്തിക്കുന്നു. തമിഴ്നാട്ടിലെ ഒട്ടുമിക്ക വീടുകള്‍ക്ക് മുന്നിലും കൊലം ഇടുന്നത് ഈ ദിവസത്തെ ഒരു പ്രത്യേകതയാണ്. ചുവന്ന പൊടിക്കൊപ്പം അരിപ്പൊടിയും വെള്ളവും ചേർത്ത മിശ്രിതം ഉപയോഗിച്ചാണ് കൊലം ഇടുന്നത്.  സന്ധ്യാ സമയത്ത് എല്ലാ വീടുകളും ദീപങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്യും.  

2. തൈപ്പൊങ്കൽ

പൊങ്കൽ ആഘോഷങ്ങളുടെ രണ്ടാമത്തെയും പ്രധാനപ്പെട്ടതുമായ ദിവസമാണ് തൈപ്പൊങ്കൽ. സൂര്യ പൊങ്കൽ എന്നും ഇത് അറിയപ്പെടാറുണ്ട്. ഒരു പ്രത്യേക സ്ഥലത്ത് അടുപ്പ് കൂട്ടി പാലിൽ അരി ഇട്ട് വേവിക്കുന്നത് ഈ ദിവസത്തെ ഒരു പ്രധാന ചടങ്ങാണ്. അടുപ്പിന് ചുറ്റും കോലം ഇട്ട് അലങ്കരിക്കുകയും ചെയ്യാറുണ്ട്. കുടുംബങ്ങളിൽ അഭിവൃദ്ധി ഉണ്ടാകാനാണ് ഈ ചടങ്ങ് ആചരിക്കുന്നത്. തമിഴ് നാട്ടിലെ സ്ത്രീകൾ പല സ്ഥലങ്ങളിലായി ഒത്തുകൂടിയാണ് ഇത് ചെയ്യുന്നത്.  ഇതിന് പുറമേ അരി, കരിമ്പ്, പഴം, നാളികേരം എന്നിവ സൂര്യ ദേവന് സമർപ്പിക്കുന്നതും ഈ ദിവസത്തെ പ്രത്യേകതയാണ്. എല്ലാ ചടങ്ങുകൾക്കും ശേഷം ഇതിനുപയോഗിച്ച സാധനങ്ങൾ ഉപേക്ഷിക്കുകയും ചെയ്യാറുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വർഷം തികഞ്ഞ വധുവിന്‍റെ വീട്ടുകാർക്ക് വരന്‍റെ വീട്ടുകാർ പൊങ്കൽപാത്രം, അരി, ശർക്കര, പുതിയ വസ്ത്രങ്ങൾ എന്നവ തൈപ്പൊങ്കൽ ദിവസം സമ്മാനമായി നൽകാറുണ്ട്.  

3. മാട്ടുപ്പൊങ്കൽ

പൊങ്കലിന്‍റെ മൂന്നാമത്തെ ദിവസം മാട്ടുപ്പൊങ്കൽ എന്നാണ് അറിയപ്പെടുന്നത്. കർഷകരാണ് ഭക്തി നിർഭരം മാട്ടുപ്പൊങ്കൽ ആഘോഷമാക്കുന്നത്. കൃഷിയിടങ്ങളിൽ വിളവിറക്കുന്നത് മുതൽ വിളവെടുപ്പിന് വരെ കന്നുകാലികളെ ആശ്രയിക്കാറുള്ള കർഷകർ അവയെ ഈ ദിവസം കുളിപ്പിച്ച് ഭസ്മവും വർണ്ണപ്പൊടികളും ഉപയോഗിച്ച് അലങ്കരിച്ച് പൂജകൾ നടത്തുന്നു. ശിവൻ തന്‍റെ വാഹനമായ നന്ദിയെ ശപിച്ച് ഭൂമിയിലെത്തിച്ചതിനെത്തുടർന്നാണ് കന്നുകാലികൾ കർഷകരെ നിലമുഴാൻ സഹായിച്ചു തുടങ്ങിയതെന്നാണ് വിശ്വാസം. കർഷകർ ഇതിന്‍റെ ആദര സൂചകമായി കന്നുകാലികൾക്ക് ഈ ദിവസം പൊങ്കൽ സമർപ്പിക്കുകയും ചെയ്യാറുണ്ട്. ഈ ദിവസമാണ് തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ ജല്ലിക്കെട്ട് നടത്തി വരുന്നത്. 

4. കാണും പൊങ്കൽ 

പൊങ്കൽ ആഘോഷങ്ങളുടെ നാലാമത്തെയും അവസാനത്തെയും ദിവസമാണ് കാണും പൊങ്കൽ. തമിഴ്നാട്ടിലെ ചില പ്രദേശങ്ങളിൽ കാണും പൊങ്കലിനെ കരിനാൾ എന്നും വിളിക്കാറുണ്ട്. ഈ ദിവസം സൂര്യ ദേവനുള്ള ആദര സൂചകമായി ശർക്കര പൊങ്കലും വിവിധ ഭക്ഷണ വിഭവങ്ങളും സമർപ്പിക്കാറുണ്ട്. ജീവിതത്തിൽ കഴിഞ്ഞുപൊയ വർഷത്തെ മധുരിക്കുന്ന ഓർമ്മകളുടെ പ്രതീകമായി കരിമ്പും സൂര്യ ദേവന് സമർപ്പിക്കാറുണ്ട്. എല്ലാത്തിനും പുറമേ ഈ ദിവസം ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുകൂടി പരസ്പരം സമ്മാനങ്ങൾ കൈമാറും. ഭൂഉടമകൾ തങ്ങളുടെ കൃഷി ഭൂമിയിൽ പണി എടുക്കുന്ന തൊഴിലാളികൾക്ക് സമ്മാനങ്ങൾ കൊടുക്കുകയും ചെയ്യാറുണ്ട്. പ്രാദേശികമായി തമിഴ്നാട്ടിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും ഈ ദിവസം പാട്ടും നൃത്ത പരിപാടികളും അരങ്ങേറാറുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News