തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ ചൂടാറും മുന്‍പ് രാജി പ്രഖ്യാപിച്ച് എംപി!!

ലോക്സഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്ന്‍ മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ രാജി പ്രഖാപിച്ച് കര്‍ണാടക ജെ.ഡിഎസ്​ എംപി പ്രജ്വല്‍ രേവണ്ണ.

Last Updated : May 24, 2019, 05:30 PM IST
 തിരഞ്ഞെടുപ്പ് ഫലത്തിന്‍റെ ചൂടാറും മുന്‍പ് രാജി പ്രഖ്യാപിച്ച് എംപി!!

ബംഗളൂരൂ: ലോക്സഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്ന്‍ മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ രാജി പ്രഖാപിച്ച് കര്‍ണാടക ജെ.ഡിഎസ്​ എംപി പ്രജ്വല്‍ രേവണ്ണ.

ഹസനിൽ നിന്നും 1,41,324 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച പ്രജ്വല്‍ രേവണ്ണ ജെഡിഎസിന്‍റെ ഏക എംപിയാണ്. മുത്തച്​ഛനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡക്ക് വേണ്ടിയാണ് പ്രജ്വലിന്‍റെ രാജി.

വര്‍ഷങ്ങളായി ദേവഗൗഡ മത്സരിച്ച് വിജയിച്ചിരുന്ന ഹാസന്‍ സീറ്റില്‍ ഇത്തവണ കൊച്ചുമകനെ നിര്‍ത്തുകയായിരുന്നു. പകരം തുമകുരുവില്‍ മത്സരിച്ച ദേവഗൗഡ 13339 വോട്ടിന് പരാജയപ്പെട്ടു. 

1,41,324 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രജ്വല്‍ ഹാസന്‍ സീറ്റില്‍ വിജയിച്ചത്. ഇന്ന് രാവിലെ പത്ര സമ്മേളനം വിളിച്ചാണ് പ്രജ്വല്‍ രേവണ്ണ രാജി പ്രഖ്യാപനം നടത്തിയത്. 

സംസ്ഥാനത്തെ ജനങ്ങളും ജെഡിഎസ് പ്രവര്‍ത്തകരും എച്ച്.ഡി.ദേവഗൗഡ പാര്‍ലമെന്‍റിലെത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വീണ്ടും ജയിച്ച് പാര്‍ലമെന്‍റിലെത്തുമെന്നും പ്രജ്വല്‍ പറഞ്ഞു.

രാജിവെക്കുന്നതിന് മുമ്പ്​ എച്ച്.ഡി.ദേവഗൗഡ, മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി എന്നിവരെ കാണുമെന്നും പ്രജ്വല്‍ അറിയിച്ചു. 

കൂടാതെ, താന്‍ രാജിവെക്കുന്നതിന് പിന്നില്‍ കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദമില്ലെന്നും മുത്തച്ഛനെ പാര്‍ലമെന്‍റിലെത്തിക്കുക മാത്രമാണ് രാജിക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം,  പ്രജ്വലി​​ന്‍റെ രാജി ജെ.ഡി.എസോ ദേവഗൗഡയോ അംഗീകരിച്ചിട്ടില്ല. ദേവഗൗഡയുടെ മകനും കർണാടക പൊതുമരാമത്ത്​ മന്ത്രിയുമായ എച്ച്​.ഡി രേവണ്ണയുടെ മകനാണ്​ പ്രജ്വൽ രേവണ്ണ. 

ദേവഗൗഡയുടെ മറ്റൊരു മകനും മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിയുടെ മകൻ നിഖില്‍ കുമാരസ്വാമി മാണ്ഡ്യയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 

കര്‍ണാടകത്തില്‍ ബിജെപിക്കെതിരെ സഖ്യത്തില്‍ മത്സരിച്ച കോണ്‍ഗ്രസിനും ജെഡിഎസിനും ഓരോ സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്.

 

 

 

 

Trending News