പ്രണബിനെ ഒഴിവാക്കി രാഹുലിന്‍റെ ഇഫ്താര്‍ വിരുന്ന്!!

രണ്ടു വര്‍ഷത്തിനു ശേഷം കോണ്‍ഗ്രസ്‌ പാര്‍ട്ടി ഒരുക്കുന്ന ഇഫ്താര്‍ വിരുന്നില്‍ മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ പ്രണബ് മുഖര്‍ജിയ്ക്ക് ക്ഷണമില്ല!!

Last Updated : Jun 11, 2018, 06:14 PM IST
പ്രണബിനെ ഒഴിവാക്കി രാഹുലിന്‍റെ ഇഫ്താര്‍ വിരുന്ന്!!

ന്യൂഡല്‍ഹി: രണ്ടു വര്‍ഷത്തിനു ശേഷം കോണ്‍ഗ്രസ്‌ പാര്‍ട്ടി ഒരുക്കുന്ന ഇഫ്താര്‍ വിരുന്നില്‍ മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവുമായ പ്രണബ് മുഖര്‍ജിയ്ക്ക് ക്ഷണമില്ല!!

രാഷ്ട്രീയ – സാമൂഹിക മേഖലകളിലെ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന ഇഫ്താറില്‍നിന്നു പ്രണബ് മുഖര്‍ജിയെകൂടാതെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, മുന്‍ ഉപരാഷ്‌ട്രപതി ഹാമിദ് അന്‍സാരി എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്. 

ഇഫ്താര്‍ വിരുന്നില്‍ പ്രണബ് മുഖര്‍ജിയ്ക്ക് ക്ഷണം നല്‍കാത്തതിന് പിന്നില്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തുപോയി പ്രസംഗിച്ച സംഭവം തന്നെയാവണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കാരണം ആ സംഭവം കോണ്‍ഗ്രസ് നേതൃത്വത്തെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. സോണിയഗാന്ധി പോലും ഇതില്‍ അതൃപ്തി അറിയിച്ചിരുന്നു. 

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ പലരും പ്രണബിന്‍റെ നീക്കത്തെ എതിര്‍ക്കുകയും ആ എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മകള്‍ ശര്‍മ്മിഷ്ട മുഖര്‍ജി അടക്കമുള്ളവരുടെ എതിര്‍പ്പുകള്‍ മറികടന്നാണ് പ്രണബ് മുഖര്‍ജി നാഗ്പൂരിലെത്തിയതും വാര്‍ഷിക പരിപാടിയില്‍ സംബന്ധിച്ചതും.

ഭാരത പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, അസഹിഷ്ണുതയെയും അക്രമത്തെയും കടുത്ത വിമര്‍ശനത്തിരയാക്കിയാണ് പ്രണബ് ആര്‍എസ്എസ് ആസ്ഥാനത്ത് പ്രസംഗിച്ചതെങ്കിലും ആര്‍.എസ്.എസ് സ്ഥാപകന്‍ കെ.ബി ഹെഡ്‌ഗെവാറിനെ ‘ഭാരത മാതാവിന്‍റെ മഹാപുത്രന്‍' എന്നു വിശേഷിപ്പിച്ചത് കടുത്ത എതിര്‍പ്പ് സൃഷ്ടിച്ചിരുന്നു. 

ജൂണ്‍ 13നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആദ്യ ഇഫ്താര്‍ സംഗമം. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷ൦ നടത്തുന്ന ഇഫ്താര്‍ വിരുന്ന് ന്യൂഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലിലാണ് നടക്കുക. 2015 ലാണ് അവസാനമായി കോണ്‍ഗ്രസ് ഇഫ്താര്‍ നടത്തിയത്. 

 

 

Trending News