ന്യൂഡല്‍ഹി: ദളിത് കര്‍ഷക നേതാവ് രാം ഷകല്‍, ആര്‍എസ്എസ് ചിന്തകനും എഴുത്തുകാരനുമായ രാകേഷ് സിന്‍ഹ, ശില്പി രഘുനാഥ് മൊഹാപാത്ര, നര്‍ത്തകി സൊണാല്‍ മാന്‍ സിംഗ് എന്നിവരെ രാഷ്ട്രപതി റാംനാഥ് കോവിന്ദ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു.
പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി ഇവരെ നാമനിര്‍ദ്ദേശം ചെയ്തത്.
നിലവില്‍ പ്രസിഡന്റ് ശുപാര്‍ശ ചെയ്ത എട്ടുപേരാണ് രാജ്യസഭയിലുള്ളത്.
ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, നടി രേഖ, വ്യവസായി അനു അഗഹ, അഭിഭാഷകന്‍ കെ.പര്‍സാറന്‍ എന്നിവരുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് രാഷ്ട്രപതി പുതിയ പേരുകള്‍ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദളിത് കര്‍ഷക നേതാവാണ് രാം ഷകല്‍. കര്‍ഷകരുടെയും തൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. യുപിയിലെ റോബര്‍ട്ട്സ്ഗഞ്ച് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംപിയായിട്ടുണ്ട്.
ഡല്‍ഹി കേന്ദ്രീകരിച്ചുള്ള ഇന്ത്യ പോളിസി ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിന്‍റെ സ്ഥാപകനും ഡയറക്ടറുമായ രാകേഷ് സിന്‍ഹ, ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ മോത്തിലാല്‍ നെഹ്‌റു കോളജിലെ അധ്യാപകനുമാണ്. നിലവില്‍ ഇന്ത്യന്‍ സാമൂഹിക ശാസ്ത്ര പഠന കേന്ദ്രത്തില്‍ അംഗവുമാണ് അദ്ദേഹം.
അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ശില്‍പികളിലൊരാളാണ് രഘുനാഥ് മൊഹാപാത്ര. പുരി ജഗന്നാഥ ക്ഷേത്രത്തിലെ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഭാഗമായിട്ടുണ്ട്.
ആറ് പതിറ്റാണ്ടായി ഭരതനാട്യം, ഒഡീസി എന്നീ ക്ലാസിക്കല്‍ നൃത്തരംഗത്ത് സജീവമാണ് സൊണാല്‍ മാന്‍സിംഗ്. ഡല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സിന് തുടക്കം കുറിച്ചത് സൊണാലിയാണ്.