സോന്‍ഭദ്ര: കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് സോന്‍ഭദ്രയില്‍. 10 ദളിത് ഗ്രാമവാസികള്‍ കൊല്ലപ്പെട്ട ഉംഭ ഗ്രാമം സന്ദര്‍ശിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രിയങ്ക ഗാന്ധി ഇന്ന് സോന്‍ഭദ്രയിലെത്തുന്നത്.
ഗ്രാമത്തിലെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും സംഭവത്തിന് ശേഷം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സ്വീകരിച്ച നടപടി ക്രമങ്ങളെ കുറിച്ചും പ്രിയങ്ക ഗാന്ധി ഇവരോട് നേരിട്ട് സംസാരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസിലും ഉണര്‍വ്വ് സൃഷ്ടിച്ചിട്ടുണ്ട്. സംസ്ഥാനത്തെ നിരവധി മുതിര്‍ന്ന കോൺഗ്രസ് നേതാക്കള്‍, സംസ്ഥാന അദ്ധ്യക്ഷന്‍ രാജ് ബബ്ബാർ ഉൾപ്പെടെ പ്രിയങ്കയ്ക്കൊപ്പം ഗ്രാമം സന്ദര്‍ശിക്കും.
രാവിലെ 10 മണിയോടെ വരണാസിയിലെ ബാബത്പൂർ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക ഇവിടെ നിന്ന് നേരിട്ട് സോന്‍ഭദ്രയിലേക്ക് യാത്രയാകും. ഉച്ചയ്ക്ക് ഒരു മണിയോടെ റോഡ് മാർഗം അവർ ഉംഭ ഗ്രാമത്തിലെത്തും. ദുരിതബാധിത കുടുംബങ്ങളിലെ ആളുകളുമായി ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയ ശേഷം തിരികെ വാരണാസിയിൽ എത്തും. അവിടെനിന്നും വിമാനമാര്‍ഗ്ഗം അവര്‍ ഡല്‍ഹിയ്ക്ക് മടങ്ങും.
ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയിലെ ഉ൦ഭ ഗ്രാമത്തില്‍ നരസംഹാരം നടന്നത് കഴിഞ്ഞ ജൂലൈ 17നാണ്. ഭൂമി വിവാദവുമായി ബന്ധപ്പെട്ടാണ് ക്രൂരമായ കൂട്ടക്കൊല നടന്നത്.
ഉഭ ഗ്രാമത്തലവന്‍ ഇ.കെ ദത്ത് രണ്ട് വര്‍ഷം മുമ്പ് 36 ഏക്കര്‍ കൃഷിഭൂമി വാങ്ങിയിരുന്നു. ഭൂമി ഏറ്റെടുക്കാന്‍ ഇയാള്‍ എത്തിയപ്പോള്‍ ഗ്രാമീണര്‍ എതിര്‍ത്തതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.
സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ചൂണ്ടിക്കാട്ടി ഗ്രാമീണര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ഗ്രാമത്തലവന്‍ കൂട്ടാളികളുമായി ചേര്‍ന്ന് ഗ്രാമീണര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവത്തിന് ശേഷം കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ പ്രിയങ്ക ഗാന്ധി സോന്‍ഭദ്രയിലേക്ക് യാത്ര തിരിച്ചിരുന്നു. എന്നാല്‍, പ്രിയങ്കയെ അവിടേക്ക് പറഞ്ഞയക്കാതെ സംസ്ഥാന പൊലീസ് വഴിയില്‍ തടഞ്ഞിരുന്നു. ഒരു രാത്രി മുഴുവന്‍ ഗസ്റ്റ് ഹൗസിലിരുന്ന് പ്രതിഷേധിച്ച പ്രിയങ്കയെ കാണാന്‍ പിന്നീട് കിലോമീറ്ററുകള്‍ നടന്ന് ഇരകളുടെ കുടുംബാംഗങ്ങള്‍ എത്തുകയായിരുന്നു.