New Delhi: രാജ്യത്ത് പെട്രോള്‍, ഡീസല്‍, പാചകവാതകവില ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ്.
മിക്ക സംസ്ഥാനങ്ങളിലും നൂറു രൂപയ്ക്കടുത്താണ് ഇന്ധനവില (Fuel Price). ചുരുക്കം ചില സംസ്ഥാനങ്ങള്‍ തങ്ങളുടെ നികുതി വരുമാനത്തില്‍ ഇളവ് വരുത്തി ഇന്ധനവില വര്‍ധനവ് നിയന്ത്രിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വലിയ മാറ്റമൊന്നും വിലയില്‍ ഉണ്ടായിട്ടില്ല. നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകളാണ് സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി നികുതി ഭാരം വെട്ടിക്കുറയ്ക്കാന്‍ തയ്യാറായത്.
കുതിച്ചു കയറുന്ന ഇന്ധനവില സൃഷ്ടിക്കുന്ന വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പണിമുടക്ക് നടന്നിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്ധനവിലവര്‍ധനവിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും കരകയറുന്ന ജനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഇന്ധന വില വര്‍ധന. ഡീസല്‍ വില വര്‍ധിച്ചത് കാരണം അവശ്യ വസ്തുക്കളുടെ വിലയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ 100 രൂപ കടന്നിരിയ്ക്കുകയാണ് പെട്രോള്‍ വില. ഡീസല്‍ വിലയും തൊട്ടു പിന്നലെതന്നെയുണ്ട്. ഇന്ധനവില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറച്ച് വില വര്‍ധന തടയണമെന്ന് RBI ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു. യാത്രക്കാര്‍ മാത്രമല്ല, പെട്രോളും ഡീസലും ഉപയോഗിക്കുന്നത്, നിര്‍മ്മാണം, ഗതാഗതം തുടങ്ങി പല മേഖലകളെയും വില വര്‍ദ്ധന ബാധിക്കുന്നതായി ശക്തികാന്ത ദാസ് ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, വിവിധ മേഘലകളില്‍നിന്നും ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ വില കുറയ്ക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ഒരു ലിറ്റര്‍ പെട്രോളിന് ഈടാക്കുന്ന തുകയില്‍ 60%വും നികുതിയാണ്. നികുതി ഇനത്തില്‍ കുറവ് വരുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. എക്സൈസ് ഡ്യൂട്ടി കുറയ്ക്കാന്‍ കേന്ദ്രം ആലോചിക്കുന്നുവെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉപയോഗിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ചൈനയും അമേരിക്കയുമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഇന്ത്യ പോലുള്ള രാജ്യത്ത് ഇന്ധനവില ഇത്രയും ഉയരുന്നത് സാധാരണ ജനങ്ങളെ ഏറെ ദുരിതത്തിലാക്കുമെന്നാണ് വിലയിരുത്തല്‍. ഇതേതുടര്‍ന്നാണ് കേന്ദ്ര ധനമന്ത്രാലയം നികുതി കുറയ്ക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നത് എന്നാണ് സൂചന.
കൊറോണയുടെ പശ്ചാത്തലത്തില്‍ ഉപയോഗം കുറഞ്ഞതിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ബാരലിന് 25 ഡോളറിലെത്തിയിരുന്നു. ഈ സമയവും ഇന്ത്യയില്‍ ഇന്ധനവിലയില്‍ വലിയ മാറ്റമൊന്നും വന്നിരുന്നില്ല.
നികുതി കുറയ്ക്കുന്നത് സംബന്ധിച്ച് ചില സംസ്ഥാനങ്ങളോടും എണ്ണ കമ്പനികളോടും കേന്ദ്ര ധനമന്ത്രാലയം ചര്‍ച്ച നടത്തി. കേന്ദ്ര ഖജനാവിന് തിരിച്ചടിയില്ലാത്ത വിധം നേരിയ തോതില്‍ നികുതി കുറയ്ക്കാനാണ് ആലോചന. മാര്‍ച്ച് പകുതിയോടെ സുപ്രധാനമായ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
Also read: Petrol Price: നാഗാലാന്റും നികുതി കുറച്ചു,18.26 രൂപയായിരുന്ന നികുതി 16.04 ലേക്ക് കുറയും
കഴിഞ്ഞ 10 മാസത്തിനിടെ അസംസ്കൃത എണ്ണയുടെ വില ഇരട്ടിയിട്ടുണ്ട്. അതിനാലാണ് ആഭ്യന്തര വിപണയിലും വില കുത്തനെ ഉയരുന്നത്. എണ്ണ കമ്പനികള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം വേണമെന്ന ആവശ്യവും ഇതിനോടകം ശക്തമായിരിയ്ക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...