യുദ്ധത്തിനിറങ്ങിയാല്‍ ജയിക്കണം; രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രഖ്യാപനം 31ന്

  

Last Updated : Dec 26, 2017, 11:20 AM IST
യുദ്ധത്തിനിറങ്ങിയാല്‍ ജയിക്കണം; രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രഖ്യാപനം 31ന്

ചെന്നൈ: സ്വന്തം  ശൈലിയിലാണ് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനവും നടത്തിയത്. തന്‍റെ രാഷ്ടീയ പ്രവേശനം സംബന്ധിച്ച തീരുമാനം ആരാധകസംഗമത്തിന്‍റെ അവസാന ദിവസമായ ഈ മാസം 31ന് ഉണ്ടാകുമെന്ന് രജനീകാന്ത് വ്യക്തമാക്കി.  

ഇന്നു മുതല്‍ പുതുവര്‍ഷം വരെയാണ് 'മീറ്റ് ആന്‍ഡ് ഗ്രീറ്റ്' എന്ന പേരില്‍  ആരാധക കൂടിക്കാഴ്ച നടക്കുന്നത്. സംഗമത്തിന്‍റെ തുടക്കത്തിലാണ് 'ഞാന്‍ രാഷ്ട്രീയത്തില്‍ പുതുതല്ലയെന്നും ഞാന്‍ രാഷ്ട്രീയത്തില്‍ എത്താന്‍ വൈകുകയായിരുന്നുവെന്നും രാഷ്ട്രീയ പ്രവേശനമെന്നത് വിജയ തുല്യമാണ്.അതിനാല്‍ തന്നെ തീരുമാനം ഡിസംബര്‍ 31ന് അറിയിക്കും' എന്നും രജനി ആരാധകരോട് പറഞ്ഞു. 

കൂടുതൽ ഊഹാപോഹങ്ങൾ വേണ്ട. യുദ്ധത്തിന് ഒരുങ്ങാന്‍ നിങ്ങളോട് ഞാന്‍ പറഞ്ഞിരുന്നു. അതിനുള്ള സമയമായിരിക്കുന്നു. യുദ്ധത്തിനിറങ്ങിയാല്‍ വിജയം നമ്മോടൊപ്പമായിരിക്കണം. അത് ഉറപ്പിക്കേണ്ടത് നിങ്ങളാണ്. അതേപോലെ രാഷ്ട്രീയത്തിലിറങ്ങിയാൽ വിജയം നമുക്ക് ഉറപ്പാക്കണമെന്നുമാണ് രജനീകാന്ത് പറഞ്ഞത്.  കൃത്യമായ രാഷ്ട്രീയ പ്രവേശനമുന്നൊരുക്കത്തോടെയാണ് രജനി കോടാമ്പക്കത്ത്‌ തന്റെ ആരാധകരെ അഭിസംബോധന ചെയ്തതെന്ന് വ്യക്തമാക്കുന്നതായിരുന്നു വാക്കുകൾ.  സിനിമയിലെ പൂര്‍വ്വകാലത്തെകുറിച്ചാണ് രജനി ആരാധകരോട് കൂടുതലും സംസാരിച്ചത്.  18 ജില്ലകളില്‍ നിന്നായുള്ള ആയിരക്കണക്കിന് ആരാധകരാണ് രജനിയുടെ പ്രസംഗം കേള്‍ക്കാനെത്തിയത്.

 

 

രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നുവെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. ഇക്കഴിഞ്ഞ മേയില്‍ നടന്ന ആരാധകസംഗമത്തിലും രജനി രാഷ്ട്രീയ പ്രവേശനത്തിനുള്ള സൂചന നല്‍കിയിരുന്നു. സംഗമത്തിന്‍റെ ആദ്യദിനം ദൈവഹിതമുണ്ടെങ്കില്‍ താന്‍ രാഷ്ട്രീയത്തിലെത്തുമെന്നും ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്നുമായിരുന്നു രജനി  അന്ന് വ്യക്തമാക്കിയത്. യുദ്ധം വരുമ്പോള്‍ നമുക്ക് ഒരുമിക്കാം എന്ന് പറഞ്ഞായിരുന്നു സൂപ്പര്‍സ്റ്റാര്‍ അന്ന് സംഗമം അവസാനിപ്പിച്ചത്.

Trending News