ഗുവാഹത്തി: ചായ മിക്കവർക്കും ഇഷ്ടമുള്ള ഒരു പാനീയമാണ്. ചായ കുടിക്കുന്നത് ഉന്മേഷവും ഊർജവും ഉണ്ടാകുന്നതിന് നല്ലതാണ്. എന്നാൽ നിങ്ങൾ വാങ്ങുന്ന തേയിലക്ക് കിലോയ്ക്ക് എത്രയാണെന്ന് ചോദിച്ചാൽ എന്തായിരിക്കും മറുപടി. കിലോയ്ക്ക് 200/400/800 രൂപയോളമെന്നാണോ മറുപടി. ഒരു കിലോയ്ക്ക് 1000 രൂപ നൽകുമെന്നും മറുപടിയുണ്ടാകാം. എന്നാൽ കിലോയ്ക്ക് ഒരു ലക്ഷം രൂപ വിലയ്ക്ക് തേയില വിൽപ്പനയ്ക്കുണ്ടെന്ന് കേട്ടാലോ... വിശ്വസിച്ചാലും ഇല്ലെങ്കിലും സംഭവം സത്യമാണ്. അസമിലെ ഗോലാഘട്ട് ജില്ലയിൽ നിന്നുള്ള അപൂർവ ഇനം ഓർഗാനിക് ടീയായ പഭോജൻ ഗോൾഡ് ടീ തിങ്കളാഴ്ച ജോർഹട്ടിലെ ഒരു ലേല കേന്ദ്രത്തിൽ നിന്ന് കിലോഗ്രാമിന് ഒരു ലക്ഷം രൂപയ്ക്കാണ് വിറ്റ് പോയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന തേയില നിരക്കാണിത്.
പഭോജൻ ഓർഗാനിക് ടീ എസ്റ്റേറ്റ് വിറ്റ ചായ അസം ആസ്ഥാനമായുള്ള തേയില ബ്രാൻഡായ ഇസാഹ് ടീയാണ് വാങ്ങിയതെന്ന് ജോർഹട്ട് ടീ ലേല കേന്ദ്രം (ജെടിഎസി) ഉദ്യോഗസ്ഥൻ പറഞ്ഞു. പഭോജൻ ഗോൾഡ് ടീ, ചായത്തോട്ടത്തിൽ നിന്ന് പറിച്ചെടുത്ത ഏറ്റവും മികച്ച കൊളുന്തുകളിൽ നിന്നാണ് ഉണ്ടാക്കിയിരിക്കുന്നത്. കൊളുന്തുകൾ സ്വർണ്ണ നിറമാകുകയും ചായയ്ക്ക് മികച്ച നിറം നൽകുകയും ചെയ്യുന്നു. അസമിൽ നിന്നുള്ള ഏറ്റവും മികച്ച തേയില മിശ്രിതം ഉപഭോക്താക്കൾക്ക് നൽകാൻ ഇത് സഹായിക്കുമെന്ന് ഇസാഹ് ടീയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ബിജിത് ശർമ്മ പറഞ്ഞു. 'ഈ ചായ ഇനം അപൂർവമാണ്, ചായ ആസ്വാദകർക്ക് ഇത് ഒരു കപ്പിലെ അനുഭവമാണ്. ഞങ്ങളുടെ ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഉപഭോക്താക്കൾ ഈ വൈവിധ്യത്തിന്റെ രുചിയും മൂല്യവും മനസ്സിലാക്കുകയും ചെയ്യും. അവർക്ക് ആധികാരികമായ അസം ചായ രുചികൾ നൽകാനുള്ള ഞങ്ങളുടെ ദൗത്യം തുടരാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്' അദ്ദേഹം പറഞ്ഞു.
ALSO READ: Ice-Cold Water: വേനൽക്കാലത്ത് തണുത്ത വെള്ളം കുടിക്കുന്നതിന്റെ ദോഷങ്ങൾ
‘നഷ്ടപ്പെട്ട പ്രശസ്തി വീണ്ടെടുക്കാൻ അസം തേയില വ്യവസായത്തെ സഹായിക്കും’ പഭോജൻ ഓർഗാനിക് ടീ എസ്റ്റേറ്റിന്റെ ഉടമ രാഖി ദത്ത സൈകിയ പറഞ്ഞു, 'ഞങ്ങൾ ഈ അപൂർവ ഇനം തേയില ഒരു കിലോ മാത്രമേ ഉൽപ്പാദിപ്പിച്ചിട്ടുള്ളൂ, ചരിത്രം സൃഷ്ടിച്ച ഈ പുതിയ റെക്കോർഡ് ബ്രേക്കിംഗ് വിലയിൽ സന്തോഷമുണ്ട്. തേയിലക്ക് ലഭിച്ച മികച്ച വില തേയില വ്യവസായത്തിന്റെ നഷ്ടപ്പെട്ട പ്രശസ്തി വീണ്ടെടുക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' സൈകിയ പറഞ്ഞു. ഉപഭോക്താക്കളിൽ നിന്നുള്ള ഉയർന്ന ആവശ്യകതയെ തുടർന്നാണ് ഇത്തരത്തിലുള്ള പ്രീമിയം ഗുണനിലവാരമുള്ള സ്‌പെഷ്യാലിറ്റി ചായയ്‌ക്കായി ആദ്യമായി ഈ ഇനം നിർമ്മിച്ചതെന്നും സൈകിയ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...