Republic Day 2020: അവസാനഘട്ട ഒരുക്കവും പൂര്‍ത്തിയായി

സുരക്ഷയുടെ ഭാഗമായി ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കൂടാതെ സുരക്ഷ ഇരട്ടിയാക്കുന്നതിനായി സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.  

Last Updated : Jan 25, 2020, 04:07 PM IST
Republic Day 2020: അവസാനഘട്ട ഒരുക്കവും പൂര്‍ത്തിയായി

ന്യൂഡല്‍ഹി: എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനാഘോഷത്തിനായുള്ള അവസാന ഘട്ട ഒരുക്കവും രാജ്യ തലസ്ഥാനത്ത് പൂര്‍ത്തിയായി. 

ഈ വര്‍ഷം റിപ്പബ്ലിക് ദിന പരേഡില്‍ ബ്രസീല്‍ പ്രസിഡന്റ് ബൊള്‍സൊനാരൊയാണ് മുഖ്യാതിഥി. പരേഡ് ഉള്‍പ്പടെയുള്ള എല്ലാ പരിപാടികളുടെയും അവസാനഘട്ട ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. 

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. സൈനിക ശക്തി പ്രകടമാക്കികൊണ്ട് രാജ്പഥില്‍ തുടങ്ങി ചെങ്കോട്ടയില്‍ അവസാനിക്കുന്ന സൈനിക പരേഡിന്‍റെയും സാംസ്‌കാരിക പരിപാടികളുടേയും പരിശീലനം വ്യാഴാഴ്ച പൂര്‍ത്തിയായിരുന്നു.

സുരക്ഷയുടെ ഭാഗമായി ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കൂടാതെ സുരക്ഷ ഇരട്ടിയാക്കുന്നതിനായി സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ഉയരമുള്ള കെട്ടിടങ്ങളിലായി ഷാര്‍പ്പ് ഷൂട്ടര്‍മാരെയും വിന്യസിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പരേഡ് നടക്കുന്ന പാതയില്‍ മാത്രമായി 500 എക്‌സ് റേ മെഷീനുകളും, 1000 സിസിടിവിക്യാമറകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. ചില സ്ഥലങ്ങളില്‍ ഫേസ് റെക്കഗ്നിഷന്‍ സോഫ്റ്റ്‌വെയര്‍ സംവിധാനമുള്ള ക്യാമറകളും സ്ഥാപിക്കും.  

പുരുഷന്മാര്‍ മാത്രം ഉള്‍പ്പെട്ട കരസേനയുടെ സിഗ്‌നല്‍ കോര്‍ സംഘത്തെ ഇത്തവണ പഞ്ചാബ് സ്വദേശിനിയായ ക്യാപ്റ്റന്‍ ടാനിയ ഷേര്‍ഗില്‍ നയിച്ച്‌ ചരിത്രത്തിലേയ്ക്ക് ചുവടുവെയ്ക്കും. 

ആദ്യമായാണ് കരസേനയില്‍ പുരുഷന്‍മാര്‍ മാത്രമുള്‍പ്പെട്ട സംഘത്തെ വനിതാ ഓഫീസര്‍ നയിക്കുന്നത്. മൂന്ന് വര്‍ഷം മുന്‍പാണ് ടാനിയ സേനയില്‍ ചേര്‍ന്നത്. 

പാലക്കാട് സ്വദേശി അനിരുദ്ധ് നായരാണ് ഗ്രനേഡിയേഴ്‌സ് സംഘത്തിന് നേതൃത്വം നല്‍കുക. അനിരുദ്ധ് നായര്‍ നാഗാലാന്‍ഡിലാണ് ജോലി ചെയ്യുന്നത്. 

5 വര്‍ഷത്തിന് ശേഷമാണ് ഗ്രനേഡിയേഴ്‌സ് സംഘം പരേഡില്‍ പങ്കെടുക്കുന്നത്. 2015 ല്‍ പരേഡില്‍ പങ്കെടുത്തപ്പോള്‍ മികച്ച സേനാ സംഘത്തിനുള്ള പുരസ്‌ക്കാരം ഗ്രനേഡിയേഴ്‌സ് സ്വന്തമാക്കിയിരുന്നു.

പരേഡ് ആരംഭിക്കുന്നതിന് മുന്‍പ് അമര്‍ജവാന്‍ ജ്യോതിക്ക് പകരം യുദ്ധസ്മാരകത്തിലെത്തിയാണ് ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദിയും വിവിധ സൈനിക മേധാവികളും വീരമൃത്യു വരിച്ച ധീര ജവാന്മാര്‍ക്കുള്ള അഭിവാദ്യമര്‍പ്പിക്കുന്നത്.

ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മെട്രോ സ്റ്റേഷനുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം ഇരട്ടിയാക്കുകയും പരിശോധന കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ട്.

മാത്രമല്ല ജനുവരി 25 അര്‍ധരാത്രി മുതല്‍ ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. സുരക്ഷയുടെ ആദ്യമൂന്ന് തലങ്ങളിലുള്ള ദൗത്യങ്ങള്‍ നിര്‍വ്വഹിക്കേണ്ട ഉത്തരവാദിത്തം ഡല്‍ഹി പോലീസിനാണ് നല്‍കിയിരിക്കുന്നത്.

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്നവരെ കസ്റ്റഡിയില്‍ എടുക്കാനും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. 

Trending News