ന്യൂഡല്‍ഹി: 2018ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഉടലെടുത്ത അലോസരങ്ങള്‍ മറ നീക്കി പുറത്തു വരികയാണ്.
ഇതിനിടെ, തനിക്ക് പിന്തുണ നല്‍കുന്ന 12 MLAമാര്‍ക്കൊപ്പം ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ഡല്‍ഹിയില്‍ എത്തിയിരിയ്ക്കുകയാണ്.
മധ്യപ്രദേശില്‍ നടത്തിയ രാഷ്ട്രീയ നാടക൦ ബിജെപി രാജസ്ഥാനിലും ആവര്‍ത്തിക്കുകയാണ് എന്നായിരുന്നു മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് കഴിഞ്ഞ ദിവസം പറഞ്ഞത്. കോടികളാണ് എംഎൽഎമാരെ ചാക്കിട്ടുപിടിയ്ക്കാന്‍ ബിജെപി ചിലവിടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍, ആരോപണ പ്രത്യാരോപണങ്ങൾ കൊഴുക്കുന്നതിനിടെയാണ് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് 12 MLAമാര്‍ക്കൊപ്പം ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നിരിയ്ക്കുന്നത്.
കോൺഗ്രസിനെ രാജസ്ഥാനിൽ ഭരണത്തിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ് പിസിസി അദ്ധ്യക്ഷന്‍ കൂടിയായ സച്ചിൻ പൈലറ്റ്. ഭൂരിപക്ഷം ലഭിച്ചതോടെ അദ്ദേഹം മുഖ്യമന്ത്രിയാകുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ മുതിർന്ന നേതാവായ അശോക് ഗെഹ്‌ലോട്ടിനെ മുഖ്യമന്ത്രിയായി പാര്‍ട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. സച്ചിന്‍ പൈലറ്റ് ഉപ മുഖ്യമന്ത്രിയായി അധികാരമേറ്റുവെങ്കിലും ഇരുവരും തമ്മില്‍ അത്ര രസ ത്തിലായിരുന്നില്ല. പലപ്പഴും ഇത് സച്ചിന്‍ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇരുവരും തമ്മിൽ പല വിഷയങ്ങളിലും അതൃപ്തി ഉള്ളതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
അതേസമയം ഇത്തരം അഭ്യൂഹങ്ങൾ സച്ചിൻ തള്ളിയിരുന്നു. എന്നാൽ സച്ചിന്‍റെ ഡല്‍ഹി സന്ദർശനമാണ് പുതിയ ചർച്ചകൾക്ക് വഴിത്തിരിവായത്. 25 എംഎല്‍എമാര്‍ സച്ചിനൊപ്പമാണെന്നാണ് റിപ്പോര്‍ട്ട് .
മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായി വിവിധ വിഷയങ്ങളിൽ വിയോജിപ്പുള്ള എംഎൽഎമാർ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് അതൃപ്തി അറിയിക്കുമെന്നാണ് വിവരം. പൈലറ്റ് പക്ഷത്തുള്ള എംഎൽഎയായ പിആർ മീരയും സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ചയക്ക് സമയം തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പാര്‍ട്ടി മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേലുമായി പൈലറ്റ് കൂടിക്കാഴ്ച നടത്തിയിരുന്നു
അതേസമയം, ഗെഹ്ലോട്ടും സച്ചിനും തമ്മിലുള്ളത് ചെറിയ തർക്കങ്ങൾ മാത്രമാണെന്നും അത് ഉടൻ പരിഹരിക്കപ്പെടുമെന്നാണ് ദേശീയ നേതൃത്വം കരുതുന്നത്. കൂടാതെ, അറ്റകൈ തിരുമാനങ്ങളൊന്നും കൈക്കൊള്ളരുതെന്ന് സച്ചിനോട് ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സിന്ധ്യയെ പോലെ സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക് പോകില്ലെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. സിന്ധ്യയെ പോലെ അല്ല സച്ചിൻ. ഉപമുഖ്യമന്ത്രി പദവിയും സംസ്ഥാന അദ്ധ്യക്ഷ പദവിയും സച്ചിനാണെന്നതിനാൽ തന്നെ അത്തരം കടുത്ത തിരുമാനങ്ങൾ ഉണ്ടായേക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കു കൂട്ടുന്നത്.
രാജസ്ഥാന്‍ നിയമസഭയില്‍ ആകെയുള്ള 200ല്‍ 107 സീറ്റുകളാണ് കോണ്‍ഗ്രസിനുള്ളത്. 12 സ്വതന്ത്രര്‍, രാഷ്ട്രീയ ലോക് ദള്‍, ഭാരതീയ ട്രൈബല്‍ പാര്‍ട്ടി എന്നിവയില്‍നിന്നുള്ള 5 എം.എല്‍.എമാരുടെ പിന്തുണയും കോണ്‍ഗ്രസിനുണ്ട്.