ന്യൂഡല്‍ഹി: ഗുസ്തിതാരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയറിയിച്ച് കര്‍ഷകര്‍. സംയുക്ത കിസാന്‍ മോര്‍ച്ച (എസ്.കെ.എം.)യാണ് റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യൂ.എഫ്.ഐ.)യുടെ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ ഗുസ്തിതാരങ്ങള്‍ നടത്തുന്ന സമരത്തില്‍ അണിചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ ജന്തര്‍ മന്തറില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഞായറാഴ്ച ആയിരക്കണക്കിന് കര്‍ഷകര്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി തലസ്ഥാനത്തേക്ക് എത്തിച്ചേരുമെന്നാണ് സൂചന. എസ്.കെ.എം. നേതാക്കളായ രാകേഷ് ടിക്കായത്ത്, ഹന്നന്‍ മൊല്ല തുടങ്ങിയവര്‍ ജന്തര്‍ മന്തറിലെത്തി ഗുസ്തിതാരങ്ങളെ നേരില്‍ കണ്ടു.
പഞ്ചാബ്, ഹരിയാണ, ഡല്‍ഹി, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് എസ്.കെ.എമ്മിന്റെ നിരവധി നേതാക്കള്‍ ജന്തര്‍ മന്തറില്‍ എത്തി ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന് എസ്.കെ.എം. ശനിയാഴ്ച പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. അതേസമയം ഡല്‍ഹിയില്‍ എത്താന്‍ തുനിഞ്ഞ ഒരു സംഘം കര്‍ഷകരെ പോലീസ് ടിക്രി അതിര്‍ത്തിയില്‍ തടഞ്ഞുവെന്നാണ് വിവരം. ഗുസ്തിതാരങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും ഭാവി നടപടികള്‍ ഞായറാഴ്ച തീരുമാനിക്കുമെന്നും എസ്.കെ.എം. നേതാവ് രാകേഷ് ടികായത്ത് നേരത്തെ അറിയിച്ചിരുന്നു.
ALSO READ: കർണാടകയില്‍ വിജയം ഉറപ്പാക്കാന്‍ ട്രംപ് കാര്‍ഡ് പുറത്തെടുത്ത് BJP!!
റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ ലൈംഗിക ചൂഷണ പരാതിയാണ് ഇവര്‍ ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നും സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് ബജ്രംഗ് പൂനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മല്ലിക് ഉള്‍പ്പെടെയുള്ള ഗുസ്തി താരങ്ങള്‍ കഴിഞ്ഞ പത്തുദിവസമായി ജന്തര്‍ മന്തറില്‍ സമരം ചെയ്യുകയാണ്. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുകയും അഴിയ്ക്കുള്ളില്‍ അടയ്ക്കുകയും ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഗുസ്തി താരങ്ങള്‍.
അതേസമയം ഗുസ്തി താരങ്ങളുടെ ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചിരിക്കുകയാണ് ബ്രിജ് ഭൂഷണ്‍ സിങ്ങ്. താരങ്ങള്‍ തനിക്കെതിരെ ആരോപിക്കുന്ന ഏതെങ്കിലും കാര്യങ്ങള്‍ തെളിയിക്കപ്പെടുകയാണെങ്കില്‍ തൂങ്ങിമരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഡല്‍ഹിയുടെ അതിര്‍ത്തി മേഖലയില്‍ സുരക്ഷാ പരിശോധനയും പെട്രോളിങ്ങും കര്‍ശനമാക്കിയിട്ടുണ്ട്. ഹരിയാണ, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മിര്‍ തുടങ്ങിയിടങ്ങളുമായി ഡല്‍ഹിയെ ബന്ധിപ്പിക്കുന്ന ദേശിയപാത 44-ലും സുരക്ഷ ശക്തമാക്കി. 200 ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥരെയും ഒരു കമ്പനി പാരാമിലിട്ടറി ഉദ്യോഗസ്ഥരെയും ടിക്രി അതിര്‍ത്തി, നാങ്ലോയി ചൗക്ക്, പീരാഗഢി ചൗക്ക്, മുന്ദ്ക ചൗക്ക് തുടങ്ങിയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...