ന്യൂഡൽഹി: പരമോന്നത കോടതിക്ക് 160 വർഷം വേണ്ടി വന്നു രാജ്യത്ത് നിലനിന്നിരുന്ന ഒരു പഴയ നിയമ വ്യസ്ഥയിൽ ചെറുതെങ്കിലുമൊരു അനക്കം സൃഷ്ടിക്കാൻ. ഇതിനിടയിൽ രാജ്യദ്രോഹത്തിൻരെ പേരിൽ പലരെയും ജയിലുകൾ തോറും അടക്കപ്പെട്ടു. ചിലർ ജയിലിനുള്ളിൽ തന്നെ മരിച്ചു മറ്റ് ചിലർ നരകിച്ച് ഇപ്പോഴും ശിക്ഷയിൽ കഴിയുന്നു.
എല്ലാം തുടങ്ങുന്നത് ഇന്ത്യൻ പീനൽ കോഡിലെ 124-ാം വകുപ്പിൽ നിന്നാണ്. വായ തുറക്കുന്നവർക്കെല്ലാം എതിരെ കണ്ണും കാതുമില്ലാതെ രാജ്യദ്രോഹ കുറ്റങ്ങൾ രാജ്യത്ത് ചുമത്തിക്കൊണ്ടേയിരുന്നു. അല്ലെങ്കിൽ ഇതിന് മുൻപ് വരെയും അതു തുടർന്നിരുന്നു എന്നതാണ് സത്യം.
തുടക്കം
1860 -ൽ ഇന്ത്യൻ ശിക്ഷാനിയമം രൂപികരിച്ചപ്പോൾ അതിൽ രാജ്യദ്രോഹക്കുറ്റം ഉണ്ടായിരുന്നില്ല. പിന്നീട് 10 വർഷത്തിന് ശേഷം 1870-ൽ ഭേദഗതിയിലൂടെയാണ് ഇത് നിയമമാക്കി മാറ്റിയത്. അതിന് ശേഷം 1898-ൽ വീണ്ടും ഭേദഗതിയിലൂടെ 124 A രൂപീകരിച്ചു. ഭരണ കൂടത്തോളുള്ള മമതക്കുറവിനെയാണ് രാജ്യ ദ്രോഹമായി നിർവചിച്ചതെങ്കിൽ പിന്നീട് വന്ന ഭേദഗതിയിൽ അത് ഭരണകൂടത്തിനെതിരെ വെറുപ്പോ വിദ്വേഷമോ ഉളവാക്കുന്ന പ്രവൃത്തികളും ശിക്ഷാർഹ മെന്നാക്കി.
124 A വിശദമായി
എഴുതുകേയാ പറയുകയാ ചെയ്യുന്നതായ വാക്കുകളാലോ, ചിഹ്നങ്ങളാലോ, കാണപ്പെടാവുന്ന പ്രാതിനിധ്യം വഴിക്കോ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും വഴിക്കോ രാജ്യത്തിനെതിരെ വെറുപ്പോ വിദ്വേഷമോ വളർത്തുന്നത് രാജ്യദ്രോഹമാവും-124 എ വകുപ്പ് പ്രകാരം രാജ്യദ്രോഹത്തിന്റെ നിർവചനം ഇപ്രകാരമാണ്. രാജ്യദ്രോഹത്തിനുള്ള പരമാവധി ശിക്ഷ ജീവപര്യന്തം തടവും പിഴയും അഥവാ പിഴ അടച്ചില്ലെങ്കിൽ 3 വർഷം കൂടി തടവുമാണ്.
അറസ്റ്റിലായവർ
ഗാന്ധിജി മുതലിങ്ങോട്ട് സ്വാതന്ത്ര്യ സമര സേനാനികൾ പലരും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയിലിലായിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരി അരുദ്ധതി റോയിയും, ജെ എൻ യു വിലെ വിദ്യാർഥി യൂണിയൻ പ്രതിനിധി കനയ്യകുമാറും ഇത്തരത്തിൽ അറസ്റ്റിലായവരിൽപ്പെടുന്നു.
കണക്ക് നോക്കിയാൽ 2015-2020 കാലഘട്ടത്തിൽ 356 കേസുകളാണ് രാജ്യദ്രോഹക്കുറ്റത്തിൽ എടുത്തിട്ടുള്ളത്. അറസ്റ്റിലായവരാകട്ടെ 548 പേരും. 2021-ലെയും 22ലെയും കണക്കുകൾ നിലവിൽ ലഭ്യമല്ലാത്തതിനാൽ എണ്ണം ഇനിയും കൂടാൻ തന്നെയാണ് സാധ്യത.
കേന്ദ്ര ക്രൈംറെക്കോർഡ്സ് ബ്യൂറോയെ ഉദ്ധരിച്ച് ടൈംസ് ഒാഫ് ഇന്ത്യ പുറത്ത് വിട്ട കണക്കാണിത്. എന്നാൽ കേരളത്തിലെ കണക്കുകൾ പലതും ഇതിൽ ഇല്ല എന്നത് ശ്രദ്ധേയമാണ്.
പുറത്ത് വന്ന കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കിൽ ആസ്സമിലാണ് ഏറ്റവും അധികം കേസുകൾ രജിസ്റ്റർ ചെയ്തത് 23 കേസുകൾ. ആന്ധ്രാ പ്രദേശിൽ 15 ഉം, മധ്യപ്രദേശിൽ 4 ഉം, ഛത്തീസ്ഖഡിൽ 3ഉം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇനി എന്തുണ്ടാവും?
രാജ്യദ്രോഹ കേസുകൾ കേന്ദ്രം പുന: പരിശോധിക്കും വരെ നിലവിൽ സുപ്രീംകോടതി വിധി രാജ്യത്ത് ബാധകമാണ്. എന്നാൽ കേസുകൾ മരവിപ്പിക്കാൻ ആവില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ വൃക്തമാക്കി കഴിഞ്ഞു. പുതിയ കേസുകളെടുക്കാൻ സംസ്ഥാനങ്ങൾക്ക് നിലവിൽ പറ്റില്ല. കേസുകളുടെ പുന പരിശോധനാ കാലവധി വരെയും സ്റ്റേ തുടരുന്നതിനാൽ നിലവിൽ ജയിലിൽ കഴിയുന്നവർക്ക് ജാമ്യത്തിന് കോടതിയെ സമീപിക്കാനും ആവും.
എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് തീരുമാനം എടുക്കാം എന്ന രീതിയിലേക്ക് നിയമത്തെ എത്തിക്കാം എന്നാണ് കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്. എന്തായാലും വിഷയത്തിൽ കേന്ദ്ര സർക്കാരിൻറെ നിലപാടാണ് ഇനി നോക്കി കാണേണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...