ന്യൂയോര്‍ക്ക്: ഉറി ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സഭാ പൊതുസഭയില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും കശ്മീരിനെ കുറിച്ചുള്ള സ്വപ്നങ്ങള്‍ പാകിസ്താന്‍ ഉപേക്ഷിക്കണമെന്നും സുഷമ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ അഭിപ്രായപ്പെട്ടു.
സുഷമാ സ്വരാജിന്‍റെ പ്രസംഗത്തില്‍ നിന്ന് മാനവികതയ്ക്കെതിരായ ഏറ്റവും വലിയ ഭീഷണിയാണ് ഭീകരവാദം. ഭീകരവാദത്തിനെതിരെ നിലകൊള്ളാത്തവരെ ഒറ്റപ്പെടുത്തണം
ഭീകരതയ്ക്കതിരെ ലോകം ഒന്നിച്ച് പ്രവര്‍ത്തിക്കണം. ആരാണ് ഭീകരരെ സംരക്ഷിക്കുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ആരാണ് ഭീകരര്‍ക്ക് ധനസഹായം നല്‍കുന്നതെന്ന ചോദ്യമാണ് അഫ്ഗാനിസ്ഥാനും ഇതേ വേദിയില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഉയര്‍ത്തിയതെന്നും സുഷമ കൂട്ടിച്ചേര്‍ത്തു.
മുന്‍വിധികളില്ലാതെ കഴിഞ്ഞ രണ്ട് വര്‍ഷം ഇന്ത്യ പാകിസ്താനുമായി സൗഹാര്‍ദത്തിന് ശ്രമിച്ചു.പാക്കിസ്ഥാനുമായി ഇന്ത്യ എപ്പോഴും സൗഹൃദത്തിനാണ് ശ്രമിച്ചത്. പാകിസ്ഥാന്‍ പ്രധാനമന്ത്രിക്ക് ഞങ്ങള്‍ ഈദ് ആശംസകള്‍ അയച്ചു. അദ്ദേഹത്തിന് നല്ല ആരോഗ്യവും നന്മയും നേര്‍ന്നു. എന്നാല്‍ തിരിച്ചു കിട്ടിയത് ഭീകരവാദമാണ്. പഠാന്‍കോട്ടും ബഹാദൂര്‍ അലിയും ഉറിയുമാണ് പാക്കിസ്ഥാന്‍ തിരിച്ചുതന്നത്. ഇന്ത്യയുടെ കസ്റ്റഡിയിലുള്ള തീവ്രവാദി ബഹാദൂര്‍ അലി തിര്‍ത്തി കടന്നുള്ള പാക് തീവ്രവാദത്തിന്‍റെ ജീവിക്കുന്ന തെളിവാണ്.
ഭീകരര്‍ക്ക് അഭയം നല്‍കുന്നവരെ നമ്മള്‍ക്ക് തിരിച്ചറിയേണ്ടതുണ്ട്. അവര്‍ക്ക് എങ്ങനെയാണ് അതിന് സാധിക്കുന്നത്. ഭീകരതെയെ വേരോടെ പിഴുതെറിയണം.
ചില്ലുമേടകളില്‍ ഇരിക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് നേരെ കല്ലെറിയരുതെന്ന് നവാസ് ഷെരീഫിനെ പേരെടുത്ത് പറയാതെ സുഷമ വിമര്‍ശിച്ചു.
ഭീകരവാദത്തിന്‍റെ വിത്ത് വിതയ്ക്കുന്നവര്‍ക്ക് മോശം വിളവാണ് ലഭിക്കാന്‍ പോകുന്നത്. സാത്താന്റെ ഈ വിത്ത് ഇന്ന് ഒരു ഭീകരസത്വമായി മാറി. ഭീകരവാദികളെ ശിക്ഷിക്കാന്‍ അന്താരാഷ്ട്ര കൂട്ടായ്മ ആവശ്യമാണ്.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്ന ദാരിദ്ര്യമാണ് ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ലിംഗ സമത്വത്തിനും ദാരിദ്ര്യ നിര്‍മാര്‍ജ്ജനത്തിനും കേന്ദ്രസര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ രാജ്യത്തെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുകയാണ്. എന്നാല്‍ രാജ്യത്തിന്റെ വികസനം മുന്നോട്ട് പോകുന്നതിന് അന്താരാഷ്ട്ര സമൂഹത്തിന്‍റെ പിന്തുണയും ആവശ്യമാണ്.
തീവ്രവാദികള്‍ക്ക് സുരക്ഷ ഒരുക്കുന്നവരെ തിരിച്ചറിയേണ്ടതുണ്ട്. എങ്ങനെയാണ് അവര്‍ക്ക് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നത്. തീവ്രവാദത്തെ തുടച്ചുനീക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്.