ശ്രീനഗർ: ജമ്മു കശ്മീരില്‍ സൈനിക ക്യാമ്പിനു നേർക്ക് തീവ്രവാദി ആക്രമണം.
ദക്ഷിണ കശ്മീരിലെ കാക്കപോറയിലെ സൈനിക ക്യാമ്പിനു നേരെ തീവ്രവാദികൾ തിങ്കളാഴ്ച രാത്രി ഗ്രനേഡ് എറിയുകയായിരുന്നു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ആക്രമണത്തെ തുടർന്ന് പ്രദേശം സിആർപിഎഫ് വളഞ്ഞിരിക്കുകയാണെന്ന് ദക്ഷിണ കാഷ്മീർ ഡിഐജി അറിയിച്ചു. നിയന്ത്രണരേഖയിൽ പാക് സൈന്യത്തിന്റെ വെടിവയ്പിൽ നാല് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് തീവ്രവാദികൾ സൈനിക ക്യാമ്പ് ആക്രമിക്കുന്നത്. ഇതിനുശേഷവും സുന്ദർബാനി, തർക്കുണ്ടി മേഖലകളിൽ പാക് വെടിവയ്പും ഷെല്ലാക്രമണവും തുടരുകയാണ്.
അതേസമയം, തുടർച്ചയായ വെടിനിർത്തൽ ലംഘനങ്ങളെ തുടര്‍ന്ന് ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ 60 സ്കൂളുകൾ അടച്ചുപൂട്ടി. അതിർത്തിയിലെ ബാല്‍കോട്ട് മേഖലയില്‍ കനത്ത ഷെല്ലാക്രമണം നടന്നിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ ആണ് ബാല്‍കോട്ട് മേഖലയിലെ സ്കൂളുകള്‍ അടച്ചിടാന്‍ തീരുമാനമായത് എന്ന് സബ് കളക്ടര്‍ താരിഖ് അഹമ്മദ് സാർഗർ അറിയിച്ചു.
ഇന്നലെ മുതല്‍ ജമ്മു-കശ്മീരിലെ രജൗറി ജില്ലയില്‍ 84 സ്കൂളുകൾ അടഞ്ഞു കിടക്കുകയാണ്.