ബംഗളൂരു: കോണ്‍ഗ്രസില്‍ യാതൊരുവിധ ആഭ്യന്തര കലഹവുമില്ലെന്ന് കര്‍ണ്ണാടക സംസ്ഥാനത്തിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ എംപി.
മുംബൈയിലുള്ള എല്ലാ എംഎല്‍എമാരുമായും താന്‍ സമ്പര്‍ക്കത്തിലാണെന്നും ഈ നാടകം ഒന്ന് രണ്ടു ദിവസത്തിനകം അവസാനിക്കുമെന്നും അഭിപ്രായപ്പെട്ട അദ്ദേഹം ബിജെപി കര്‍ണാടകത്തില്‍ കൂടുതല്‍ പരിഹാസ്യരാകുമെന്നും പറഞ്ഞു.
കോണ്‍ഗ്രസ് എംഎല്‍എമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റേണ്ട ആവശ്യം ഇപ്പോഴില്ല, ആരും വിട്ടുപോകില്ല, ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ സഖ്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. പിന്തുണ പിന്‍വലിച്ച സ്വതന്ത്ര എംഎല്‍എമാര്‍ തിരിച്ചുവരുമെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
കൂടാതെ, എംഎല്‍എ മാരുമായി സംസാരിച്ചെന്നും, ആരും രാജിവയ്ക്കില്ലെന്നും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം വളരെ തൃപ്തികരമായിട്ടാണ് നീങ്ങുന്നതെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ് എംഎല്‍എ ഭീമാ നായിക് കര്‍ണാടകയില്‍ തിരിച്ചെത്തി. താന്‍ ഗോവയില്‍ ആയിരുന്നുവെന്നും നേതാക്കന്‍മാരെ ബന്ധപ്പെടാന്‍ കഴിയാതിരുന്നത് ചാര്‍ജര്‍ എടുക്കാതിരുന്നതിനാലാണെന്ന് ഭീമാ നായിക് പറഞ്ഞു.
അതേസമയം രാഷ്ട്രീയപ്രതിസന്ധി തുടരുന്ന കര്‍ണാടകയില്‍ കൂടുതല്‍ എംഎല്‍എമാര്‍ രാജിക്കൊരുങ്ങുന്നതായി സൂചനയുണ്ട്. ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി സന്നദ്ധതയറിയിച്ചു മുബൈയിലെ റിസോര്‍ട്ടിലെത്തിയെന്നാണ് ബിജെപിയുടെ അവകാശവാദം.
അതേസമയം ബിജെപി നീക്കങ്ങള്‍ പ്രതിരോധിക്കാന്‍ ബംഗളൂരുവില്‍ കോണ്‍ഗ്രസ് – ദള്‍ നേതാക്കള്‍ അടിയന്തരയോഗം ചേര്‍ന്നു. ഭരണപക്ഷത്തെ മുഴുവന്‍ എം എല്‍ എമാരെയും റിസോര്‍ട്ടിലേയ്ക്ക് മാറ്റിയേക്കുമെന്നാണ് സൂചന.
കര്‍ണാടകത്തില്‍ ഭരണം പിടിക്കാനുള്ള "ഓപ്പറേഷന്‍ ലോട്ടസ്" ബിജെപി ശക്തമാക്കിയിരിക്കുകയാണ്.
പിന്തുണ പിന്‍വലിച്ച രണ്ട് സ്വതന്ത്ര എംഎല്‍എമാരെ കൂടാതെ കൂടുതല്‍ കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയോട് അടുക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.