ചുണയുണ്ടെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തൂ, ഇത് ബംഗാളാണ്, മറക്കേണ്ടെന്ന് മമത

ഇന്നലെ വൈകുന്നേരത്തോടെ പശ്ചിമ ബംഗാളില്‍ ആരംഭിച്ച നാടകീയ സംഭവങ്ങള്‍ക്ക് ഇനിയും അവസാനമായിട്ടില്ല. മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തുന്ന ധര്‍ണ 16 മണിക്കൂര്‍ പിന്നിട്ടു. 

Last Updated : Feb 4, 2019, 04:41 PM IST
ചുണയുണ്ടെങ്കില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തൂ, ഇത് ബംഗാളാണ്, മറക്കേണ്ടെന്ന് മമത

കൊല്‍കത്ത: ഇന്നലെ വൈകുന്നേരത്തോടെ പശ്ചിമ ബംഗാളില്‍ ആരംഭിച്ച നാടകീയ സംഭവങ്ങള്‍ക്ക് ഇനിയും അവസാനമായിട്ടില്ല. മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തുന്ന ധര്‍ണ 16 മണിക്കൂര്‍ പിന്നിട്ടു. 

സര്‍ക്കാര്‍ അനുമതിയില്ലാതെ സംസ്ഥാനത്ത് സി.ബി.ഐക്ക് നടപടിയെടുക്കാനാകില്ലെന്നാണ് സംസ്ഥാനത്തിന്‍റെ ഉറച്ച നിലപാട്. അതേസമയം, ബിജെപിയുടേത് പ്രതികാര രാഷ്ട്രീയമാണെന്ന് മമതാ ബാനര്‍ജി വിമര്‍ശിച്ചു. സംസ്ഥാനങ്ങളുടെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റുമാണിതെന്നും മമത ആരോപിച്ചു.

സി.ബി.ഐയുമായുള്ള പോര് തുടരുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി മമതാ ബാനര്‍ജി രംഗത്ത്‌. ചുണയുണ്ടെങ്കില്‍ മോദി രാഷ്ട്രപതി ഭരണം കൊണ്ടുവരട്ടെയെന്നും ഇത് ബംഗാളാണെന്നും അത് മറക്കേണ്ടെന്നും മമത തുറന്നടിച്ചു. 

മോദിക്ക് ഭ്രാന്താണ് അദ്ദേഹത്തിന്‍റെ കാലാവധി തീരാറായിരിക്കുകയാണ്. ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ബംഗാള്‍ പ്രതികരിച്ചതിന് ചരിത്രം സാക്ഷിയാണ്. കേന്ദ്രത്തില്‍ നിന്നും ഈ സര്‍ക്കാരിനെ പറഞ്ഞുവിടേണ്ടത് അത്യാവശ്യമായിരിക്കുന്നു. അല്ലെങ്കില്‍ നമ്മുടെ രാജ്യം നശിക്കുമെന്നും മമത പറഞ്ഞു.

ബംഗാള്‍ സര്‍ക്കാരിനെ പൂട്ടാന്‍ അവര്‍ എന്തുവേണമെങ്കിലും ചെയ്യട്ടെ, ഞങ്ങള്‍ക്ക് ഭയമില്ല. എന്തായാലും അത് നേരിടുമെന്നും മമത പറഞ്ഞു. 

ബംഗാളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തമെന്ന് ബിജെപി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മമതയുടെ ഈ പ്രതികരണം. 

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ ആവശ്യപ്പെട്ടു. എന്തിനാണ് കൊല്‍കത്ത കമ്മീഷണര്‍ ചിട്ടി തട്ടിപ്പ് കേസിലെ പ്രതിളെ സഹായിക്കുന്നതെന്നും അന്വേഷങ്ങളില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

അതേസമയം, സി.ബി.ഐ നടപടിക്കെതിരെ ഞായറാഴ്ച രാത്രി എട്ടരയ്ക്ക് ആരംഭിച്ച സത്യഗ്രഹം മമത ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി മുഴുവന്‍ ഭക്ഷണവും ഉറക്കവും ഉപേക്ഷിച്ചാണ് മമതയുടെ സമരം. മമതയോടൊപ്പം നിരവധി മന്ത്രിമാരും പാര്‍ട്ടി പ്രവര്‍ത്തകരും മെട്രോചാനലിലെ സമരപന്തലിലുണ്ട്. മോദിക്കെതിരെ ധര്‍ണ്ണ നടത്തുന്ന മമത ബാനര്‍ജിയ്ക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുമുണ്ട്.

 

More Stories

Trending News