Post Office Scheme: ബാങ്ക് നിക്ഷേപങ്ങള്‍ക്കും മറ്റ് സ്ഥിരനിക്ഷേപങ്ങള്‍ക്കും പലിശ വളരെ കുറവായ സാഹചര്യത്തില്‍ എങ്ങിനെ മികച്ച നിക്ഷേപം നേടാം എന്നാണ് ഇന്ന് നിക്ഷേപകര്‍ ആലോചിക്കുന്നത്. ഇന്ന് ഒരു നിക്ഷേപം ആരംഭിക്കുന്നതിന് മുന്‍പ് ലഭിക്കുന്ന വരുമാനത്തെപ്പറ്റി ആളുകള്‍ നന്നായി വിശകലനം ചെയ്യാറുണ്ട്, ശേഷം മാത്രമേ ഒരു തീരുമാനത്തില്‍ എത്താറുള്ളൂ...
സ്ഥിരനിക്ഷേപങ്ങള്‍ക്ക് പലിശ കുറവാണ് എങ്കിലും ഇന്നും ആളുകള്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ബാങ്കുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, നിങ്ങള്‍ക്കറിയുമോ? ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ബാങ്കുകള്‍ നല്‍കുന്ന പലിശയേക്കാള്‍ കൂടുതല്‍ വരുമാനം പോസ്റ്റ് ഓഫീസ് പദ്ധതികള്‍ നല്‍കുന്നുവെന്നത്.
അതായത് ഒരു ദീര്‍ഘകാല നിക്ഷേപം നടത്തുമ്പോള്‍ യാതൊരു റിസ്കും കൂടാതെ മാസാമാസം ഒരു നിശ്ചിത തുക പലിശയായി ലഭിക്കുക, കൂടാതെ കാലാവധി കഴിയുമ്പോള്‍ തുക തിരികെ ലഭിക്കുക, ഇത്തരമൊരു പദ്ധതിയില്‍ ചേരാന്‍ ആരാണ് ആഗ്രഹിക്കാത്തത്? എന്നാല്‍, ഇവിടെ അത്തരമൊരു പോസ്റ്റ് ഓഫീസ് പദ്ധതിയെക്കുറിച്ച് ആണ് പറയുന്നത്. ഈ പദ്ധതിയിലൂടെ നിക്ഷേപകന് മാസാമാസം ഒരു നിശ്ചിത തുക പലിശയായി ലഭിക്കും. കൂടാതെ, നിക്ഷേപ തുക സുരക്ഷിതവുമായിരിയ്ക്കും, അറിയാം ഈ പദ്ധതിയെക്കുറിച്ച്...
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (Post Offie Monthly Scheme)
ഉറപ്പുള്ളതും മുടങ്ങാതെ ലഭിക്കുന്ന വരുമാനവും ലക്ഷ്യമിടുന്നവര്‍ക്ക് ചേരാന്‍ പറ്റിയ ഒന്നാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. ഏതൊരു ഇന്ത്യന്‍ പൗരനും ഈ നിക്ഷേപ പദ്ധതിയില്‍ അംഗമാകാം. വ്യക്തിഗതമായോ ജോയിന്‍റ് അക്കൗണ്ട് രീതിയിലോ ഈ പദ്ധതിയില്‍ ചേരാം. ഈ പദ്ധതിയില്‍ ഒറ്റത്തവണയാണ് നിക്ഷേപം നടത്തുക.
നിക്ഷേപ തുകയ്ക്കുള്ള പലിശ നിക്ഷേപ തീയതി മുതല്‍ പ്രതിമാസ കണക്കില്‍ വരവുവെച്ച് മാസം പൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ടിലേയ്ക്ക് കൈമാറും. നിക്ഷേപ കാലാവധി പൂര്‍ത്തിയാകുന്നതുവരെ പലിശ മുടക്കമില്ലാതെ ലഭിക്കുകയും ചെയ്യും.
നിലവില്‍ 5 വര്‍ഷത്തേയ്ക്കാണ് തുക നിക്ഷേപിക്കേണ്ടത്. കാലാവധി പൂര്‍ത്തിയായതിനു ശേഷം വേണമെങ്കില്‍ നിക്ഷേപ കാലയളവ് ദീര്‍ഘിപ്പിക്കാം. കുറഞ്ഞത് 1,000 രൂപയും പരമാവധി 4.5 ലക്ഷവുമാണ് നിക്ഷേപിക്കാനാകുക. എന്നാല്‍ ജോയിന്‍റ് അക്കൗണ്ടിന് കീഴില്‍, ഒരാള്‍ക്ക് 4.5 ലക്ഷം വീതം പരമാവധി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
ഈ നിക്ഷേപ പദ്ധതിയില്‍ 6.6 % ആണ് പലിശ ലഭിക്കുക. ഈ പദ്ധതിക്ക് ആദായ നികുതി ആനുകൂല്യങ്ങളൊന്നും ലഭ്യമല്ല.
നിക്ഷേപത്തെക്കുറിച്ച് കൂടുതല്‍ അറിയാം.
ഉദാഹരണത്തിന് 4.5 ലക്ഷം രൂപയാണ് നിക്ഷേപിച്ചിട്ടുള്ളതെങ്കില്‍ നിലവിലെ പലിശ നിരക്ക് പ്രകാരം 29,700 രൂപ പലിശ ഇനത്തില്‍ ഒരു വര്‍ഷം ലഭിക്കും. അതായത് മാസം 2,475 രൂപ ലഭിക്കും. എന്നാല്‍, രണ്ടുപേര്‍ ചേര്‍ന്ന് 9 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നത് എങ്കില്‍ പ്രതിമാസം 4,950 രൂപ വീതം മുടക്കമില്ലാതെ ലഭിക്കും.
എന്നാല്‍, ഈ പദ്ധതിയുടെ കാലാവധി പൂര്‍ത്തിയാകും മുന്‍പ് തുക പിന്‍വലിച്ചാല്‍ പിഴ ഈടാക്കും.
അക്കൗണ്ട് ആരംഭിച്ച് ഒരു വര്‍ഷം കഴിയുമ്പോള്‍ മുതല്‍ എപ്പോള്‍ വേണമെങ്കിലും തുക പിന്‍വലിക്കാന്‍ സാധിക്കും. എന്നാല്‍, ഒരു വര്‍ഷം പൂര്‍ത്തിയാകുകയും എന്നാല്‍ മൂന്ന് വര്‍ഷം തികയുന്നതിന് മുന്‍പുമാണ് അക്കൗണ്ട് അവസാനിപ്പിക്കുന്നതെങ്കില്‍ നിക്ഷേപ തുകയുടെ 2% പിഴ ഈടാക്കും. മൂന്ന് വര്‍ഷത്തിന് ശേഷമാണ് തുക പിന്‍വലിക്കുന്നതെങ്കില്‍ തുകയുടെ 1% പിഴ അടയ്ക്കണം.
രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിലൂടെയും ഈ പദ്ധതിയില്‍ ചേരാവുന്നതാണ്..
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.