നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികള്‍ ഇന്ന് പുനരാരംഭിക്കും

പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്‍മേലുള്ള പ്രോസിക്യൂഷന്‍റെ പ്രാരംഭ വാദം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.   

Ajitha Kumari | Updated: Dec 3, 2019, 08:50 AM IST
നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികള്‍ ഇന്ന് പുനരാരംഭിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ പുനരാരംഭിക്കും. 

പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്‍മേലുള്ള പ്രോസിക്യൂഷന്‍റെ പ്രാരംഭ വാദം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഇന്ന് പ്രതിഭാഗം വാദം തുടങ്ങും. 

നടിയെ ആക്രമിച്ച കേസിലെ മുഴുവൻ രേഖകളും നൽകണമെന്ന ദിലീപിന്‍റെ ഹർജിയും മറ്റ് പ്രതികളുടെ ജാമ്യാപേക്ഷ ഉൾപ്പെടെയുള്ള ഹർജികളുമാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.

കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ദിലീപ് ഇന്ന് ഹാജരാകില്ലയെന്നും സൂചനയുണ്ട്. 

തുടര്‍ച്ചയായ മൂന്നാം തവണയും വിചാരണക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് ഒമ്പതാം പ്രതി സനില്‍കുമാറിന്‍റെ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയിരുന്നു.

Also read: നടി ആക്രമിക്കപ്പെട്ട കേസ്: സനല്‍കുമാറിന്‍റെ ജാമ്യം റദ്ദാക്കി

ഇതിനിടയില്‍ നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.

എന്നാല്‍ ദിലീപിന് ദൃശ്യങ്ങള്‍ കാണാനുള്ള അനുമതി കോടതി നല്‍കിയിട്ടുണ്ട്. ദൃശ്യങ്ങള്‍ ദിലീപിനോ അഭിഭാഷകര്‍ക്കോ പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

Also read: നടിയുടെ സ്വകാര്യത മാനിക്കണം; ദൃശ്യങ്ങള്‍ കാണാം, കൈമാറാനാകില്ല

നടിയുടെ സ്വകാര്യത പരിഗണിച്ചുകൊണ്ടാണ്‌ ദൃശ്യങ്ങള്‍ രേഖകളാണെങ്കിലും കൈമാറേണ്ടതില്ലെന്ന നിലപാട് കോടതി സ്വീകരിച്ചത്. മാത്രമല്ല ആറുമാസത്തിനകം വിസ്താരം പൂര്‍ത്തിയക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കേസില്‍ മൊത്തം 12 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് അഭിഭാഷകരെ ഹൈക്കോടതി പ്രതി പട്ടികയില്‍ ഒഴിവാക്കിയിരുന്നു.