കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ചുമതലയിൽ നിന്ന് എഡിജിപി എസ് ശ്രീജിത്തിനെ മാറ്റിയതിൽ ആശങ്ക അറിയിച്ച് WCC. കേസിന്റെ അന്വേഷണം അവസാനഘട്ടത്തിൽ നിൽക്കുമ്പോൾ പോലീസ് തലപ്പത്ത് നടത്തിയ അഴിച്ചു പണി തങ്ങളുടെ പ്രതീക്ഷകളെ അട്ടിമറിക്കും വിധമാണെന്ന് WCC സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് WCC തങ്ങളുടെ പോസ്റ്റിലൂടെ അഭ്യർഥിക്കുന്നുമുണ്ട്.
"വഴിതെറ്റിയെന്നും നീതി അസാധ്യമെന്നും തോന്നിച്ചിടത്തുനിന്നുമാണ് പുതിയ വഴിത്തിരിവുകൾ വഴി തെളിവുകളുടെ ഒരു പരമ്പര തന്നെ പുറത്തെത്തിയത്. കേസ് അട്ടിമറിക്കാൻ പ്രതിഭാഗം വക്കിൽമാരുടെ ഓഫീസ് ശ്രമിക്കുന്നു എന്ന ഞങ്ങളുടെ സഹപ്രവർത്തകയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തും വിധമാമായിരുന്നു ഈ തെളിവുകൾ. അന്വേഷണം അങ്ങോട്ടേക്ക് നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാർ പരാതിയുമായി സർക്കാറിനെ സമീപിക്കുന്നതും അന്വേഷണത്തലവനെ മാറ്റുന്നതും. ഇത് എല്ലാ നിലക്കും ഞങ്ങളെ ആശങ്കാഭരിതരാക്കുന്നു" WCC സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
ഏപ്രിൽ 22നാണ് പോലീസ് തലപ്പത്ത് അഴിച്ചുപണി നടത്തി ക്രൈം ബ്രാഞ്ച് മേധാവിയായിരുന്നു എസ് ശ്രീജിത്തിനെ ട്രാൻസ്‌പോർട്ട് കമ്മീഷണറായിട്ടാണ് നിയമിച്ചത്. ഷേഖ് ദർവേസ് സാഹിബിനാണ് പുതിയ ചുമതല ലഭിച്ചിരിക്കുന്നത്. അതു വിരമിക്കാൻ രണ്ട് മാസം മാത്രം ബാക്കി നിൽക്കവെയാണ് ഷേഖ് ദർവേസ് സാഹിബിനെ ക്രൈം ബ്രാഞ്ചിന്റെ തലപ്പത്തേക്കെത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി.ശശിയെ നിയമിച്ചതിന് പിന്നാലെയാണ് പോലീസ് തലപ്പത്ത് പുതിയ മാറ്റങ്ങളുണ്ടായത്.
സോഷ്യൽ മീഡിയയിൽ WCC പങ്കുവെച്ച് പോസ്റ്റ്
ഞങ്ങൾക്ക് ആശങ്കയുണ്ട്
ഞങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്ന ഈ അവസരത്തിൽ , എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോൾ പോലീസ് തലപ്പത്ത് നടന്ന അഴിച്ചു പണി . കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നൽകപ്പെട്ട അവസ്ഥയിൽ നിന്നും അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പോലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്സ് രംഗം പോലെ നിരാശാജനകമാണ്. വഴിതെറ്റിയെന്നും നീതി അസാധ്യമെന്നും തോന്നിച്ചിടത്തുനിന്നുമാണ് പുതിയ വഴിത്തിരിവുകൾ വഴി തെളിവുകളുടെ ഒരു പരമ്പര തന്നെ പുറത്തെത്തിയത്. കേസ് അട്ടിമറിക്കാൻ പ്രതിഭാഗം വക്കിൽമാരുടെ ഓഫീസ് ശ്രമിക്കുന്നു എന്ന ഞങ്ങളുടെ സഹപ്രവർത്തകയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തും വിധമാമായിരുന്നു ഈ തെളിവുകൾ. അന്വേഷണം അങ്ങോട്ടേക്ക് നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാർ പരാതിയുമായി സർക്കാറിനെ സമീപിക്കുന്നതും അന്വേഷണത്തലവനെ മാറ്റുന്നതും. ഇത് എല്ലാ നിലക്കും ഞങ്ങളെ ആശങ്കാഭരിതരാക്കുന്നു. സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. #Avalkkoppam
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.