കൊച്ചി: എഡിജിപിയുടെ മകളുടെ പരാതി വ്യാജമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്ക്കര്‍ ഹൈക്കോടതിയില്‍.
തനിക്കെതിരായിട്ടുള്ളത് കള്ളക്കേസാണെന്ന് ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍ സമര്‍പ്പിച്ച ഹര്‍ജി നാളെ പരിഗണിക്കും.
എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ചതായി ചൂണ്ടിക്കാട്ടി, താന്‍ നല്‍കിയ പരാതി ദുര്‍ബലപ്പെടുത്താനാണ് വ്യാജ പരാതി നല്‍കിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. ബറ്റാലിയന്‍ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദ്ദിച്ചുവെന്ന് പരാതിപ്പെട്ട പൊലീസ് ഡ്രൈവര്‍ക്കെതിരെ അസഭ്യം പറയല്‍, സ്‌ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി നേരത്തെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
എഡിജിപിയുടെ മകളേയും ഭാര്യയേയും പ്രഭാത നടത്തത്തിനായി കനകക്കുന്നില്‍ കൊണ്ടുപോയി തിരികെ വരുമ്പോള്‍ മകള്‍ വാഹനത്തിലിരുന്ന്‍ അസഭ്യം പറഞ്ഞു. ഇതിനെ എതിര്‍ത്തതോടെ എഡിജിപിയുടെ മകള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് കഴുത്തിന് പിന്നില്‍ ഇടിച്ചെന്നാണ് ഗവാസ്‌കറുടെ പരാതി.
കഴുത്തിന് ഇടിയേറ്റ് കശേരുക്കള്‍ക്ക് ക്ഷതമേറ്റത് പരിശോധനയില്‍ വ്യക്തമാകുകയും ചെയ്തിരുന്നു. കേസ് ഒതുക്കിത്തീര്‍പ്പാക്കാന്‍ ശ്രമിച്ച ബറ്റാലിയന്‍ എഡിജിപി സുധേഷ് കുമാര്‍ അതു നടക്കില്ലെന്ന് കണ്ടപ്പോള്‍ തനിക്കെതിരെ കള്ളക്കേസ് ചുമത്താന്‍ ശ്രമിക്കുന്നതായിയും ഗവാസ്‌കര്‍ നേരത്തെ ആരോപിച്ചിരുന്നു.