കര്‍ഷകര്‍ക്ക് തണലായി സര്‍ക്കാര്‍; കാര്‍ഷിക വായ്പ മൊറൊട്ടോറിയം പരിധി 2 ലക്ഷമാക്കി

കര്‍ഷകര്‍ക്ക് ആശ്വാസ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ വായ്പ പരിധി ഉയര്‍ത്തി. ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമാക്കാനാണ് മന്ത്രിസഭാ തീരുമാനം.

Last Updated : Mar 5, 2019, 12:19 PM IST
കര്‍ഷകര്‍ക്ക് തണലായി സര്‍ക്കാര്‍; കാര്‍ഷിക വായ്പ മൊറൊട്ടോറിയം പരിധി 2 ലക്ഷമാക്കി

തിരുവനന്തപുരം: കര്‍ഷകര്‍ക്ക് ആശ്വാസ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ വായ്പ പരിധി ഉയര്‍ത്തി. ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമാക്കാനാണ് മന്ത്രിസഭാ തീരുമാനം.

കാര്‍ഷിക വായ്പയ്ക്ക് മാത്രമല്ല കര്‍ഷകര്‍ എടുത്ത എല്ലാ വായ്പക്കും ഡിസംബര്‍ 31 വരെ മൊറട്ടോറിയം നീട്ടി. 2014 മാര്‍ച്ച് 31വരെയുള്ള വായ്പകള്‍ക്കാണ് മൊറട്ടോറിയം ബാധകമാകുക. കാര്‍ഷികേതര വായ്പകള്‍ക്കും മൊറൊട്ടോറിയം ബാധകമാണ്. ഇടുക്കിയിലും വയനാടും ഓഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്ക് ബാധകമാണ്.

അതേസമയം, സംസ്ഥാനത്തെ കർഷക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാര്‍ നയങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഇതിൽ ഇടപെടാൻ സംസ്ഥാനത്തിന് പരിമിതികൾ ഉണ്ടെന്നും എന്നാല്‍, ഇടുക്കിയിലടക്കം കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല എന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. 

വിവിധ ബാങ്കുകളിൽ നിന്ന് കര്‍ഷകരെടുത്ത വായ്പകളിൽ മേലുള്ള ജപ്തി നടപടികൾക്ക് നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം ഈ വര്‍ഷം ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കാനാണ് പ്രത്യേക മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം. കാര്‍ഷിക വായ്പക്ക് മാത്രമല്ല കര്‍ഷകരെടുത്ത എല്ലാ വായ്പക്കും മൊറട്ടോറിയം പരിധി ബാധകമായിരിക്കും. കാര്‍ഷിക കടാശ്വാസ കമ്മീഷൻ നടപടി അനുസരിച്ച് വയനാട് ജില്ലയിൽ 2014 മാര്‍ച്ച് 31 വരെയുള്ള കാര്‍ഷിക വായ്പകൾക്കും മറ്റ് ജില്ലകളിൽ 2011 ഒക്ടോബര്‍ 31 വരെയുള്ള കാര്‍ഷിക വായ്പയ്ക്കുമാണ് ആനുകൂല്യം കിട്ടുന്നത്. ഇത് സംസ്ഥാനത്താകെ 2014 മാര്‍ച്ച് 31 വരെയുള്ള വായ്പകൾക്കാക്കി മാറ്റി. ഇടുക്കി വയനാട് ജില്ലകളിൽ ഇത്  2108 ഓഗസ്റ്റ് 31 വരെയാക്കി. 

കാര്‍ഷിക കടാശ്വാസ കമ്മീഷൻ 50000 രൂപയ്ക്ക് മേലുള്ള കുടിശികക്ക് നൽകുന്ന ആനുകൂല്യം ഒരു ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷമായി ഉയര്‍ത്താനും തീരുമാനിച്ചു. ദീര്‍ഘകാല വിളകൾക്ക് പുതുതായി നൽകുന്ന കാര്‍ഷിക വായ്പാ പലിശ ഒമ്പത് ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരു വര്‍ഷത്തേക്ക് നൽകാനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷിക കടാശ്വാസ കമ്മീഷൻ പരിധിയിൽ വാണിജ്യ ബാങ്കുകളെ കൂടി ഉൾപ്പെടുത്താൻ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിന് നഷ്ടപരിഹാരം നഷകാൻ 85 കോടി ഉടനെ അനുവദിക്കാവും നടപടിയായി. 54 കോടി ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

അതേസമയം, കര്‍ഷക ആത്മഹത്യയില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ രാവിലെ 10 മുതല്‍ 5 മണി വരെ ഇടുക്കി കളക്ടറേറ്റിന് മുന്നില്‍ ഉപവാസ സമരം നടത്തും. കൂടാതെ, ഈ മാസം 11ന് കേരള കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് നടയില്‍ ധര്‍ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കര്‍ഷകരുടെ അഞ്ച് ലക്ഷം രൂപ വരെയുളള വായ്പകള്‍ എഴുതിത്തളളണമെന്നാവശ്യപ്പെട്ടാണ്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ  ഉപവാസ സമരം.

പ്രളയത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ കാര്‍ഷിക മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. മൊറട്ടോറിയം നിലനില്‍ക്കെ വായ്പാ തിരിച്ചടവിന് ബാങ്കുകള്‍ സമ്മര്‍ദ്ദം ശക്തമാക്കിയതോടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടി. പ്രളയ ശേഷം ഇടുക്കിയില്‍ മാത്രം ആറ് കര്‍ഷകര്‍ ജീവനൊടുക്കിയതായാണ് കണക്ക്. പ്രളയത്തെ തുടര്‍ന്ന് മൊറൊട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ബാങ്കുകള്‍ വകവയ്ക്കുന്നില്ല. എന്നാല്‍ സര്‍ക്കര്‍ ഗ്യാരണ്ടി നല്‍കാതെ വിട്ടുവീഴ്ചക്കില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

 

Trending News