തിരുവനന്തപുരം: എ.ഐ ക്യാമറയുടെ വിലയെത്രയെന്ന വിവരാവകാശം വഴിയുള്ള ചോദ്യത്തിന് അത് വെളിപ്പെടുത്താനവില്ലെന്ന കെല്‍ട്രോണിന്റെ മറുപടി അഴിമതി മൂടി വയ്ക്കുന്നതിനുള്ളതാണെന്ന് രമേശ് ചെന്നിത്തല. കെല്‍ട്രോണ്‍ എന്ന പൊതു മേഖലാ സ്ഥാപനത്തിന് യോജിക്കാത്ത മറുപടിയാണിത്. അസംബന്ധമായ മറുപടിയാണ് നല്‍കിയത്. കെൽട്രോണിൻ്റെ വിശ്വാസ്വത തന്ന പൂർണ്ണമായും നഷ്ടപ്പെടുത്തുന്നതാണ് മറുപടിയെന്നും അദ്ദേഹം വിമർശിച്ചു.
കെല്‍ട്രോണ്‍ ആര്‍ക്ക് വേണ്ടിയാണ് പണിയെടുക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു. കുത്തക കമ്പനിയുടെ കൊള്ളക്ക് കൂട്ട് നില്‍ക്കുന്ന കെല്‍ട്രോണ്‍ സാധാരണക്കാരന്റെ വീഴ്ചകള്‍ വിറ്റ് കാശാക്കാന്‍ നോക്കുകയാണ്. ക്യാമറയുടെ വില വെളിപ്പെടുത്തിയാല്‍ ആരുടെ ട്രേഡ് സീക്രട്ട് ആണ് നഷ്ടപ്പെടുന്നത്? ജനങ്ങളെ കൊള്ളയടിക്കാന്‍ കൂട്ട് നില്‍ക്കുന്ന കെല്‍ട്രോണിന്റെയും സര്‍ക്കാരിന്റെയും മുഖമാണിവിടെ വികൃതമായിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ALSO READ: അരിക്കൊമ്പന്റെ സഞ്ചാരം ചിന്നക്കനാലിലേയ്ക്ക്? കുമളിയ്ക്ക് സമീപം എത്തിയെന്ന് സിഗ്നൽ
കെല്‍ട്രോണ്‍ ചെയര്‍മാന്‍ നാരായണമൂര്‍ത്തി പറഞ്ഞത് ഒരു ക്യാമറയുടെ വില ഒന്‍പത് ലക്ഷമാണെന്നാണ്. ഒരു ലക്ഷം പോലും വിലവരാത്ത ക്യാമറയാണെന്ന് മാലോകര്‍ക്കെല്ലാം മനസിലായിട്ടും കെല്‍ട്രോണ്‍ ഇപ്പോഴും കള്ളക്കളി തുടരുകയാണ്. ആദ്യം ഒരു തവണ തന്‍ ഉന്നയിച്ച ആരോപണം ചോദ്യം ചെയ്ത നാരായണമൂര്‍ത്തി രേഖകള്‍ സഹിതം മുപടി നല്‍കിയിട്ട് പിന്നീട് ഇത് വരെ വായ തുറന്നിട്ടില്ല. ഇനിയും ഈ തീവെട്ടി കൊള്ളക്ക് കൂട്ട് നില്‍ക്കുകയാണെങ്കില്‍ ശിവശങ്കറിന്റെ ഗതി തന്നെയായിരിക്കും അദ്ദേഹത്തിന് വരികയെന്ന് ചെന്നിത്തല ആവർത്തിച്ചു.
സ്‌കൂള്‍ തുറക്കുന്ന ആഴ്ചയില്‍ തന്നെ വിവാദക്യാമറ ഉപയോഗിച്ച് ചാകര കൊയ്യാനുള്ള പുറപ്പാടിലാണ് സര്‍ക്കാരെങ്കില്‍ ശക്തമായി തന്നെ നേരിടും. സര്‍ക്കാരിന്റെ നീക്കത്തെ ആശങ്കയോടെയാണ് ജനം കാന്നുന്നത്. സ്‌കൂള്‍ തുറക്കാറായിട്ടും റോഡിലെ കുണ്ടും കുഴിയും ദിവസേന കൂടുമ്പോഴും യാത്രക്കാര്‍ക്ക് സുരക്ഷിത യാത്രയൊരുക്കാതെ ജനങ്ങളെ കൊള്ളയടിക്കാനാണ് സര്‍ക്കാര്‍ നോക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...