ഇടുക്കി: ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ ഇറക്കി വിട്ട അരിക്കൊമ്പൻ കുമളിയ്ക്ക് സമീപം എത്തിയതായി റിപ്പോർട്ട്. റേഡിയോ കോളറിൽ നിന്ന് ലഭിച്ച സിഗ്നൽ അനുസരിച്ച് ആകാശദൂരത്തിൽ കുമളിയ്ക്ക് 6 കിലോ മീറ്റർ അടുത്ത് വരെ അരിക്കൊമ്പൻ എത്തിയെന്നാണ് വിവരം. പിന്നീട് അരിക്കൊമ്പൻ ഇറക്കിവിട്ട മേദകാനം ഭാഗത്തേയ്ക്ക് തന്നെ മടങ്ങിയെന്നാണ് അറിയാൻ കഴിയുന്നത്.
അരിക്കൊമ്പനിൽ ഘടിപ്പിച്ചിരിക്കുന്ന റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകളും ഒപ്പം വിഎച്ച്എഫ് ആന്റിന ഉപയോഗിച്ചുള്ള നിരീക്ഷണവും വനം വകുപ്പ് കൃത്യമായി പിന്തുടരുന്നുണ്ട്. റേഡിയോ കോളറിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം അരിക്കൊമ്പൻ കഴിഞ്ഞ ദിവസമാണ് കുമളിയ്ക്ക് സമീപമെത്തിയത്. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വനം വകുപ്പ് പറയുന്നത്.
ALSO READ: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
കുമളിയ്ക്ക് സമീപം എത്തിയെങ്കിലും അരിക്കൊമ്പന് ചിന്നക്കനാലിലേയ്ക്ക് മടങ്ങുക എന്നത് അത്ര എളുപ്പമല്ലെന്നാണ് വനം വകുപ്പിന്റെ നിരീക്ഷണം. തമിഴ്‌നാടിന്റെ വന മേഖലയിൽ പ്രവേശിച്ചെങ്കിലും ചിന്നക്കനാലിലേയ്ക്ക് മടങ്ങുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണുന്നില്ലെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ എവിടെ ഇറക്കിവിട്ടോ അതേ സ്ഥലത്തേയ്ക്ക് തന്നെ അരിക്കൊമ്പൻ കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സീനിയർ ഓട എന്ന സ്ഥലത്തായിരുന്നു അരിക്കൊമ്പൻ നിലയുറപ്പിച്ചിരുന്നത്. ഇവിടെയുണ്ടായിരുന്ന വനപാലകരുടെ ഷെഡ് അരിക്കൊമ്പൻ തകർക്കുകയും ചെയ്തു. ആനയുടെ ആക്രമണത്തിൽ നിന്ന് ജീവനക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു.
തമിഴ്‌നാടിന്റെ വനമേഖലയിൽ പ്രവേശിച്ച അരിക്കൊമ്പൻ അവിടെ മേഘമല ഉൾപ്പെടെയുള്ള ജനവാസ മേഖലയിൽ ഇറങ്ങിയത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇത് കാരണം ധാരാളം സഞ്ചാരികൾ എത്തിക്കൊണ്ടിരുന്ന മേഘമലയിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ഏതാനും നാളുകളായി മേഘമലയിലെ വനമേഖലയിലുള്ള തേയില തോട്ടങ്ങളിൽ ചുറ്റിത്തിരിഞ്ഞിരുന്ന അരിക്കൊമ്പൻ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് തമിഴ്നാട്ടിൽ നിന്ന് കേരളത്തിന്റെ വനമേഖലയിൽ പ്രവേശിച്ചത്. പെരിയാർ കടുവ സാങ്കേതത്തിന്റെ ഭാഗമായ വനത്തിനുള്ളിൽ തന്നെയാണ് നിലവിൽ ആനയുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...