Artist Namboothiri Demise: പകരംവെക്കാനില്ലാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി; ഏറെ വേദന നിറഞ്ഞ ദിവസമെന്ന് മോഹൻലാൽ

വരയും പെയിന്റിങ്ങും ശിൽപ്പവിദ്യയും കലാസംവിധാനവും ഉൾപ്പെടെയുള്ള മേഖലയിൽ കൈവെച്ച് ശോഭിച്ച അതുല്യപ്രതിഭയായിരുന്നു ആർട്ടിസ്റ്റ് നമ്പൂതിരി.

Written by - Zee Malayalam News Desk | Last Updated : Jul 7, 2023, 10:59 AM IST
  • ഏറെ വേദന നിറഞ്ഞ ദിവസമാണിന്ന് എന്ന് കുറിച്ചു കൊണ്ടാണ് മോഹൻലാൽ തന്റെ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങിയത്.
  • വരയുടെ വരദാനം എന്ന് വിശേഷിപ്പിക്കാവുന്ന കലാകാരനാണ് വിട്ടുപിരിഞ്ഞത്.
  • അദ്ദേഹവുമായി വളരെ കാലത്തെ ആത്മബന്ധമുണ്ടായിരുന്നുവെന്നും മോഹൻലാൽ
Artist Namboothiri Demise: പകരംവെക്കാനില്ലാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി; ഏറെ വേദന നിറഞ്ഞ ദിവസമെന്ന് മോഹൻലാൽ

പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും. മലയാള സാഹിത്യത്തിലെ പല കഥാപാത്രങ്ങളെയും നാം മനസ്സിലാക്കുന്നതും ഓർമ്മിക്കുന്നതും ആർട്ടിസ്റ്റ് നമ്പൂതിരി വരകളിലൂടെ നൽകിയ മുഖഛായകളിലൂടെയാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. രേഖാചിത്രകാരനായും പെയിന്ററായും ശിൽപിയായും കലാസംവിധായകനായും എല്ലാം തിളങ്ങിയ ബഹുമുഖപ്രതിഭ കൂടിയായിരുന്നു ആർട്ടിസ്റ്റ് നമ്പൂതിരി എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്: 

''ആഖ്യാന ചിത്രരചനാരംഗത്ത് തനതായ ശൈലിയോടെ ആചാര്യസ്ഥാനത്തുനിന്ന പ്രതിഭാശാലിയാണ് ആർട്ടിസ്റ്റ് നമ്പൂതിരി. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. 
വിവിധങ്ങളായ സർഗസാഹിത്യ സൃഷ്ടികളുടെ കഥാപാത്രങ്ങളെ വായനക്കാരുടെ മനസ്സിൽ എല്ലാ കാലത്തേക്കുമായി പതിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ രചനാതന്ത്രം. മലയാള സാഹിത്യത്തിലെ പല കഥാപാത്രങ്ങളെയും നാം മനസ്സിലാക്കുന്നതും ഓർമ്മിക്കുന്നതും ആർട്ടിസ്റ്റ് നമ്പൂതിരി വരകളിലൂടെ നൽകിയ മുഖഛായകളിലൂടെയാണ്. 
രേഖാചിത്രകാരനായും പെയിന്ററായും ശിൽപിയായും കലാസംവിധായകനായും തലമുറകളുടെ മനസ്സിൽ ഇടം നേടിയ ബഹുമുഖപ്രതിഭ കൂടിയായിരുന്നു അദ്ദേഹം. പകരംവെക്കാനില്ലാത്ത നഷ്ടമാണ് കലാരംഗത്തിന് വിയോഗം മൂലം ഉണ്ടായിട്ടുള്ളത്. കുടുംബാംങ്ങളുടെയും സുഹൃത്തുക്കളെയും ദുഃഖത്തിൽ പങ്കുചേരുന്നു.''

ഏറെ വേദന നിറഞ്ഞ ദിവസമാണിന്ന് എന്ന് കുറിച്ചു കൊണ്ടാണ് മോഹൻലാൽ തന്റെ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങിയത്. വരയുടെ വരദാനം എന്ന് വിശേഷിപ്പിക്കാവുന്ന കലാകാരനാണ് വിട്ടുപിരിഞ്ഞത്. അദ്ദേഹവുമായി വളരെ കാലത്തെ ആത്മബന്ധമുണ്ടായിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു. ദൈവത്തിൻ്റെ വിരൽ‌സ്പർശമുള്ള ഒട്ടേറേ ചിത്രങ്ങൾ നിധിപോലെ കാത്തുസൂക്ഷിക്കുന്നു. പ്രത്യേകിച്ച് അഞ്ചുവർഷത്തോളം സമയമെടുത്ത് വരച്ച് അദ്ദേഹം സമ്മാനിച്ച സൗന്ദര്യലഹരി എന്ന വിസ്മയ ചിത്രവും ഇപ്പോഴും കാത്തുസൂക്ഷിക്കുന്നതായും മോഹൻലാൽ കുറിച്ചു.

മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്: 

''ഏറെ വേദന നിറഞ്ഞ ദിവസമാണിന്ന്. വരയുടെ വരദാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന, ഇതിഹാസ ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി സർ നമ്മോട് വിടപറഞ്ഞിരിക്കുന്നു. എത്രയോ വർഷത്തെ ആത്മബന്ധമായിരുന്നു സഹോദരതുല്യനായ ആ കലാകാരനുമായി എനിക്കുണ്ടായിരുന്നത്. ആ വലിയ കലാകാരൻ സമ്മാനിച്ച ദൈവത്തിൻ്റെ വിരൽ‌സ്പർശമുള്ള ഒട്ടേറേ ചിത്രങ്ങൾ നിധിപോലെ ഞാൻ കാത്തുസൂക്ഷിക്കുന്നു, പ്രത്യേകിച്ച് അഞ്ചുവർഷത്തോളം സമയമെടുത്ത് വരച്ച് അദ്ദേഹം എനിക്ക് സമ്മാനിച്ച സൗന്ദര്യലഹരി എന്ന വിസ്മയ ചിത്രം. സൗമ്യമായ പെരുമാറ്റവും സ്നേഹം നിറഞ്ഞ വാക്കുകളും കൊണ്ട് ഒരു സഹോദരനെപ്പോലെ അരികിലുണ്ടായിരുന്നു എൻ്റെ പ്രിയപ്പെട്ട നമ്പൂതിരി സർ. കലാകേരളത്തിന്‌ തന്നെ തീരാ‍നഷ്ടമായി മാറിയ അദ്ദേഹത്തിൻ്റെ വേർപാടിൽ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.''

കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ആർട്ടിസ്റ്റ് നമ്പൂതിരിയുടെ അന്ത്യം. ശ്വാസ കോശത്തിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. വാർധക്യസഹജമായ രോഗങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. ഇതേ തുടർന്ന് ഈ മാസം ഒന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1925 സെപ്‌തംബർ 13ന്‌  പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായാണ്‌ വാസുദേവൻ നമ്പൂതിരി എന്ന ആർട്ടിസ്റ്റ് നമ്പൂതിരിയുടെ ജനനം. രാജാ രവിവർമ പുരസ്കാരം, കലാ സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.

Also Read: Artist Namboothiri: പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

വരയും പെയിന്റിങ്ങും ശിൽപ്പവിദ്യയും കലാസംവിധാനവും ഉൾപ്പെടെയുള്ള മേഖലയിൽ കൈവെച്ച അതുല്യപ്രതിഭയായിരുന്നു ആർട്ടിസ്റ്റ് നമ്പൂതിരി. വരയുടെ പരമശിവൻ എന്നാണ് വികെഎൻ ആർട്ടിസ്റ്റ് നമ്പൂതിരിയെ വിശേഷിപ്പിച്ചിരുന്നത്. തകഴി, എംടി. ബഷീർ, പൊറ്റക്കാട് തുടങ്ങിയവരുടെ കൃതികൾക്കായി അദ്ദേഹം ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്. എംടി വാസുദേവൻ നായരുടെ രചനകൾക്ക് അദ്ദേഹം വരച്ച ചിത്രങ്ങൾ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കേരളീയ ചിത്രകലയ്ക്ക് പുതിയ മാനം നൽകിയ പ്രതിഭാശാലിയായിരുന്നു നമ്പൂതിരി.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News