നിയമസഭയിലെ കയ്യാങ്കളിയിൽ എംഎൽഎമാർക്ക് എതിരെ പോലീസ് കേസ് എടുത്തു. ഭരണ-പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെ തിരുവനന്തപുരം മ്യൂസിയം പോലീസാണ് കേസ് എടുത്തത്. ചാലക്കുടി എംഎൽഎ സനീഷ് കുമാറിൻ്റെയും വാച്ച് ആൻഡ് വാർഡിൻ്റെയും പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.
സനീഷ് കുമാർ എംഎൽഎ നൽകിയ പരാതിയിൽ എച്ച്.സലാം, സച്ചിൻ ദേവ് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വാച്ച് ആൻഡ് വാർഡിൻ്റെ പരാതിയിൽ 12 പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ഏഴ് എംഎൽഎമാർക്ക് എതിരെയും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് എംഎൽഎമാർക്ക് എതിരെയുമാണ് കേസ്. റോജി എം.ജോണ്‍, അന്‍വര്‍ സാദത്ത്, ഐ.സി. ബാലകൃഷ്ണന്‍, കെ.കെ രമ, ഉമാ തോമസ്, ടി. സിദ്ദിഖ്, പി.കെ ബഷീര്‍ എന്നിവർക്കെതിരെ കലാപശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
READ ALSO: ബ്യൂട്ടി പാർലറിന്റെ മറവിൽ മസാജ് സെന്റർ; അഞ്ച് പേർ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിലെന്ന് പോലീസ്
എച്ച്. സലാം, സച്ചിൻ ദേവ് എന്നിവരും അഡി.ചീഫ് മാർഷലും കണ്ടാലറിയാവുന്ന വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥരും ചേർന്ന് തന്നെ കയ്യേറ്റം ചെയ്തെന്നാണ് സനീഷ് കുമാറിൻ്റെ പരാതി. ഐപിസി 323, 324, 34 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ചീഫ് മാർഷൽ ഓഫീസിൽ നിന്ന് സ്പീക്കറുടെ ഓഫീസിലേയ്ക്ക് പോകുമ്പോൾ തന്നെയും ചീഫ് മാർഷലിനെയും പ്രതിപക്ഷ എംഎൽഎമാർ അസഭ്യം പറഞ്ഞെന്നും ആക്രമിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് വനിതാ വാച്ച് ആൻഡ് വാർഡ് പരാതി നൽകിയത്. ഐപിസി 143, 147, 149, 294(ബി), 333, 506, 326, 353 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
അടിയന്തരപ്രമേയത്തിന് തുടർച്ചയായി അനുമതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാക്കൾ സമരം ചെയ്തിരുന്നു. സ്പീക്കറുടെ ഓഫീസിന് മുന്നിൽ വനിത എംഎൽഎമാർ ഉൾപ്പെടെ നടത്തിയ കുത്തിയിരിപ്പ് സമരമാണ് സംഘർഷത്തിൽ കലാശിച്ചത്. കുത്തിയിരിപ്പ് സമരം പുരോഗമിക്കവെ എത്തിയ സുരക്ഷാ ജീവനക്കാരായ വാച്ച് ആൻഡ് വാർഡ് പ്രതിപക്ഷ എംഎൽഎമാരെ വലിച്ചിഴച്ചു. വലിയ ബലപ്രയോഗത്തിനൊടുവിലാണ് എംഎൽഎമാരെ സ്ഥലത്ത് നിന്ന് മാറ്റിയത്. ഇതോടെ വൻ സംഘർഷമാണ് ഉടലെടുത്തത്.
വാച്ച് ആൻഡ് വാർഡുമായുണ്ടായ സംഘർഷത്തിന് പിന്നാലെ പരിക്കേറ്റ ടി.വി ഇബ്രാഹിം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ടി.വി ഇബ്രാഹിമിന് പുറമെ, എ.കെ.എം അഷറഫിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൈക്കുഴയ്ക്ക് പരിക്കേറ്റ കെ.കെ രമ എംഎൽഎയ്ക്ക് പ്ലാസ്റ്റർ ഇടേണ്ടി വന്നു. സംഭവത്തിന് പിന്നാലെ വാച്ച് ആൻഡ് വാർഡിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തിയിരുന്നു. ഒരു പ്രകോപനവുമില്ലാതെയാണ് വാച്ച് ആൻഡ് വാർഡ് ആക്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, പ്രതിപക്ഷ എംഎൽഎമാർ ആക്രമിച്ചതായി വാച്ച് ആൻഡ് വാർഡും ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...