തിരുവനന്തപുരം: കേരളത്തിലെ ഹിന്ദുക്കൾക്ക് രാഷ്ട്രീയ ബോധം കുറവാണെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്‍. അതുകൊണ്ടാണ് കേരളത്തിൽ സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രന്‍ പരാജയപ്പെടേണ്ടി വന്നത്. ഇവിടുത്തെ ഹിന്ദുക്കൾ ലീഗിന് വോട്ട് ചെയ്യും, കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യും, അവരെ തകർക്കുന്ന ആൾക്കാർക്കെല്ലാം വോട്ടു ചെയ്യും എന്നാണ് ഗോപാലകൃഷ്ണന്‍ പ്രതികരിച്ചത്.
അദ്ദേഹത്തിന്റെ വാക്കുകൾ...
'ഈ നാട്ടിലെ ഹിന്ദുക്കള്‍ ലീഗിനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും വോട്ട് ചെയ്യും. അവരുടെ അടിസ്ഥാനം, അവരെ തകര്‍ക്കുന്ന ആള്‍ക്കാര്‍ക്ക് വോട്ടു ചെയ്യും. വേണമെങ്കില്‍ എന്‍.ഡി.എഫിന്റെ കൂടെയും പോകും. അത്തരത്തിൽ കുറേ ഹിന്ദുക്കളുണ്ട്. ഞാന്‍ അതില്‍ നിഷേധം ഒന്നും പറയുന്നില്ല.
എന്നാൽ ഹിന്ദുക്കൾ അങ്ങനെ അല്ലായിരുന്നു എങ്കിൽ ഇന്ന് വയനാട്ടില്‍ ശക്തമായിട്ടുള്ള ലീഗിന്റെ സ്വാധീനം പോലെ, ഈ കേരളത്തില്‍ പലയിടത്തും വന്നേനെ. ആ കാര്യത്തിൽ ഒരു കുറവ് സംഭവിച്ചിട്ടുണ്ട്. ഹിന്ദുക്കള്‍ക്ക് ഇപ്പോഴും രാഷ്ട്രീയബോധം കുറവാണ് എന്നത് ഞാൻ അംഗീകരിക്കുന്നു. ആ രാഷ്ട്രീയബോധം കുറവായതു കൊണ്ടാണ് സുരേന്ദ്രന് പരാജയപ്പെടേണ്ടി വന്നത്', ഗോപാലകൃഷ്ണന്‍ പറഞ്ഞു.
അതേസമയം സിനിമാ സംവിധായകൻ രാജസേനൻ ബിജെപി വിട്ട് സിപിഎമ്മിലേക്ക് പോകുകയാണെന്ന് പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി രാജസേനൻ തിരുവനന്തപുരത്തെ എകെജി സെന്ററിൽ വച്ച് ഇന്ന് ചർച്ച നടത്തി. സിപിഎംൽ ഇന്ന് തന്നെ പ്രവേശിക്കുമെന്നാണ് ലഭിക്കുന്ന സൂചന. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥിയടക്കമായിട്ടുള്ള വ്യക്തിയാണ് രാജസേനൻ.
ബിജെപിയുടെ സംസ്ഥാന നേതൃത്വം അവഗണിച്ചു എന്ന് ആരോപിച്ചാണ് പാർട്ടി രാജസേനൻ പാർട്ടി വിടുന്നത്. ഒരു കലാകാരൻ എന്ന നിലയിലും പാർട്ടി പ്രവർത്തകൻ എന്ന നിലയിലും തനിക്ക് ബിജെപിയിൽ പരിഗണന കിട്ടാത്തതിനെ തുടർന്നാണ് സിപിഎമ്മുമായി സഹകരിക്കാൻ തീരുമാനിച്ചതെന്ന് രാജസേനൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ബിജെപിയുടെ സംസ്ഥാന ഘടകത്തിൽ ഏറെ പോരായ്മകളുണ്ട്. കലാകാരന്മാർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്ന പാർട്ടി സിപിഎമ്മാണ്. അവഗണന ആവർത്തിക്കപ്പെട്ടതോടെയാണ് രാജിയെന്നും ബിജെപി സംസ്ഥാന കമ്മിറ്റി അംഗത്വം ഇന്ന് രാജിവെക്കുമെന്നും രാജസേനൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...